മധ്യവയസ്‌ക്കനായ ഭര്‍ത്താവും ഭാര്യയായ ആറ് വയസുകാരിയായ ഭാര്യയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍; അഫ്ഗാനില്‍ ഇപ്പോഴും ശൈശവ വിവാഹം; ആ സാമൂഹിക വിപത്ത് താലിബാന്‍ രാജ്യത്ത് വീണ്ടും ഉയരുമ്പോള്‍

Update: 2025-07-07 05:41 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരാറുണ്ട്. ദാരിദ്യം കൊണ്ട് വലയുന്ന ചില കുടുംബങ്ങള്‍ പണത്തിന് വേണ്ടിയാണ് ചെറിയ പെണ്‍കുട്ടികളെ വൃദ്ധന്‍മാര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ പണത്തിനു വേണ്ടി ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വീ്ട്ടുകാര്‍ 45 സ്സുള്ള ഒരാളുമായി വിവാഹം കഴിപ്പിച്ചതായി പരാതി ഉയര്‍ന്നു.

മധ്യവയസ്‌ക്കനായ ഭര്‍ത്താവും ഭാര്യയായ ആറ് വയസുകാരിയായ ഭാര്യയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ സമയം നേരത്ത ഇത്തരം അനാചാരങ്ങളെ അനുകൂലിച്ചിരുന്ന താലിബാന്‍ സംഘടന ഇതിനെതിരെ രംഗത്ത് വന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇക്കാര്യത്തില്‍ താലിബാന്‍ ശക്തമായി തന്നെ ഇടപെട്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ഭാര്യമാരുള്ള വ്യക്തിക്കാണ് പണത്തിന് വേണ്ടി മാത്രം പെണ്‍കുട്ടിയുടെ അച്ഛന്‍ മകളെ വിവാഹം കഴിപ്പിച്ചു കൊടുത്തത്. ഒരുപ്രാദേശിക ടി.വി.ചാനലാണ് ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത്.

ഹെല്‍മണ്ട് പ്രവിശ്യയില്‍ വെള്ളിയാഴ്ച വിവാഹം നടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താലിബാന്‍ ഇടപെട്ട് ഇതില്‍ ഉള്‍പ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ അവള്‍ക്ക് ഒമ്പത് വയസാകുന്നത് വരെ കാത്തിരിക്കണമെന്ന് താലിബന്‍ ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. 2021 ല്‍ താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിനുശേഷം അഫ്ഗാനിസ്ഥാനില്‍ ശൈശവ വിവാഹങ്ങളില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടായതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനില്‍ രാജ്യത്തുടനീളം പ്രസവത്തില്‍ 45 ശതമാനം വര്‍ധനവ് ഉണ്ടായതായും അവര്‍ വ്യക്തമാക്കിയിരുന്നു. താലിബാന്‍ അധികാരത്തില്‍ വന്ന കാലഘട്ടത്തില്‍ 55 വയസുളള ഒരു പുരുഷന് ബാലവധുവായി ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ തെരഞ്ഞടുത്ത സംഭവത്തില്‍ അമേരിക്ക ശക്തമായി ഇടപെട്ടിരുന്നു. 1,600 പൗണ്ടിന് തുല്യമായ ഭൂമി, ആടുകള്‍, പണം എന്നിവയ്ക്കാണ് ഖോര്‍ബാന്‍ എന്ന വ്യക്തിക്ക് അവളുടെ പിതാവ് അബ്ദുള്‍ മാലിക്ക് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത്. ഭാവിയില്‍ പഠിച്ച് ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയെ ആണ് ഇത്തരത്തില്‍ വിവാഹം കഴിപ്പിക്കാന്‍ അച്ഛന്‍ നീക്കം നടത്തിയത്. ഈ കുട്ടിയുടെ 12 കാരിയായ മൂത്ത സഹോദരിയേയും നേരത്തേ ഇത്തരത്തില്‍ വിവാഹം കഴിപ്പിച്ചിരുന്നു. താലിബാന്‍ ഭരണത്തിന് കീഴില്‍ ആണ്‍കുട്ടികളും ഇത്തരത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. ഇവര്‍ പ്രായമായ പുരുഷന്‍മാരാല്‍ ലൈംഗിക പീഡനത്തിന് വിധേരാകുകയും പിന്നീട് ലൈംഗിക അടിമകളായി മാറുന്നതും അഫ്ഗാനില്‍ സാധാരണ സംഭവങ്ങളാണ്. ബച്ചാബാസി എന്നാണ് ഈ അനാചാരം അറിയപ്പെടുന്നത്. പരസ്യമായി താലിബന്‍ ഇതിനെ എതിര്‍ക്കുകയാണ് എങ്കിലും ഇപ്പോഴും ഇതെല്ലാം നിര്‍ബാധം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ ആത്മഹത്യയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസ നിരോധനം വരും തലമുറകളില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യുണിസെഫ് നല്‍കുന്ന മുന്നറിയിപ്പ്.

Tags:    

Similar News