ട്രംപിന് നേരേ ക്രൂക്സ് വെടിയുതിര്‍ത്തത് എട്ടുതവണ; പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ യോഗത്തിന് മുമ്പ് തന്നെ അപകട സൂചന കിട്ടിയിട്ടും ഗൗനിച്ചില്ല; ഏകോപനത്തിലും പരാജയം; ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തില്‍ ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2025-07-10 12:59 GMT

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ പതിമൂന്നിനാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിന് നേരേ ബട്ലറില്‍ തോമസ് മാത്യൂ ക്രൂക്സ് എന്ന വ്യക്തി വെടിവെച്ചത്. ഒരു വെടി ട്രംപിന്റെ ചെവിയില്‍ തുളച്ചു കയറുകയും ചെയ്തിരുന്നു.

റാലിയില്‍ പങ്കെടുത്ത ഒരു ഫയര്‍മാന്‍ കോറി കോമ്പറേറ്റോര്‍ വെടിയേറ്റ് മരിച്ചിരുന്നു. ട്രംപിനെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച വ്യക്തിയെ പിടികൂടുകയായിരുന്നു. എന്നാല്‍ ഇതില്‍ വലിയ തോതിലുള്ള സുരക്ഷാവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്ററിന്റെ രാജിയില്‍

കലാശിക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍വൈസര്‍മാര്‍ മുതല്‍ ലൈന്‍ ഏജന്റുമാര്‍ വരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ 10 മുതല്‍ 42 ദിവസം വരെ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ അപ്പീല്‍ നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടു പിടിക്കാനാണ് ശ്രമം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ബട്ലറിലെ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ചയാണ് ഉണ്ടായതെന്നാണ് സീക്രട്ട് സര്‍വ്വീസും വ്യക്തമാക്കുന്നത്. ഇനി ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാനാണ് തങ്ങളുടെ ശ്രമം എന്നും അവര്‍ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രോണുകളുടെ സഹായവും തേടാനാണ് അവരുടെ നീക്കം. ട്രംപിന് നേരേ ക്രൂക്സ് എട്ടുതവണയാണ് വെടിയുതിര്‍ത്തത് എന്ന കാര്യം അമേരിക്കന്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. തലനാരിഴക്കാണ് ട്രംപ് അന്ന് രക്ഷപ്പെട്ടത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ സുരക്ഷക്കായി ചുമതലപ്പെടുത്തിയ ചില ഏജന്റുമാര്‍ക്കിടയില്‍ അലംഭാവം ഉണ്ടായതായി സീക്രട്ട് സര്‍വീസ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവിടെ സംശയാസ്പദമായ സാഹചര്യം ഉള്ളതായി പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നിട്ടും എന്ത് കൊണ്ട് സീക്രട്ട് ഏജന്റുമാര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും ചോദ്യം ഉയര്‍ന്നിരുന്നു. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെടിവെച്ച ക്രൂക്സിനെക്കുറിച്ചും വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

Tags:    

Similar News