ഉപപ്രധാനമന്ത്രി പദവിയില്‍ നിന്ന് എയ്ഞ്ചലാ റെയ്‌നര്‍ നാടകീയമായി രാജി വച്ചപ്പോള്‍ റേച്ചല്‍ റീവ്‌സ് ചാന്‍സലറായി തുടരും; യവറ്റ് കൂപ്പറെ ഹോം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പകരം നിയമിച്ചത് പാക്കിസ്ഥാന്‍ വംശജയായ ഷബാന മഹ്‌മൂദിനെ; ഒരു വര്‍ഷം പിന്നിട്ട ബ്രിട്ടണിലെ കീര്‍ സ്റ്റര്‍മാര്‍ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി

Update: 2025-09-06 02:08 GMT

ലണ്ടന്‍: എയ്ഞ്ചല റെയ്നറുടെ നാടകീയമായ രാജിയ്ക്ക് ശേഷം ബ്രിട്ടണിലെ സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി. സംഭവബഹുലമായ ഒരു വര്‍ഷം കൊണ്ട് പ്രതിച്ഛായ തകര്‍ന്നടിഞ്ഞ മന്ത്രിസഭയുടെ മുഖം മിനുക്കാനുള്ള തത്രപ്പാടി ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ക്ക് സ്ഥാനം തെറിച്ചു. കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ തുടര്‍ക്കഥയായ ഒരു വര്‍ഷം മന്ത്രിസഭയുടെ ജനപ്രീതി കുറയ്ക്കുന്നതില്‍ പ്രധാന പങ്കായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വഹിച്ചത്. കുടിയേറ്റ നയം കാര്യക്ഷമമല്ലെന്നതിന്റെ ഒരു സൂചന കൂടിയാണ് ഈ സ്ഥാനം തെറിക്കല്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ്ക്കും സ്ഥാനം തെറിച്ചു. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണെന്ന് ഓര്‍ക്കണം.

എന്നാല്‍, തരംതാഴ്ത്തി എന്നൊരു വികാരം ഉടലെടുക്കാതിരിക്കാന്‍ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. വിന്റര്‍ ഫ്യൂവല്‍ അലവന്‍സിന്റെ പേരിലുണ്ടായ വിവാദവും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള വിഫല ശ്രമവും മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മറ്റൊരു കാരണമാണ്. അതുതന്നെയാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ലിശ് കെന്‍ഡാള്‍ക്ക് സ്ഥാനം തെറിക്കാന്‍ ഇടയാക്കിയതു. ശാസ്ത്ര വകുപ്പിലേക്കാണ് അവര്‍ക്ക് സ്ഥാനമാറ്റം.

യുവറ്റ് കൂപ്പര്‍ക്ക് പകരമായി ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്നത് പാകിസ്ഥാന്‍ വംശജയായ ഷബാജ മഹ്‌മൂദ് ആണ്. നീതിന്യായ വകുപ്പില്‍ പ്രശംസാര്‍ഹമായ വിധത്തില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അവര്‍ ഇപ്പോള്‍ ഹോം സെക്രട്ടരി പദത്തില്‍ എത്തുന്നത്. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് വകുപ്പില്‍ ലിസ് കെന്‍ഡലിന് പകരം എത്തുന്നത് ക്യാബിനറ്റ് ഓഫീസ് മന്ത്രിയായ പാറ്റ് മെക്ഫദെന്‍ ആയിരിക്കും. അതോടൊപ്പം എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണില്‍ നിന്നും മാറ്റിയ സ്‌കില്‍സിന്റെ ഉത്തരവാദിത്തവും മെക്ഫഡെനായിരിക്കും.

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിമരുന്നിട്ടിട്ടും ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് സ്ഥാനഭ്രംശം വന്നില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. സമ്പദ്ഘടന നിശ്ചലാവസ്ഥയിലാണെന്നും, ബ്രിട്ടന്‍ ഒരു കടക്കെണിയിലേക്ക് കൂപ്പ് കുത്തുകയാണെന്നും ഉള്ള ആശങ്കകള്‍ ശക്തമാകുമ്പോഴും ചാന്‍സലര്‍ അതേ പദവിയില്‍ തുടരുന്നതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയും തത്സ്ഥാനത്ത് തുടരും. ബിസിനസ്സ് സെക്രട്ടറിയായി പീറ്റര്‍ കേയ്ല്‍ എത്തുമ്പോള്‍, സ്റ്റീവ് റീഡ്, പരിസ്ഥിതി വകുപ്പില്‍ നിന്നും നേരത്തെ റെയ്നാര്‍ ചുമതല വഹിച്ചിരുന്ന ഹൗസിംഗ് സെക്രട്ടറി പദത്തിലെത്തും. എമ്മ റെയ്‌നോള്‍ഡ്ശ്‌സ് ആയിരിക്കും പുതിയ പരിസ്ഥിതി സെക്രട്ടറി.

എമ്മ റെയ്‌നോള്‍ഡ്‌സും, സ്‌കോട്ടിഷ് സെക്രട്ടറിയായി നിയമിതനായ ഡഗ്ലസ് അലക്സാണ്ടറും മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. പുതിയ വീടു വാങ്ങിയതില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം തെളിഞ്ഞതോടെയാണ് റെയ്നര്‍ക്ക് അവരുടെ ഹൗസിംഗ് സെക്രട്ടറി പദവിയും ഉപപ്രദാനമന്ത്രി പദവിയും രാജിവയ്ക്കേണ്ടതായി വന്നത്. ഈ വിഷയം മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.

നികുതിയുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാത്തതിനാല്‍ സംഭവിഛ്ച പിഴവാണ് അതെന്നാണ് രാജിക്കത്തില്‍ റെയ്നര്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനു മേല്‍ അതിയായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അവര്‍ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരിയായ തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്നറുടെ രാജിയെ കുറിച്ച് പ്രതികരിച്ചത്. അതേസമയം, പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട, ലേബര്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ പദവിയില്‍ നിന്നും റെയ്നാര്‍ ഒഴിഞ്ഞിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് ഒരു തെരഞ്ഞെടുപ്പ് നടത്തണം എന്നതും പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.

ആരോപണം തെളിഞ്ഞിട്ടും എയ്ഞ്ചല റെയ്നാര്‍ ഉപപ്രധാനമന്ത്രി പദവിയില്‍ ഇത്രയും നാള്‍ തുടര്‍ന്നത് നീതീകരിക്കാനാവില്ലെന്നും, അവരെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് നട്ടെല്ലില്ലായിരുന്നു എന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്‌ഡോക്ക് പ്രതികരിച്ചു. അത്രയും ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണ് സ്റ്റാര്‍മറെന്നും അവര്‍ ആരോപിച്ചു. ജനപ്രതിനിധി സഭയിലെ നേതാവ്‌ലൂസി പവലിനും സ്‌കോട്ട്‌ലാന്‍ഡ് സെക്രട്ടറി ഇയീീന്‍ മുറേയ്ക്കും സ്ഥാനങ്ങള്‍ നഷ്ടമായി.

അതേസമയം, തനിക്ക് തെറ്റായ ഉപദേശം ലഭിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നും, വിദഗ്ധോപദേശത്തിന് ശ്രമിച്ചില്ലെന്നും ഉള്ള റെയ്നറുടെ വാദം വീണ്ടും വിവാദമായി. ഇടപാടുകളുടെ ചുമതലയുണ്ടായിരുന്ന വെറികോ ആന്‍ഡ് ആസ്സോസിയേറ്റ് എന്ന സ്ഥാപനമാണ് തങ്ങളെ ബലിയാടാക്കുകയാണ് റെയ്നര്‍ എന്ന ആരോപണവുമായി രംഗത്ത് എത്തിയത്.റെയ്നാര്‍ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത് എന്നാണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജൊവാന്ന വെറികോ പറഞ്ഞത്. റെയ്നര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കിയതെന്നും, തങ്ങള്‍ റെയ്നര്‍ക്ക് ഒരു ഉപദേശവും നല്‍കിയില്ലെന്നും വെറികോ ആന്‍ഡ് അസ്സോസിയേറ്റ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

യുവറ്റ് കൂപ്പര്‍ക്ക് വിനയായത് മോശം പ്രകടനം

കഴിഞ്ഞ ഒരു വര്‍ഷം ബ്രിട്ടന്‍ കണ്ടത് താറുമാറായ ഒരു ഹോം ഡിപ്പാര്‍ട്ട്‌മെന്റിനെയാണ്. ചെറുയാനങ്ങളില്‍ എത്തുന്ന കുടിയേറ്റക്കാരെ തടയാന്‍ ഫലപ്രദമായ ഒരു നടപടിയും കൈക്കൊള്ളാനായില്ല എന്ന് മാത്രമല്ല, അത്തരത്തില്‍ എത്തുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിക്കുകയും ചെയ്തു. അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചതോടെ കുടിയേറ്റ വിരുദ്ധവികാരം ശക്തമായി. മാത്രമല്ല, ബ്രിട്ടീഷ് രാഷ്ട്രീയ ഭൂപടത്തില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കാന്‍ ഇത് റിഫോം യു കെ പാര്‍ട്ടിയെ സഹായിക്കുകയും ചെയ്തു. ചാനലിന് കുറുകെ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ കര്‍ശനമായി നേരിടുമെന്ന് പറഞ്ഞിരുന്നെങ്കിലും യുവറ്റ് കൂപ്പറിന് അതിനായില്ല എന്നതാണ് വാസ്തവം.

അനധികൃതമായി എത്തുന്നവരെ സര്‍ക്കാര്‍ ചെലവില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും, കൗണ്‍സില്‍ ഫ്‌ലാറ്റുകളിലും താമസിപ്പിക്കുന്നതും ജനരോഷത്തിനിടയാക്കി. തദ്ദേശവാസികള്‍ കൗണ്‍സില്‍ ഫ്‌ലാറ്റിനായി കാത്തുകെട്ടി കിടക്കുന്നതിനിടെയാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് അത് ലഭിക്കുന്നത് എന്നതാണ് അവരെ കോപാകുലരാക്കുന്നത്. മാത്രമല്ല, ഇത്തരം അഭയാര്‍ത്ഥികള്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനായി ഹോം ഓഫീസ് തന്നെ സമ്മതിച്ചിട്ടുമൂണ്ട്. ജനരോഷം അതിനു കടന്നതോടെ പ്രതിഷേധങ്ങള്‍ നിറഞ്ഞ തുടര്‍ച്ചയായ രണ്ടാം വേനലാണ് ലേബര്‍ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടതായി വന്നത്.

അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി ഹോട്ടലുകള്‍ ഉപയോഗിക്കുന്നത് കുറച്ചു വരുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും, കൂടുതല്‍ കൂടുതല്‍ ഹോട്ടലുകള്‍ ഉപയോഗിക്കുകയായിരുന്നു. എപ്പിംഗിലെ ഹോട്ടല്‍ അടച്ചുപൂട്ടാനുള്ള വിധിക്കെതിരെ അപ്പീല്‍ പോയതും ജനരോഷത്തിനിടയാക്കിയിരുന്നു. മോഷണവും കൊള്ളയും പെരുകിയതും, ഗ്രൂമിംഗ് ഗ്യാംഗുകളുടെ വളര്‍ച്ചയും ഒപ്പം അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വരുത്തിയ നിയന്ത്രണങ്ങളുമെല്ലാം സര്‍ക്കാരിന്റെ, പ്രത്യേകിച്ചും ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിച്ഛായ തകരാന്‍ കാരണമായി.

Similar News