യുകെയില്‍ ഏറ്റവും കൂടുതല്‍ പേര് അഭയാര്‍ഥികളായി എത്തുന്നത് പാക്കിസ്ഥാനില്‍ നിന്ന്; തൊട്ടുപിന്നില്‍ അഫ്ഗാനികള്‍; ഇറാനികളും ഇറാഖികളും എറിട്രിയക്കാരും ഒട്ടും മോശമല്ല: കള്ള ബോട്ട് കയറി യുകെയില്‍ എത്തുന്നവരുടെ കണക്ക് പുറത്താവുമ്പോള്‍
സ്വതവേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്നതാണ് പാകിസ്ഥാന്റെ വര്‍ത്തമാനകാല അവസ്ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ആഭ്യന്തര കലാപങ്ങളും അഭിമുഖീകരിക്കുന്നതിനിടയിലായിരുന്നു പഹല്‍ഗാമില്‍ ഒരു ആക്രമണം നടത്താനുള്ള കുബുദ്ധി തോന്നിപ്പിച്ചത്. അത് പാകിസ്ഥാന് വിനാശകരമായി തീര്‍ന്നു എന്നാണ് കാലം തെളിയിച്ചത്. അതിന്റെ സാക്ഷിപത്രമെന്നോണം, 2025 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തിനിടയില്‍, കള്ളബോട്ട് കയറിയും മറ്റും ബ്രിട്ടനില്‍ അനധികൃതമായി എത്തിയ അഭയാര്‍ത്ഥികളില്‍ കൂടുതല്‍ പേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് കണക്കുകളും പുറത്തു വന്നു.
2025 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തിനിടയില്‍ 11,234 പേരാണ് ബ്രിട്ടനില്‍ അഭയാര്‍ത്ഥികളായി എത്തിയത്.8,281 അഭയാര്‍ത്ഥികളുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇറാനില്‍ നിന്നും 7,746 പേര്‍ അനധികൃതമായി ബ്രിട്ടനിലെത്തിയപ്പോള്‍ നാലാം സ്ഥാനത്തുള്ള എറിട്രിയയില്‍ നിന്നും എത്തിയത് 7,433 പേരായിരുന്നു. 1951 ലെ കണ്‍വെന്‍ഷന്‍ ഓണ്‍ റെഗ്യൂജീസ് പ്രകാരം, സ്വന്തം രാജ്യത്ത് മതപരമായതോ, രാഷ്ട്രീയപരമായതോ മറ്റേതെങ്കിലുമായതോ ആയ കാരണങ്ങളാല്‍ ജീവഭയം ഉള്ളവര്‍ക്ക് യു കെയില്‍ അഭയത്തിനായി അപേക്ഷിക്കാം.
ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തിനിടയില്‍ യു കെയില്‍ അഭയത്തിനായി അപേക്ഷിച്ചത് 1,11,084 പേരായിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ഇതില്‍ അഞ്ചില്‍ രണ്ട്‌പേര്‍ അതായത് 41,870 പേര്‍ ചെറു യാനങ്ങളില്‍ ചാനല്‍ കടന്ന് എത്തിയവരാണ്. തെക്കന്‍ ഏഷ്യ, മദ്ധ്യപൂര്‍വ്വ മേഖല, സബ് സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. 2006 നും 2021 നും ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. അടുത്ത കാലത്താണ് ഇതില്‍ വന്‍ വര്‍ദ്ധന ദൃശ്യമാകുന്നത്.
2002 മുതല്‍ 2025 വരെയുള്ള കാലമെടുത്താല്‍ ഏറ്റവും അധികം പേര്‍ അഭയം തേടിയെത്തിയത് ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, എറിട്രിയ എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2022 നും 2023 നും ഇടയില്‍ മദ്ധ്യപൂര്‍വ്വദേശന്നളില്‍ നിന്നുള്ളവരായിരുന്നു അഭയാര്‍ത്ഥികളില്‍ അധികവും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി പാകിസ്ഥാന്‍ കാരാണ് കൂടുതലായി ബ്രിട്ടനില്‍ അഭയം തേടിയെത്തുന്നത്. 2021 ല്‍ താലിബാന്‍ ഭരണത്തിലേറിയ സമയത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ത്ഥികളുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായിരുന്നു.
അതേസമയം, ചെറു യാനങ്ങള്‍ വഴി ഇംഗ്ലീഷ് ചാനല്‍ കടന്നും മറ്റ് അനധികൃത വഴികലിലൂടെയും ബ്രിട്ടനിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. മുന്‍ വര്‍ഷം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ എത്തിയവരില്‍ കൂടുതല്‍ പേര്‍ അഫ്ഗാനില്‍ നിന്നും എരിത്രിയയില്‍ നിന്നും ഉള്ളവരായിരുന്നു. എന്നാല്‍, 2025 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ് കൂടുതലായി ബ്രിട്ടനില്‍ അഭയം തേടിയെത്തിയത്. അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ 59 ശതമാനം പേര്‍ 50 വയസ്സിന് താഴെ പ്രായമുള്ളവരാണ്. കുട്ടികള്‍ 22 ശതമാനം വരും.