കല്ലുകൾ എടുത്തെറിഞ്ഞും വടിയെടുത്ത് അടിച്ചും മുഷ്ടിചുരുട്ടി ഇടിച്ചിട്ടും അന്ന് അതിർത്തിയിൽ മുഴുവൻ ആശങ്ക; ഇന്ന് എല്ലാം മറന്ന് വീണ്ടും കൂട്ടുകെട്ടിലേക്ക്; ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ചൈനീസ് സന്ദർശനം; കൂടെ റഷ്യൻ ഫ്രണ്ടും; ഇരുവരെയും സ്വാഗതം ചെയ്ത് ഷി ജിൻപിംഗ്; ആ നിരോധിച്ച ആപ്പുകൾ തിരിച്ചുവരുമോ?
ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലെ ടിയാൻജിൻ നഗരം സന്ദർശിക്കും. ഓഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ ലോക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2020ലെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ എന്നിവരുൾപ്പെടെ 20ൽ അധികം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെയും ചൈന ക്ഷണിച്ചിട്ടുണ്ട്.
അടുത്തയാഴ്ച നടക്കുന്ന SCO ഉച്ചകോടി, അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള ഒരു വേദിയായി ഷി ജിൻപിംഗ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ഇറാൻ, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ നേരിടാൻ യുഎസ് നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ലെന്ന് 'ദി ചൈന-ഗ്ലോബൽ സൗത്ത് പ്രോജക്ട്' എഡിറ്റർ-ഇൻ-ചീഫ് എറിക് ഒലാണ്ടർ പറഞ്ഞു.
2001ൽ സ്ഥാപിതമായതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ SCO ഉച്ചകോടിയായിരിക്കും ഇത്. പ്രധാന ശക്തികൾ ചേർന്ന് പുതിയ തരം അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ മോദിയും ഷി ജിൻപിംഗും പുട്ടിനും ഒരേ വേദി പങ്കിട്ടിരുന്നു. ഇതിനിടെ, ചൈനയുമായും ഇന്ത്യയുമായും ത്രികക്ഷി ചർച്ചകൾ ഉടൻ നടക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31-ന് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക് പോയത്. ഏഴ് വർഷത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ ആദ്യ ചൈനീസ് സന്ദർശനം. ഈ ഉച്ചകോടി ഇരുരാജ്യങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ അന്തരീക്ഷം വളർത്തുന്നതിനും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരു പ്രധാന വേദിയാകും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ അജണ്ടകൾ ചർച്ചകളുടെ പുരോഗതിക്കനുസരിച്ച് നിശ്ചയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഉച്ചകോടി, അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വ്യവസ്ഥയ്ക്ക് ബദലായി പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിൽ ചൈനയുടെ താല്പര്യങ്ങൾ വ്യക്തമാക്കുന്നതായും വിലയിരുത്തപ്പെടുന്നു.
അതേസമയം, അന്ന് നടന്ന ഇന്ത്യ- ചൈന അതിർത്തി സംഘർഷ സമയത്ത് ദേശീയ സുരക്ഷാ ഭീഷണിയും ഡാറ്റാ ദുരുപയോഗവും ആരോപിച്ച് 47 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചിരിന്നു. കഴിഞ്ഞ മാസം 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെയാണ് പുതിയ നടപടി. നിരോധിക്കപ്പെട്ട പഴയ ആപ്പുകളുടെ പുനരാവിഷ്കാരങ്ങളോ ഭാഗങ്ങളോ ആയി പ്രവർത്തിക്കുന്നവയാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ഏതെല്ലാം ആപ്പുകളാണ് നിരോധിക്കപ്പെട്ടതെന്ന വിശദാംശങ്ങൾ ഉടൻ പുറത്തുവിടും. ചില പ്രമുഖ ഗെയിമിംഗ് ആപ്പുകളും പുതിയ പട്ടികയിൽ ഉൾപ്പെട്ടതായാണ് സൂചന. ഇവ ചൈനീസ് ഏജൻസികളുമായി ഉപഭോക്താക്കളുടെ ഡാറ്റ പങ്കുവെക്കുന്നതായി ആരോപണമുണ്ട്.ഇതോടെ, ലഡാക്കിലെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ ആകെ എണ്ണം 106 ആയി. ടിക് ടോക്, യുസി ബ്രൗസർ തുടങ്ങിയ ജനപ്രിയ ആപ്പുകൾ നേരത്തെ നിരോധിച്ചിരുന്നു.
അതേസമയം, 250 ഓളം മറ്റ് ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരീക്ഷണത്തിലാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള ഗെയിമിംഗ് ആപ്ലിക്കേഷനുകളിലൊന്നായ പബ്ജി പോലുള്ളവയും ഈ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുന്നു. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നിരീക്ഷണം. ഇതോടെ, ഏഴ് വർഷത്തിന് ശേഷം വീണ്ടും ചൈന ഇന്ത്യയുമായി കൂട്ടുകൂടുമ്പോൾ ആ നിരോധിച്ച ആപ്പുകളും തിരിച്ചുവരുമോ എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.