അലി ലാരിജാനി കൊല്ലപ്പെടുമ്പോള്‍ അമേരിക്കയില്‍ പുതിയ വിവാദം; മകള്‍ ഫാത്തിമ ലാരിജാനിക്ക് അമേരിക്കയില്‍ ജോലി; ലാരിജാനി വധം ഇറാന് കനത്ത തിരിച്ചടി; യുദ്ധതന്ത്രം മെനയാന്‍ പിന്‍ഗാമിയാകുന്നത് സഈദ് ജലീലി; മുന്‍ഗാമിയേക്കാള്‍ കര്‍ക്കശകാരനെന്ന് വിലയിരുത്തല്‍

അലി ലാരിജാനി കൊല്ലപ്പെടുമ്പോള്‍ അമേരിക്കയില്‍ പുതിയ വിവാദം

Update: 2026-03-20 04:56 GMT

വാഷിങ്ടന്‍/ടെഹ്‌റാന്‍: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുന്‍ പാര്‍ലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതോടെ ഇറാന്‍ യുദ്ധമുഖത്ത് കനത്തതിരിച്ചടി നേരിട്ടിരിക്കയാണ്. ആകെ തകര്‍ന്ന അവസ്ഥയിലാണ് ഇറാന്റെ കാര്യങ്ങള്‍. ഇതിനിടെ ലാരിജാനി വധം അമേരിക്കയില്‍ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. അമേരിക്കയെ പരസ്യമായി ശത്രുവായി പ്രഖ്യാപിക്കുമ്പോഴും ലാരിജാനിയുടെ കുടുംബത്തിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം പുറത്തുവന്നതാണ് വിവാദമായിരിക്കുന്നത്.

ലാരിജാനിയുടെ മകള്‍ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡന്‍ ഭരണകൂടം 2021ല്‍ ഗ്രീന്‍ കാര്‍ഡ് നല്‍കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. 2017ല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഫാത്തിമ ലാരിജാനിക്ക് 2021ലാണ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചത്. ജോര്‍ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായി ഇവര്‍ ജോലി ചെയ്തിരുന്നു.

ഇറാന്‍ ഭരണകൂടം സ്വന്തം നാട്ടില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതില്‍ ലാരിജാനി വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി, ഫാത്തിമയെ ജോലിയില്‍ നിന്ന് നീക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഇവരെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കി. ലാരിജാനിയുടെ സഹോദരന് കാനഡയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിരുന്നു. മറ്റൊരു ബന്ധു ബ്രിട്ടനില്‍ പ്രഫസറായി ജോലി ചെയ്യുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നാശം പരസ്യമായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുടെ കുടുംബം അതേ രാജ്യങ്ങളില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്നു എന്നതാണ് വിചിത്രം.

അതേസമയം അലി ലാരിജാനിയുടെ പിന്‍ഗാമിയായി സഈദ് ജലീലിയെ നിയോഗിച്ചേക്കുമെന്നാണ് റിപ്പേര്‍ട്ടുകള്‍. ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി സഈദ് ജലീലിയെ നിയോഗിക്കുന്ന ഉത്തരവില്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ഒപ്പുവെച്ചതായാണ് വിവരം.

സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ എന്നതടക്കം ഇറാന്‍ ഭരണകൂടത്തിന്റെ വിവിധ ഉന്നത പദവികളില്‍ സേവനമനുഷ്ഠിച്ച നേതാവാണ് സഈദ് ജലീലി. ഇറാന്റെ ആണവ ചര്‍ച്ചാ സംഘത്തിന്റെ അധ്യക്ഷനുമായിരുന്നു. ആണവ പദ്ധതിയുടെ മുഖ്യ നയകൈകാര്യ തന്ത്രജ്ഞന്‍ എന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരില്‍ അദ്ദേഹത്തിന്റെ കാലയളവ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇറാനിയന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വിപുല ബന്ധങ്ങളുടെ ഉടമയാണ്. അടുത്തിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ മസൂദ് പെസഷ്‌കിയാന്റെ എതിരാളിയായിരുന്നു ജലീലി.

ഇറാനിലെ റസാവി ഖുറാസാന്‍ പ്രവിശ്യയിലെ മഷാദില്‍ കുര്‍ദ് വംശജനായ പിതാവിന്റെയും അസര്‍ബൈജാനിയായ മാതാവിന്റെയും മകനായി 1965 സെപ്റ്റംബര്‍ ആറിനാണ് ജനനം. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 'ഓപറേഷന്‍ കര്‍ബല 5' ല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വലതുകാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റപ്പെട്ടു. ഇക്കാരണത്താല്‍ 'ജീവിക്കുന്ന രക്തസാക്ഷി' എന്ന വിളിപ്പേരു ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്.ഡി നേടിയ അദ്ദേഹം, ഇമാം സാദിഖ് യൂനിവേഴ്‌സിറ്റിയില്‍ 'പ്രൊഫറ്റ്‌സ് ഡിപ്ലോമസി' എന്ന വിഷയം പഠിപ്പിച്ചു.

ഇറാന്‍ ദേശീയ സുരക്ഷ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രായേല്‍ നടപടിയെ അപലപിച്ച് ചൈന രംഗത്തുണ്ട്. ഇറാനിയന്‍ നേതാക്കളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ തെഹ്‌റാന്‍ നടത്തിയ ആക്രമണങ്ങളെയും ചൈന വിമര്‍ശിച്ചു. 'അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബലപ്രയോഗത്തെ ഞങ്ങള്‍ എന്നും എതിര്‍ക്കുകയാണ് ചെയ്തത്. ഇറാനിയന്‍ രാഷ്ട്ര നേതാക്കളെ വധിക്കുകയും സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല' -ലിന്‍ ജിയാന്‍ പിറഞ്ഞു.

Tags:    

Similar News