'ഇതുവരെ കണ്ടത് ഇറാന്റെ കരുത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്. ഞങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകളെ തൊട്ടാല്‍ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് വരെ ഇറാന്‍ വിശ്രമിക്കില്ല'; തിരിച്ചടിക്കുമെന്ന് ഇറാന്‍; അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു; ഹൈഫയില്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഇസ്രയേല്‍ പ്രതിസന്ധിയിലോ?
ടെഹ്റാന്‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാനമായ സാഹചര്യം മൂര്‍ച്ഛിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാഴ്സിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാന്‍ രംഗത്തെത്തി. അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതായും ഇസ്രായേലിലെ ഹൈഫയിലുള്ള എണ്ണശുദ്ധീകരണ ശാല മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇറാന്റെ ആകാശപരിധിയില്‍ നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന യുഎസ് എഫ്-35 യുദ്ധവിമാനത്തിന് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി തകരാര്‍ സംഭവിച്ച വിമാനം മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ അടിയന്തരമായി ഇറക്കി. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ തുറമുഖ നഗരമായ ഹൈഫയിലെ 'ബസാന്‍' എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ഇറാന്റെ മിസൈല്‍ പതിച്ചത്. ഫാക്ടറിയില്‍ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍, മിസൈല്‍ തടയുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങള്‍ വീണതാണ് തീപിടുത്തത്തിന് കാരണമെന്നും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഇറാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം 'പൂര്‍ണ്ണമായും തകര്‍ക്കുമെന്ന്' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. എന്നാല്‍ ഇസ്രായേല്‍ നടത്തിയ ആദ്യ ആക്രമണത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. 'ഇതുവരെ കണ്ടത് ഇറാന്റെ കരുത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്. ഞങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകളെ തൊട്ടാല്‍ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് വരെ ഇറാന്‍ വിശ്രമിക്കില്ല.'-ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി പ്രതികരിച്ചത് ഇങ്ങനെയാണ്.
വെറുമൊരു സൈനിക നീക്കത്തിനപ്പുറം പശ്ചിമേഷ്യന്‍ മേഖലയെ ഒരു 'പൂര്‍ണ്ണ സാമ്പത്തിക യുദ്ധത്തിലേക്ക്' നയിക്കാനാണ് ഇറാന്റെ നീക്കം. ലോകത്തെ ഇന്ധന വിപണിയെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ അമേരിക്കയെയും ഇസ്രായേലിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു. പശ്ചിമേഷ്യ വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് എന്ന് ഈ സംഭവവികാസങ്ങള്‍ അടിവരയിടുന്നു.
അതിനിടെ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിവരുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ 12 പ്രമുഖ അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തും വന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ചേര്‍ന്ന അടിയന്തര വിദേശകാര്യ മന്ത്രിതല യോഗത്തിന് ശേഷമാണ് ഇറാനെതിരെ കടുത്ത ഭാഷയിലുള്ള സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഭീഷണിയും ഇറാന്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ ആതിഥേയത്വത്തില്‍ നടന്ന യോഗത്തില്‍ മേഖലയിലെ നിര്‍ണ്ണായക ശക്തികളായ 12 രാജ്യങ്ങളാണ് ഒപ്പുവെച്ചത്:
ജി.സി.സി രാജ്യങ്ങള്‍: സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍.
മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങള്‍: ഈജിപ്ത്, ജോര്‍ദാന്‍, പാകിസ്താന്‍, തുര്‍ക്കി, അസര്‍ബൈജാന്‍, ലെബനന്‍, സിറിയ.
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സൈനിക നീക്കങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവന വ്യക്തമാക്കി. സ്വന്തം പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും, ഇറാന്റെ പ്രകോപനങ്ങള്‍ മേഖലയുടെ സമാധാനത്തിന് തുരങ്കം വെക്കുന്നതാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന് നേരെ ഇറാന്‍ നടത്തുന്ന ഭീഷണികളെ യോഗം ഗൗരവമായി ചര്‍ച്ച ചെയ്തു. ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് ഇറാന്‍ പിന്തിരിയണമെന്നാണ് സഖ്യരാജ്യങ്ങളുടെ ആവശ്യം.
