പല സ്ഥാപനങ്ങളും ഇ- വിസ ഐഡന്റിറ്റി ഡോക്യുമെന്റായി സ്വീകരിക്കുന്നില്ല; ഹോം ഓഫീസിന്റെ ഏജസികള്‍ക്ക് പോലും മടി; കൊട്ടിഘോഷിച്ചു തുടങ്ങിയ ഈ വിസയില്‍ സകലയിടത്തും ആശയക്കുഴപ്പങ്ങള്‍ മാത്രം; എയര്‍പോര്‍ട്ടുകളില്‍ പ്രശ്‌നങ്ങള്‍ തുടരുന്നു; ബ്രിട്ടണില്‍ കാര്യങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: ആയിരക്കണക്കിന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന, ബ്രിട്ടണിലെ ഹോം ഓഫീസ് സ്പോണ്‍സര്‍ ചെയ്യുന്ന ഏജന്‍സി, പുതിയതായി ജോലിക്ക് അപേക്ഷിക്കുന്നവരില്‍ നിന്നും ഇ വിസ ഐഡന്റിറ്റി പ്രൂഫ് ആയി സ്വീകരിക്കുന്നില്ല എന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ താമസിക്കുന്നതിനും, വീട് വാടകയ്ക്ക് എടുക്കുന്നതിനും, ജോലി ചെയ്യുന്നതിനും, ബെനെഫിറ്റുകള്‍ നേടുന്നതിനുമുള്ള രേഖയായ ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റിന് പകരമായി കൊണ്ടു വന്ന ബദല്‍ സംവിധാനമാണ് ഇ - വിസ. ഏറെ പ്രശ്നങ്ങളോടെയായിരുന്നു ഇതിന്റെ തുടക്കം.
നേരത്തെ ചില ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇ വിസ ഐഡന്റിറ്റി തെളിവായി സ്വീകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ സോളിസിറ്റേഴ്സ് റെഗുലേറ്ററി അഥോറിറ്റിയും ഇത് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിന് വിസമ്മതിച്ചിരുന്നു. ചൈല്‍ഡ് ബെനെഫിറ്റുകള്‍ ലഭിക്കുന്നവരില്‍ ചിലര്‍ തിരിച്ചറിയല്‍ രേഖയായി ഇ വിസ നല്‍കിയത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ നിരാകരിച്ചതായി നേരത്തെ ചില എന്‍ ജി ഒകളും ആരോപണം ഉയര്‍ത്തിയിരുന്നു.
അതേസമയം, ഇ വിസ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിന് മുന്‍പായി സെക്യൂരിറ്റി ഇന്‍ഡസ്ട്രി അഥോറിറ്റിയുടെ പ്രവര്‍ത്തന രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. അതുകഴിഞ്ഞ് മാത്രമേ അപേക്ഷകള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖയായി ഇ വിസയും സ്വീകരിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ജോലിക്കായി അപേക്ഷിക്കുന്നതില്‍ പലര്‍ക്കും ഇ വിസ അല്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇല്ല എന്നതിനാല്‍ അവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാനുമാകുന്നില്ല.
കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ഗാര്‍ഡുകള്‍, സി സി ടി വി ഓപ്പറേറ്റര്‍മാര്‍, ഡോര്‍ സൂപ്പര്‍വൈസര്‍ എന്നീ വിഭാഗങ്ങളിലായി 4,51,000 പേര്‍ക്കാണ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി അഥോറിറ്റി ലൈസന്‍സ് നല്‍കിയത്. ഇമിഗ്രേഷന്‍ സ്റ്റാറ്റസ്സിനുള്ള തെളിവായി ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഇ വിസ സ്വീകരിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഹോം ഓഫീസിന്റെ കീഴിലുള്ള പല സ്ഥാപനങ്ങളും ഇത് ഇമിഗ്രേഷന്‍ സ്റ്റാറ്റസിനുള്ള തെളിവായി സ്വീകരിക്കാത്തത് ഭാവിയില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം എന്ന് നിയമജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമപരമായി ബ്രിട്ടനില്‍ തുടരാന്‍ അവകാശമുള്ളവരോട് പോലും ഒരു ദിവസം നിങ്ങള്‍ക്ക് അതിനുള്ള് അവകാശം ഇല്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടായേക്കാം.
ഈ വിസ ആരംഭിച്ച് കേവലം ആറ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇത്രയധികം പേര്‍ അതുകൊണ്ട് ദുരിതം അനുഭവിക്കുന്നുവെങ്കില്‍, കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്ഥിതി എന്താവുമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഈ വിസയുമായി ബന്ധപ്പെട്ട് എങ്ങും ആശയക്കുഴപ്പമാണ് നിഴലിക്കുന്നത്. ഇതിനെ സംബന്ധിച്ച ഒരു സ്വതന്ത്ര വിശകലനം നടത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്.അതേസമയം, ഇ വിസ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിനുള്ള രേഖയായി തങ്ങള്‍ സ്വീകരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് വക്താവ് അറിയിച്ചു.