റഷ്യയിലെ എണ്ണ വ്യവസായ പ്രമുഖന്‍ അപ്പാര്‍ട്ട്മെന്റിലെ മുകളില്‍ താഴെ വീണ് മരിച്ചു; ഇപ്പോള്‍ പുട്ടിന്‍ പുറത്താക്കിയ ഗതാഗത മന്ത്രിയെ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി; പുട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് അസ്വാഭാവിക മരണങ്ങള്‍; കുര്‍സ്‌കിലെ നേതാവിന് സംഭവിച്ചത് എന്ത്?

Update: 2025-07-08 05:47 GMT

മോസ്‌കോ: റഷ്യയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ പുറത്താക്കിയ ഗതാഗത മന്ത്രിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വിവാദ ചര്‍ച്ചകള്‍. റോമന്‍ സ്റ്റാരോവായിറ്റിനെ കഴിഞ്ഞ ദിവസമാണ് പുട്ടിന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ഇതിനുളള കൃത്യമായ കാരണം റഷ്യന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് സ്ററാരോവായിറ്റ് മന്ത്രിസഭയില്‍ അംഗമായത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട് നേരത്തേ ചില അഴിമതി ആരോപണങ്ങള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ആയിരിക്കാം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് എന്നാണ് കരുതപ്പെടുന്നത്.

കുര്‍സ്‌ക് മേഖലയിലെ യുക്രൈനുമായുള്ള അതിര്‍ത്തി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വന്‍ തോതിലുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സ്ററാരോവായിറ്റിന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു. അമ്പത്തിമൂന്നുകാരനായ ഇദ്ദേഹം മരിച്ച സമയത്തെ കുറിച്ചും ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സ്വന്തം ടെസ്ലാ കാറിനുള്ളിലാണ് വെടിയേറ്റ നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ററാരോവായിറ്റിന്റെ ശരീരത്തോട് ചേര്‍ന്ന നിലയില്‍ ഒരു പിസ്റ്റളും കണ്ടെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചില റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെടുത്തത് എന്നാണ്. ഒരു കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ സ്ററാരോവായിറ്റിന്റെ കറുത്ത നിറത്തിലുള്ള ടെസ്ല കാര്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാമുകിയായ പോളിന കോര്‍ണീവ് ആണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ മാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഗതാഗത മന്ത്രിയായി നിയമിതനാകുന്നതിന് മുമ്പ് അഞ്ച് വര്‍ഷത്തോളം സ്റ്റാരോവായിറ്റ് കുര്‍സ്‌ക് മേഖലയിലെ ഗവര്‍ണറായിരുന്നു.

എന്നാല്‍ ഗതാഗത മന്ത്രിയായി മൂന്ന് മാസത്തിന് ശേഷം, യുക്രെയിന്‍ സൈന്യം അതിര്‍ത്തി കടന്ന് കുര്‍സ്‌കിലേക്ക് കടന്നിരുന്നു. യുക്രൈനുമായുള്ള യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഗതാഗത മേഖലയില്‍ റഷ്യ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് സ്റ്റാരോവോയിറ്റിന്റെ പിരിച്ചുവിടല്‍ നടന്നത്. റഷ്യയിലെ വ്യോമയാന മേഖലയില്‍ സ്പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമം രൂക്ഷമാണ്. ഒപ്പം രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ റഷ്യന്‍ റെയില്‍വേയും യുദ്ധം മൂലം വന്‍ നഷ്ടത്തിലാണ്. ആന്‍ഡ്രി നികിതിനേയാണ് പുട്ടിന്‍ പുതിയ ഗതാഗത മന്ത്രിയായി നിയോഗിച്ചിരിക്കുന്നത്.

റഷ്യയിലെ എണ്ണ വ്യവസായത്തിലെ ഏറ്റവും പ്രമുഖനായ ആന്‍ഡ്രി ബദലോവിന്റെ ദുരൂഹ മരണവും പലരും ഇതുമായി കൂട്ടിച്ചേര്‍ത്ത് പറയുകയാണ്. 62 കാരനായ ഇദ്ദേഹത്തെ വലിയൊരു അപ്പാര്‍ട്ട്മെന്റിലെ മുകളില്‍ താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ പൈപ്പ്‌ലൈന്‍ കുത്തകയായ ട്രാന്‍സ്‌നെഫ്റ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു ബദലോവ്. കെട്ടിടത്തിന്റെ പത്താം നിലയിലാണ് അദ്ദേഹം താമസിച്ചിരുന്നതെങ്കിലും 17-ാം നിലയില്‍ നിന്ന് വീണതായി്ട്ടാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊരു ആത്മഹത്യയാണെന്നാണ് അധികൃതര്‍ പറയുന്നത്.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈയിടെയായി ഇത്തരത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പലരും പുട്ടിനെ എതിര്‍ക്കുന്നവര്‍ ആയിരുന്നു എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവരില്‍ പ്രമുഖ വ്യസായികളും മാധ്യമപ്രവര്‍ത്തകരും സൈനികോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Tags:    

Similar News