വിസയില്ലാതെ എത്തുന്നവരെ അപ്പോള്‍ തന്നെ നാട് കടത്തും; ജര്‍മനിയുടെ കുടിയേറ്റ നയം വിജയത്തിലേക്ക്; സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ അവിടെ നിന്നുള്ളവരെ തിരിച്ചയയ്ക്കും; മെര്‍ക്കെല്‍ ഇഫക്ട് ചര്‍ച്ചകളില്‍

Update: 2025-08-23 01:07 GMT

ചാന്‍സലര്‍ ഫ്രെഡ്രിക് മെഴ്സിന്റെ കര്‍ക്കശമായ കുടിയേറ്റ നയം ഫലം കാണാന്‍ തുടങ്ങിയതായി ജര്‍മ്മനിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. മുന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കെലിന്റെ, അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന നയത്തില്‍ നിന്നും വിരുദ്ധമായ നിലപാട് നിലവിലെ ചാന്‍സലര്‍ കൈക്കൊണ്ടതോടെ അഭയാപേക്ഷകളുടെ എണ്ണം പകുതിയോളം കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരുന്ന സെപ്റ്റംബറില്‍ യൂറോപ്പിലെ കുടിയേറ്റ പ്രതിസന്ധിയുടെ മൂര്‍ദ്ധന്യത്തിന് പത്ത് വര്‍ഷം തികയും. വരും വര്‍ഷങ്ങളിലും, അഭയാര്‍ത്ഥികള്‍ക്കായി ജര്‍മ്മനിയുടെ അതിരുകള്‍ തുറന്നിടുമെന്ന് എയ്ഞ്ചല മാര്‍ക്കെല്‍ പ്രഖ്യാപിച്ചത് അന്നായിരുന്നു.

പുതിയ നയമനുസരിച്ച്, മതിയായ രേഖകള്‍ ഇല്ലാതെ എത്തുന്ന, കുട്ടികളെയും ഗര്‍ഭിണീകളെയും ഒഴിച്ചുള്ള എല്ലാവരെയും അതിര്‍ത്തികളില്‍ നിന്നു തന്നെ മടക്കി അയയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അഭയാര്‍ത്ഥികളോടുള്ള മെര്‍ക്കെലിന്റെ ഉദാരമായ സമീപനം എടുത്തു കളയുമെന്ന് മെഴ്സ് പറഞ്ഞിരുന്നു. അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ അദ്ദേഹം അതിര്‍ത്തി രക്ഷാ സൈന്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുമെന്നും മെഴ്സ് പറഞ്ഞു. മാത്രമല്ല, പൂര്‍ണ്ണമായ അഭയാര്‍ത്ഥി പദവി ഇല്ലാത്തവര്‍ക്ക്, കുടുംബവുമായി ഒത്തുചേരാനുള്ള അവകാശം താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചില അഭയാര്‍ത്ഥികള്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങളായിരുന്നു സത്യത്തില്‍ തീവ്ര വലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റ് ഫോര്‍ ജര്‍മ്മനിക്ക് ഏറെ പിന്തുണ നേടിക്കൊടുത്തത്. അതിര്‍ത്തികളില്‍ നിയമം കര്‍ക്കശമാക്കിയതോടെ 2025 ല്‍ ഇതുവരെ 61,336 അഭയാപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച അപേക്ഷകളുടെ പകുതി എണ്ണം മാത്രമാണിത്. മാത്രമല്ല, യൂറോപ്പിലെ, അഭയാര്‍ത്ഥികളുടെ പ്രഥമ ലക്ഷ്യസ്ഥാനം എന്ന പദവി ഇതോടെ ജര്‍മ്മനിക്ക് നഷ്ടമാവുകയും ചെയ്തു. സ്പെയിനും ഫ്രാന്‍സുമാണ് ഇപ്പോള്‍ അഭയാര്‍ത്ഥികള്‍ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്.

Similar News