ഇറാനില്‍ വീണ്ടും ഭരണകൂട ഭീകരത; പ്രതിഷേധത്തില്‍ പങ്കെടുത്ത ഗുസ്തി താരം ഉള്‍പ്പെടെ മൂന്ന് യുവാക്കളെ പരസ്യമായി തൂക്കിലേറ്റി

Update: 2026-03-20 03:25 GMT

ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ ഭരണകൂടം പരസ്യമായി തൂക്കിലേറ്റി. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ പത്തൊമ്പതുകാരനായ ഗുസ്തി താരം സാലിഹ് മുഹമ്മദി, മെഹ്ദി ഖാസെമി, സയീദ് ദാവൂദി എന്നിവരെയാണ് വ്യാഴാഴ്ച ക്വാം നഗരത്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ജനുവരി എട്ടിന് നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ശിക്ഷ. എന്നാല്‍ ഇവരെ ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.

ഇത്തരത്തില്‍ നിര്‍ബന്ധപൂര്‍വ്വം സമ്മതിപ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആഴ്ച 19 വയസ്സ് തികഞ്ഞ സാലിഹ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ച തികയുന്നതിന് മുമ്പാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. താന്‍ നിരപരാധിയാണെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയാണ് കുറ്റസമ്മതം നടത്തിച്ചതെന്നും സാലിഹ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകാതെയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. 'ദൈവത്തിനെതിരെ യുദ്ധം ചെയ്തു' എന്ന കുറ്റമാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത് എന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മിസാന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ അവസാനം വിലക്കയറ്റത്തിനെതിരെ തുടങ്ങിയ പ്രതിഷേധം പിന്നീട് ഇറാന്‍ പരമാധികാരി അയത്തുള്ള അലി ഖമേനിയുടെ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തിയ നീക്കങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,000 പേര്‍ മരിച്ചുവെന്ന് ഇറാന്‍ സമ്മതിക്കുന്നുണ്ടെങ്കിലും, എണ്ണായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ 'ഹരാന' വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ടവരില്‍ 220 കുട്ടികളും ഉള്‍പ്പെടുന്നു. പ്രതിഷേധത്തിനിടെ അറസ്റ്റിലാകുന്നവര്‍ തടവറയില്‍ നേരിടുന്നത് ഭീകരമായ പീഡനങ്ങളാണ്. അജ്ഞാത മരുന്നുകള്‍ കുത്തിവെയ്ക്കുക, തണുപ്പത്ത് വിവസ്ത്രരാക്കി നിര്‍ത്തുക തുടങ്ങിയ ക്രൂരതകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി ഒമ്പതിന് അറസ്റ്റിലായ സമീറ പര്‍വരേഷ്ഖാ എന്ന യുവതി ജയില്‍ മോചിതയായി മണിക്കൂറുകള്‍ക്കകം മരിച്ചത് ഇത്തരത്തിലുള്ള പീഡനങ്ങള്‍ മൂലമാണെന്ന് സംശയിക്കുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെന്നപോലെ ഇത്തരം മരണങ്ങള്‍ ആത്മഹത്യയോ മയക്കുമരുന്ന് ഉപയോഗമോ ആണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇറാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനാണ് ഇത്തരം പരസ്യ വധശിക്ഷകള്‍ നടപ്പിലാക്കുന്നതെന്ന് നോര്‍വേ ആസ്ഥാനമായുള്ള എന്‍.ജി.ഒ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ദേശീയ സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനിയാണ് ഇത്തരത്തില്‍ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് എന്നാണ് പറയപ്പെടുന്നത്. പരമോന്നത നേതാവ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ശക്തനായ ഭരണാധികാരി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

Similar News