പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുകയും കടത്തുകയും ചെയ്ത ധനികന്‍; ജയിലില്‍ കിടന്ന മരിച്ചയാള്‍ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കത്തില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം! എപ്സ്റ്റീന്‍ ഫയലുകള്‍ അമേരിക്കയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്; വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെ മാനനഷ്ടകേസ് കൊടുത്ത് ട്രംപ്; വിവാദം കൊഴുക്കുന്നു

Update: 2025-07-19 01:20 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജയിലില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണ്ട് അശ്ലീല കത്തയച്ചു എന്ന വിവാദം പുതിയ തലത്തിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എപ്‌സ്‌റ്റൈന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അയച്ച കത്തിലാണ് കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്നചിത്രം ഉള്ളത്. ഇത് ഏതോ നിഗൂഡ സന്ദേശത്തിന്റെ സൂചനയാണ് എന്നാണ് ട്രംപിന്റെ എതിരാളികള്‍ പറയുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത വിട്ടത്. ഇതിനെതിരെ ട്രംപ് നിയമ നടപടി തുടങ്ങി. പത്രത്തിനെതിരെ പത്ത് ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര കേസ് ട്രംപ് നല്‍കി. ഇതോടെ നിയമ യുദ്ധത്തില്‍ എല്ലാം തെളിയുമെന്ന് വ്യക്തമാകുകയാണ്. അതിനിടെ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുകായണ് പത്രം.

2003-ല്‍ ട്രംപ് എപ്സ്റ്റീന് ഒരു അശ്ലീല ജന്മദിന കാര്‍ഡ് അയച്ചതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് വലിയ കോളിളക്കങ്ങള്‍ക്ക് കാരണമായി. ജന്മദിന കാര്‍ഡില്‍ നഗ്‌നയായ സ്ത്രീയുടെ കാര്‍ട്ടൂണും, ഒപ്പം ''നമുക്ക് ഒരുപാട് സാമ്യതകളുണ്ട്'' എന്ന് ഒരു സന്ദേശവും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയൊരു കാര്‍ഡ് താന്‍ അയച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പക്ഷെ ട്രംപ് ചെയ്തത്. വാര്‍ത്തയെ ശക്തമായി നിഷേധിക്കുകയും വാള്‍ സ്ട്രീറ്റ് ജേണലിനും മാധ്യമ മുതലാളി റുപേര്‍ട് മര്‍ഡോക്കിനുമെതിരെ നടപടി സ്വീകരിക്കാനും നടപടി എടുത്തു. ജെഫ്രി എപ്സ്റ്റീന്‍ കേസിലെ മുദ്രവച്ച രേഖകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പ് ഉടന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി സ്ഥിരീകരിച്ചു. പക്ഷെ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ വിഷയത്തില്‍ ഭിന്നത രൂക്ഷമാണ്. ഇത ്ട്രംപിന് തിരിച്ചടിയായേക്കും.

എപ്‌സ്റ്റെന്റെ കൂട്ടുപ്രതിയായിരുന്ന ഇപ്പോഴും ജയിലില്‍ കഴിയുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ താന്‍ പങ്കെടുത്തു എന്ന ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ആരോപണം ട്രംപ് കഴിഞ്ഞ ദിവസം ശക്തമായി നിഷേധിച്ചിരുന്നു. ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കത്തില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നു എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയില്‍ നല്‍കിയിരുന്നത്. ഈ കത്തും അവര്‍ പുറത്തു വിട്ടിരുന്നു. കത്തില്‍ ട്രംപ് എഴുതിയിരിക്കുന്നത് ആശംസകള്‍ എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ എന്നാണ്. എന്നാല്‍ ഈ വാചകം എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് ഒരു പങ്കും ഇല്ലായിരുന്നു എന്നാണ് ട്രംപ് വാദിക്കുന്നത്.

ഇത് താനെഴുതിയ കത്തല്ലെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് തുറന്നടിക്കുന്നു. കത്തില്‍ കാണുന്നത് തന്റെ ഭാഷയല്ല എന്നും താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണലിന് എതിരെ താന്‍ കേസ് കൊടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുകയാണ്. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയത് വാള്‍സ്ട്രീറ്റ് ജേണല്‍ എപ്സ്റ്റീന് വേണ്ടി ഒരു വ്യാജ കത്ത് അച്ചടിച്ചു എന്നാണ്. ഇതൊരു തട്ടിപ്പ് വാര്‍ത്തയാണെന്നും പ്രസിദ്ധികരിക്കരുത് എന്നും താന്‍ മാധ്യമ രാജാവായ മര്‍ഡോക്കിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എങ്കിലും വാള്‍സ്ട്രീറ്റ് ജേണല്‍ അത് പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. തനിക്ക് പടം വരയ്ക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറയുമ്പോഴും അദ്ദേഹം വരച്ച നിരവധി ചിത്രങ്ങള്‍ 2004 മുതല്‍ ലഭ്യമായിരുന്നു. കൂടാതെ തനിക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഡെമോക്രാറ്റുകള്‍ ആണെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ട്രംപിന് നേരേ ഉയരുന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ ട്രംപിനെതിരെ സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രംപ് അവരെ രൂക്ഷമായി വിമര്‍ശിക്കുകയും അവര്‍ ഡെമോക്രാറ്റുകളെ പോലെ പെരുമാറുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇലോണ്‍ മസ്‌ക്കും ഇക്കാര്യത്തില്‍ ട്രംപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. എപ്സ്റ്റീന്‍ ഫയലുകളിലെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്ത് വിടണമെന്നാണ് മസ്‌ക്കും ആവശ്യപ്പെട്ടിരിക്കുന്നത്.

കഥയുടെ കേന്ദ്രബിന്ദു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുകയും കടത്തുകയും ചെയ്തതായി ആരോപിക്കപ്പെട്ട ധനികനായ ബിസിനസുകാരന്‍ ജെഫ്രി എപ്സ്റ്റീനാണ്. 2019 ല്‍ എപ്സ്റ്റീന്‍ ജയിലില്‍ മരണപ്പെട്ടു. പക്ഷെ ഇപ്പോള്‍ ആ പേര് വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ഏറ്റവും പുതിയ വഴിത്തിരിവില്‍ നേരിട്ട് ഭാഗമായിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്.

രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, രാജകുടുംബാംഗങ്ങള്‍ എന്നിങ്ങനെ നിരവധി ഉന്നതരുമായി അടുത്ത ബന്ധമുള്ള ഒരു ധനിക വ്യവസായി ആയിരുന്നു ജെഫ്രി എപ്സ്റ്റീന്‍. 2008 ല്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും അത് നേരിയ ശിക്ഷയില്‍ ഒതുങ്ങി. പിന്നാലെ 2019 ല്‍, പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക കടത്തിന് വിധേയമാക്കിയ കേസില്‍ എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. പക്ഷെ ഏതാനും ആഴ്ചകള്‍ക്കുശേഷം എപ്സ്റ്റീന്‍ ജയില്‍ മുറിയില്‍ മരിച്ചു. ഉദ്യോഗസ്ഥര്‍ മരണം ആത്മഹത്യയായി മുദ്രകുത്തിയെങ്കിലും, കൊലപാതകമാണെന്നും ആരോ ഇതിനുപിന്നില്‍ ഉണ്ടെന്നും ശക്തമായി വിശ്വസിക്കുന്നവര്‍ ധാരാളമായിരുന്നു.

ലൈംഗിക കടത്ത് ശൃംഖലയിലെ അംഗങ്ങളുടെ പേരുവിവരങ്ങളടങ്ങിയ ഒരു രഹസ്യ പട്ടിക എപ്സ്റ്റീന്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചിരുന്നുവെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ ഈ പേരുകള്‍ പുറത്തുവിടുമെന്നും പലരും പ്രതീക്ഷിച്ചു.

Tags:    

Similar News