വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയില്‍ തുടരുകയോ ഏതെങ്കിലും വിധത്തിലുള്ള വിസ തട്ടിപ്പുകള്‍ നടത്തി അമേരിക്കയില്‍ തുടരുകയോ ചെയ്യുന്ന ഇന്ത്യാക്കാര്‍ സൂക്ഷിക്കുക; കടുത്ത ശിക്ഷ നേരിടേണ്ടി വരും; ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി
ന്യുയോര്‍ക്ക്: വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയില്‍ തുടരുകയോ അല്ലെങ്കില്‍, ഏതെങ്കിലും വിധത്തിലുള്ള വിസ തട്ടിപ്പുകള്‍ നടത്തി അമേരിക്കയില്‍ തുടരുകയോ ചെയ്യുന്ന ഇന്ത്യാക്കാര്‍ക്കായി മുന്നറിയിപ്പുമായി ഇന്ത്യയില്‍ അമേരിക്കന്‍ എംബസി. എക്സില്‍ നല്‍കിയ ചെറിയ കുറിപ്പിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പടെ ഗുരുതരമായ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.
അടുത്തകാലത്ത്, ലോസ് ഏഞ്ചലസില്‍ നിന്നും കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച ട്രംപിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഈ മാസം തന്നെ വിസയുമായും കുടിയേറ്റവുമായി ബന്ധപ്പെട്ട് ഒന്നിലധികം കുറിപ്പുകള്‍ ഇന്ത്യയിലെ അമേരിക്കന്‍ ഏജന്‍സി പുറത്തിറക്കിയിരുന്നു. യു എസ് വിസ ഒരു ഔദാര്യം മാത്രമാണെന്നും, അവകാശമല്ലെന്നും ജൂണ്‍ 19 ന് ഇറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ എംബസി പറഞ്ഞിരുന്നു. വിസ അനുവദിച്ചാല്‍ ഉടന്‍ തന്നെ അതുമായി ബന്ധപ്പെട്ട പരിശോധനകള്‍ അവസാനിക്കുന്നില്ലെന്നും എത് സമയത്തും അത് പിന്‍വലിക്കാവുന്നതാണെന്നും ആ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
സ്ടുഡന്റ് വിസയിലോ, സന്ദര്‍ശക വിസയിലോ അമേരിക്കയില്‍ ആയിരിക്കുമ്പോള്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതോ, മറ്റ് ഏതെങ്കിലും അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുന്നതോ ഭാവിയില്‍ വിസ ലഭിക്കുന്നതിന് തടസ്സമായേക്കും എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കയിലെത്തുന്നവരെ സ്വാഗതം ചെയ്യുമെന്ന് അതിനു മുന്‍പ് ഇറക്കിയ മറ്റൊരു പ്രസ്താവനയില്‍ അമേരിക്കന്‍ എംബസി പറഞ്ഞിരുന്നു.
എന്നാല്‍, നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തുകയോ, വിസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവരോട് കര്‍ശന സമീപം സ്വീകരിക്കുമെന്നും എംബസി പറഞ്ഞിരുന്നു.