ബ്രിട്ടീഷ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍; ഇത്തവണ പണികിട്ടിയത് ജാഗ്വാറിന്; ലാന്‍ഡ് റോവറിന്റെ നിര്‍മ്മാണ പ്ലാന്റുകളെയും വിതരണ സംവിധാനങ്ങളെയും തകരാറിലാക്കി സൈബര്‍ ആക്രമണം
ലിവര്‍പുള്‍: ബ്രിട്ടീഷ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഹാക്കര്‍മാര്‍. യു.കെയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മ്മാണ പ്ലാന്റുകളെയും വിതരണ സംവിധാനങ്ങളെയും തകരാറിലാക്കി സൈബര്‍ ആക്രമണം. സംഭവം അറിഞ്ഞ ഉടനെ തന്നെ അടിയന്തര നടപടി സ്വീകരിച്ചു എന്നും എല്ലാ സംവിധാനങ്ങളും നിര്‍ത്തി വെച്ചതായും കമ്പനി വ്യക്തമാക്കി. പുതിയ വാഹനങ്ങള്‍ എല്ലാം ഇ.വിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പുതിയ ജാഗ്വാറുകള്‍ നിര്‍മ്മിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
ഇന്നലെ ലിവര്‍പൂളിനടുത്തുള്ള ഹേല്‍വുഡ് പ്ലാന്റില്‍ നിന്ന് ജീവനക്കാരെ മടക്കി അയച്ചിരുന്നു. റേഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് തുടങ്ങിയ മോഡലുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാണത്തോടൊപ്പം, പുതിയ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനവും തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഉപഭോക്താക്കളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായി അവര്‍ സമ്മതിക്കുന്നു. കമ്പനി ഇക്കാര്യത്തില്‍ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ഉടനടി നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 'ഈ ഘട്ടത്തില്‍ ഉപഭോക്തൃ ഡാറ്റ മോഷ്ടിക്കപ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്നും റീട്ടെയില്‍, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തടസ്സപ്പെട്ടിരിക്കുന്നതായും കമ്പനി പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ ആണ് സൈബറാക്രമണം നടന്നതായി കണ്ടെത്തിയത്. രണ്ട് ദിവസം കൂടി സ്ഥാപനങ്ങള്‍ അടച്ചിടും എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ വാങ്ങുന്ന കമ്പനിയുടെ വാഹനങ്ങള്‍ക്ക് ഓഫ് ലൈനായിട്ടാണ് നമ്പറുകള്‍ നല്‍കുന്നത്. ജെഎല്‍ആറിന്റെ മാതൃ കമ്പനിയായ ടാറ്റ ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഒരു നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
നേരത്തേ മറ്റ് നിരവധി ബ്രിട്ടീഷ് സ്ഥാപനങ്ങളെ ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചതിന് ശേഷമാണ് ജാഗ്വാറിന് നേരേ ഈ ആക്രമണം നടക്കുന്നത്. ഈ വര്‍ഷം ആദ്യം മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സര്‍, കോ-ഓപ്പ്, ഹാരോഡ്സ് എന്നിവയെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നു. ജൂലൈയില്‍ നടന്ന സംഭവങ്ങളില്‍ ഒരു സ്ത്രീയെയും മൂന്ന് കൗമാരക്കാരെയും അറസ്റ്റ് ചെയ്തിരുന്നു.
യുകെയില്‍ നിന്ന് വരുന്ന കാറുകള്‍ക്ക് അമേരിക്ക ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തങ്ങളുടെ ത്രൈമാസ ലാഭം ഏതാണ്ട് പകുതിയായി കുറഞ്ഞതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാഗ്വാര്‍ സ്റ്റൈലിലും ഉള്ളടക്കത്തിലും ഗണ്യമായ മാറ്റത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം, ടാറ്റ മോട്ടോഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അഡ്രിയാന്‍ മാര്‍ഡല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി ബി ബാലാജിയെ പുതിയ സി.ഇ.ഒയായി നിയമിച്ചിരിക്കുകയാണ്.