ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയിരിക്കുന്നത് അനേകം ബിസിനസ്സുകാരും യൂണിവേഴ്‌സിറ്റി വിസിമാരും അടക്കമുള്ളവരുമായി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും പ്രത്യേക വിസ നിര്‍ദേശം തള്ളി സ്റ്റര്‍മാര്‍; ചുങ്കമില്ലാതെയുള്ള ഇറക്കുമതി കരാറിന് രൂപം നല്‍കും; ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍

Update: 2025-10-09 02:21 GMT

ന്യൂഡല്‍ഹി: അടുത്തിടെ ഒപ്പുവെച്ച ഇന്തോ ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാരകരാറില്‍ നിന്നും പരമാവധി പ്രയോജനം നേടാനുള്ള ശ്രമങ്ങളുമായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി പക്ഷെ, ഇന്ത്യാക്കാര്‍ക്കായി വിസ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കില്ലെന്ന് വ്യക്തമാക്കി. നൂറിലധികം വ്യവസായ സംരംഭകര്‍, സാംസ്‌കാരിക നായകര്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവരടങ്ങിയ വലിയൊരു സംഘവുമായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. യു കെയുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, നിശ്ചലമായ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതൊക്കെയാണ് ഉദ്ദേശം.

ഇന്ത്യയുമായി വ്യാപാര - സാംസ്‌കാരിക ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ തൊഴിലാളികള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ആയി കൂടുതല്‍ വിസ റൂട്ടുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, താന്‍ ഇന്ത്യയില്‍ കണ്ട വ്യാപാര പ്രമുഖര്‍ ആരും തന്നെ വിസയെ കുറിച്ചു പരാമര്‍ശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ബ്രിട്ടീഷ് വ്യാപാര കരാറിന്റെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തി സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യു കെ യില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകളുടെയും വിസ്‌കിയുടെയും വില കുറയുമ്പോള്‍, ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളും ആഭരണങ്ങളും ഡ്യൂട്ടിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയും. ഈ കരാര്‍ വഴി ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വാണിജ്യത്തിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ കരാറിന്റെ ഭാഗമായി യു കെയില്‍ ഹ്രസ്വകാല താമസത്തിനെത്തുന്നവരെ സോഷ്യല്‍ സെക്യൂരിറ്റി പേയ്‌മെന്റില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

അതേസമയം, ബ്രിട്ടന്റെ കുടിയേറ്റ നയത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ലേബര്‍ സര്‍ക്കാര്‍. അതിനായി കുറെയേറെ കര്‍ശനമായ പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകളില്‍ ഒരിടത്തും വിസ ഒരു ചര്‍ച്ചാ വിഷയമായിട്ടില്ലെന്നും അതെ സ്ഥിതി തന്നെയാണ് ഇപ്പോള്‍ തുടരുന്നതെന്നും വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് എച്ച് 1 ബി വിസയുടെ കാര്യത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, അതിസമര്‍ത്ഥരായ സാങ്കേതിക വിദഗ്ധരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാന്‍ ബ്രിട്ടന്‍ ശ്രമിക്കുമെന്ന ചില സൂചനകളും പ്രധാനമന്ത്രി നല്‍കി. അത്തരത്തിലുള്ള നടപടികള്‍ ബ്രിട്ടന്‍ സമ്പദ്ഘടന വികസിക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര സംഘവുമായാണ് താന്‍ എത്തിയിരിക്കുന്നത് എന്ന് മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മാത്രമല്ല, 2026 മുതല്‍ യഷ് രാജ് ഫിലിംസ് യു കെയില്‍ മൂന്ന് ബോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോളിവുഡ് യു കെയില്‍ എത്തുന്നത്. ഇതും ഈ വ്യാപാര കരാറിന്റെ ഭാഗമാണെന്ന് സ്റ്റാര്‍മര്‍ പറയുന്നു. എകദേശം 3000 തൊഴില്‍ അവസരങ്ങള്‍ ഇത് ഉണ്ടാക്കും മാത്രമല്ല, യു കെ സമ്പദ്ഘടനയിലെക്ക് ലക്ഷങ്ങള്‍ ഇതുവഴി നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ഹൃദയത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് ബ്രിട്ടനുള്ളത് എന്ന് പറഞ്ഞ, യഷ് രാജ് ഫിലിംസ് സി ഇ ഒ, അക്ഷയ് വിധാനി, തന്റെ സ്റ്റുഡിയോ ബ്രിട്ടനില്‍ തിരികെ എത്തുമെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ സംഘത്തിലുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സ് പ്രതിനിധി അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹിയില്‍ നിന്നും ഹീത്രൂവിലേക്ക് മൂന്ന് പ്രതിദിന സര്‍വ്വീസുകള്‍ ആരംഭിക്കും എന്നറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കും പുതിയ സര്‍വ്വീസ് തുടങ്ങും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ സ്റ്റാര്‍മര്‍ നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. സ്റ്റാര്‍മറുടെ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടന്റെ ശത്രുവായ വ്‌ളാഡിമിര്‍ പുടിന് നരേന്ദ്ര മോദി സമൂഹമാധ്യമത്തിലൂടെ ഊഷ്മളമായ ജന്മദിനാശംസകള്‍ നേര്‍ന്നത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുമോ എന്ന ചോദ്യത്തിന് നിയന്ത്രണമില്ലാതെ റഷ്യയില്‍ നിന്നും എണ്ണയുമായി പോകുന്ന ടാങ്കറുകളുടെ കാര്യത്തിലാണ് ബ്രിട്ടന് ആശങ്ക എന്നായിരുന്നു സ്റ്റാര്‍മറുടെ പ്രതികരണം. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനായ ജഗ്താര്‍ സിംഗിന്റെ കാര്യം ഈ സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ഇതുവരെ ഒരു ഇന്ത്യന്‍ കോടതിയും ജഗ്താര്‍ സിംഗിനെ കുറ്റക്കാരനെന്ന് വിധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത്.

Similar News