ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്ക; ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന്റെ ഭീഷണി; യുദ്ധസജ്ജമായി ഡെന്മാര്‍ക്ക്; സ്‌ഫോടകവസ്തുക്കളും രക്തശേഖരവുമായി ഡെന്‍മാര്‍ക്ക് സൈന്യം അതിര്‍ത്തിയില്‍; ഇറാനൊപ്പം അമേരിക്ക ഗ്രീന്‍ലാന്‍ഡിലും സൈനിക നീക്കത്തിനോ? യുഎസ് അധിനിവേശം അനുവദിക്കില്ലെന്ന് ഗ്രീന്‍ ലാന്‍ഡ്
ഗ്രീന്‍ലാന്‍ഡ് ദ്വീപ് പിടിച്ചെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്യ ഭീഷണിക്ക് പിന്നാലെ, യുഎസുമായി ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് ഡെന്മാര്‍ക്ക് തയ്യാറെടുത്തിരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് നടത്തിയ 'ഹാര്‍ഡ് വേ' പരാമര്‍ശത്തെത്തുടര്‍ന്ന്, ഗ്രീന്‍ലാന്‍ഡിലെ റണ്‍വേകള്‍ തകര്‍ക്കാനുള്ള സ്‌ഫോടകവസ്തുക്കളും പരിക്കേല്‍ക്കുന്ന സൈനികര്‍ക്കായി രക്തശേഖരവും ഡെന്മാര്‍ക്ക് വിമാനമാര്‍ഗ്ഗം ദ്വീപിലെത്തിച്ചതായി ഡാനിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ഡി.ആര്‍ റിപ്പോര്‍ട്ട് ചെയ്തു.
1940 ഏപ്രിലിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണിതെന്ന് ഡാനിഷ് പ്രതിരോധ വൃത്തങ്ങള്‍ വിശേഷിപ്പിച്ചു. അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയ സംഭവം യൂറോപ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. വെനസ്വേലയില്‍ സംഭവിച്ചത് ഗ്രീന്‍ലാന്‍ഡിലും ആവര്‍ത്തിക്കുമെന്ന് ഭയന്നാണ് ഡെന്മാര്‍ക്ക് അടിയന്തര പ്രതിരോധ നടപടികളിലേക്ക് കടന്നത്. റഷ്യന്‍, ചൈനീസ് കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡ് ലക്ഷ്യമിടുന്നുണ്ടെന്നും ദേശീയ സുരക്ഷയ്ക്കായി ദ്വീപ് അമേരിക്കയ്ക്ക് വേണമെന്നുമാണ് ട്രംപ് വാദിച്ചത്.
രണ്ട് മാസത്തിനുള്ളില്‍ ഗ്രീന്‍ലാന്‍ഡ് വിഷയം 'പരിഹരിക്കുമെന്നും' അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. അമേരിക്കന്‍ അധിനിവേശം തടയാന്‍ ഫ്രാന്‍സ്, ജര്‍മ്മനി, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഡെന്മാര്‍ക്ക് ഒരു യൂറോപ്യന്‍ സഖ്യം രൂപീകരിച്ചു. 'ഓപ്പറേഷന്‍ ആര്‍ട്ടിക് എന്‍ഡുറന്‍സ്' എന്ന പേരില്‍ ഒരു സംയുക്ത സൈനികാഭ്യാസം എന്ന നിലയിലാണ് സൈന്യത്തെ വിന്യസിച്ചതെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇത് യുഎസ് അധിനിവേശത്തെ നേരിടാനുള്ള നീക്കമായിരുന്നു. ന്യൂക്ക് , കാംഗര്‍ലൂസുവക് എന്നിവിടങ്ങളില്‍ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും സായുധ സൈനികരെയും വിന്യസിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഒരു നിരീക്ഷണ ഉദ്യോഗസ്ഥനെ അയച്ചപ്പോള്‍, കര-വ്യോമ-നാവിക സേനകളെ അയച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായ പിന്തുണ നല്‍കി. യൂറോപ്യന്‍ സഖ്യം ഗ്രീന്‍ലാന്‍ഡില്‍ നിലയുറപ്പിച്ചത് അറിഞ്ഞ ട്രംപ്, സഖ്യകക്ഷികള്‍ 'അപകടകരമായ കളി' കളിക്കുകയാണെന്ന് ആരോപിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ വ്യാപാര നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാല്‍, സൈനികമായ ചെറുത്തുനില്‍പ്പിനുള്ള സാധ്യത കണക്കിലെടുത്ത് ട്രംപ് പിന്നീട് ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി.
പകരം 'അടിയന്തര ചര്‍ച്ചകളിലൂടെ' ഒരു ഒത്തുതീര്‍പ്പിലെത്താനാണ് ഇപ്പോള്‍ അമേരിക്ക ലക്ഷ്യമിടുന്നത്. അതേ സമയം ഇറാന്റെ നേര്‍ക്ക് അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉടനെ ഗ്രാന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തില്ലെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ക്യൂബ പിടിച്ചെടുക്കാന്‍ അമേരിക്ക അടുത്തതായി ശ്രമം നടത്തും എന്നാണ് റിപ്പോര്‍ട്ട്. ക്യൂബയുടെ ഇപ്പോഴത്തെ സ്ഥിതി മോശമായ സാഹചര്യത്തില്‍ അത് കൂടി ഫലപ്രദമായി മുതലെടുക്കാനാണ് അമേരിക്കയുടെ ശ്രമം എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
