യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം; ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച എല്ലാ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം; യെമനും ടെഹ്റാന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്
യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം
ടെല്‍ അവീവ്: യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് ആക്രമണങ്ങള്‍ നടന്നത്. യെമനില്‍ നിന്നും ഹൂത്തികള്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഹൂത്തികള്‍ ഇസ്രായേലിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ ഇസ്രയേലിന്റെ ഇരുപതോളം യുദ്ധവിമാനങ്ങളാണ് യെമനില്‍ ആഞ്ഞടിച്ചത്. വ്യോമാക്രമണത്തില്‍ ഹൊദൈദ, റാസ് ഇസ, സാലിഫ് തുറമുഖങ്ങളും റാസ് ഖത്തീബ് പവര്‍ സ്റ്റേഷനും ഉള്‍പ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. 2023 നവംബറില്‍ ഹൂത്തികള്‍ തട്ടിക്കൊണ്ടുപോയി ഉപയോഗിച്ചിരുന്ന ഗാലക്സി ലീഡര്‍ എന്ന കപ്പലിലും വ്യോമാക്രമണം നടന്നതായി ഇസ്രയേല്‍ വെളിപ്പെടുത്തി. കപ്പല്‍ തട്ടിയെടുക്കുന്ന സമയത്ത് ഫിലിപ്പീന്‍സ്, ബള്‍ഗേറിയ, റൊമാനിയ, ഉക്രെയ്ന്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള 25 ജീവനക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്.
ഇവരെ ഒരു വര്‍ഷത്തിലേറെ കാലം ബന്ദികളാക്കിയ ശേഷം ഈ വര്‍ഷം ജനുവരിയിലാണ് മോചിപ്പിച്ചത്. എന്നാല്‍ ഹൂത്തികള്‍ കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഈ കപ്പലില്‍ സ്വന്തമായി റഡാര്‍ ഘടിപ്പിച്ച് ചെങ്കടലിലൂടെ കടന്ന്
പോകുന്ന ചരക്ക് കപ്പലുകളെ ട്രാക്ക് ചെയ്ത് ആക്രമിക്കുകയായിരുന്നു ഹൂത്തികള്‍. ഇറാന്റെ പിന്തുണയോടെ ഹൂത്തി ഭരണകൂടം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന എല്ലാ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആഗോള കപ്പല്‍ ഗതാഗതത്തിനും ഇവര്‍ വലിയ തോതില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
ഹൂത്തികളുടെ അമ്പതോളം കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇസ്രായേലില്‍ ഹൂത്തികള്‍ നിരന്തരമായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച, ഹൂത്തികള്‍ ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയിരുന്നു. ജറുസലേമിന്റെ മിക്ക ഭാഗങ്ങളിലും ബെന്‍ ഗുരിയോണ്‍ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ ഇതേ തുടര്‍ന്ന് മുഴങ്ങിയിരുന്നു. എന്നാല്‍ മിസൈലുകള്‍ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു.
അതിനിടെ യെമനും ടെഹ്റാന്റെ ഗതി വരും എന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് രംഗത്തെത്തി. തങ്ങളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതേ വിടില്ലെന്നും ഇസ്രായേലിനെതിരെ കൈ ഉയര്‍ത്തിയാല്‍ അത് വെട്ടിക്കളയും എന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഹൂത്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ ആക്രമണത്തില്‍ ഹൊദൈദയിലെ പവര്‍സ്റ്റേഷന്‍ തകര്‍ന്നതായി യെമന്‍ വെളിപ്പെടുത്തി. അതിനിടെ യെമന്‍ തീരത്ത് ചെങ്കടലില്‍ ചരക്കുകപ്പലിന് നേരേ ആയുധധാരികളുടെ ആക്രമണം. യെമനിലെ ഹൊദെയ്ദ തുറമുഖത്തുനിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. എട്ട് ബോട്ടുകളിലായെത്തി, ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം. 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം പതിവാണ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെയാണ് ഹൂതികള്‍ ലക്ഷ്യമിട്ടിരുന്നത്. പിന്നാലെ യുഎസ്, ബ്രിട്ടന്‍ കപ്പലുകള്‍ക്ക് നേരേയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.