താലിബാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന്റെ സ്ത്രീവിരുദ്ധത ഇന്ത്യന്‍ മണ്ണിലുമോ എന്ന് ചോദ്യം; പ്രമുഖ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധം

താലിബാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ വനിതകള്‍ക്ക് വിലക്ക്

Update: 2025-10-10 18:24 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. 'ദി ഇന്‍ഡിപെന്‍ഡന്റ്' ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിലെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ചതായാണ് ആക്ഷേപം.

ഈ സംഭവം താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഇത്തരം വിവേചനപരമായ നയങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നത് അപലപനീയമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. താലിബാന്‍ മന്ത്രിക്ക് സ്ത്രീകളോടുള്ള വിവേചനം ഇന്ത്യന്‍ മണ്ണില്‍ പ്രയോഗിക്കാനുള്ള അനുവാദം ലഭിച്ചതിനെയും വിമര്‍ശകര്‍ പരിഹസിക്കുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുകയാണ്. കാബൂളില്‍ എംബസി പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹായം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

Tags:    

Similar News