'സന്തോഷത്തിന്റെ ദിനമായിരിക്കും അത്': ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്

ഗസ്സയില്‍ സമാധാനത്തിന്റെ വെള്ളക്കൊടി

Update: 2025-10-09 18:34 GMT

വാഷിംഗ്ടണ്‍: ഗസ്സയില്‍ സമാധാനത്തിന്റെ വെള്ളക്കൊടി ഉയരുകയാണ്. ഇസ്രയേലിന്റെ മന്ത്രിസഭയും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭയും അംഗീകരിച്ചാല്‍ 24 മണിക്കൂറിനകം ഗസ്സയിലെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ബിബിസിയോട് പറഞ്ഞു. ഈജിപ്റ്റില്‍ ഇസ്രയേലും ഹമാസും തമ്മില്‍ കരാറിന്റെ ആദ്യ ഘട്ടം ഒപ്പിട്ടുകഴിഞ്ഞു. കരാര്‍ ഒപ്പിട്ടത് ആഘോഷിക്കാന്‍ താന്‍ പശ്ചിമേഷ്യയിലേക്ക് യാത്ര തിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ് അറിയിച്ചു.

'സന്തോഷത്തിന്റെ ദിനമായിരിക്കും അതെന്ന്' ട്രംപ് പറഞ്ഞു. ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാരെദ് കുഷ്‌നറും ഇസ്രയേലില്‍ എത്തി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഇസ്രയേല്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുകയും ഇസ്രയേല്‍ സേന ഗസ്സയുടെ ഭാഗങ്ങളില്‍ നിന്ന് പിന്മാറുകയും ദുരിതാശ്വാസ ട്രക്കുകള്‍ ഗസ്സയില്‍ പ്രവേശിക്കുകയും ചെയ്യും.

ട്രംപ് എന്നാണ് പശ്ചിമേഷ്യ സന്ദര്‍ശിക്കുക എന്നത് വ്യക്തമല്ല. എന്തായാലും ഹമാസും ഇസ്രയേലും തമ്മില്‍ സമാധാന കരാറില്‍ എത്തില്ലെന്ന് കരുതിയ സംശയാലുക്കളുടെ മുന്‍വിധികള്‍ അസ്ഥാനത്തായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പ്രതിനിധി സഭയായ നെസറ്റില്‍ സംസാരിക്കാമെന്ന് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും .യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതും, 251 പേരെ ബന്ദികളാക്കിയതും പരാമര്‍ശിച്ച ട്രംപ് ഗസ്സയില്‍ 70,00 ജീവനുകള്‍ പൊലിഞ്ഞതും പരാമര്‍ശിക്കാതിരുന്നില്ല. ഈജിപ്റ്റില്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ ഒരുവട്ടം കൂടി ഒപ്പിടല്‍ ചടങ്ങ് ഉണ്ടാകുമെന്നാണ് സൂചന.

'

ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നും ട്രംപ് വ്യക്തമാക്കി. 'അവരെ തിരികെ ലഭിക്കുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അതിനായി അവര്‍ക്ക് എന്തുചെയ്യേണ്ടി വരുമെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ചില ഇടങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്,' അദ്ദേഹം വിശദീകരിച്ചു. മധ്യേഷ്യയിലേക്കുള്ള യാത്രയുടെ കൃത്യമായ സമയവും മറ്റ് വിശദാംശങ്ങളും തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ഉടന്‍ തന്നെ യാത്രയുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.

സമാധാന കരാറിലെ ട്രംപിന്റെ പങ്കിനെ സെനറ്റര്‍ മാര്‍ക്കോ റൂബിയോ പ്രശംസിച്ചു. ഒരു മാസം മുമ്പ് ആരും ഇത് സാധ്യമാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News