നൈജല്‍ ഫാരേജും ബോറിസ് ജോണ്‍സണും കൈകോര്‍ക്കുമോ? ബ്രിട്ടനെ രക്ഷിക്കാന്‍ പുതിയ സഖ്യങ്ങള്‍ക്കൊരുങ്ങി നൈജല്‍; റിഫോം യുകെ അധികാരം ഉറപ്പിക്കാന്‍ ടോറികളെ പിളര്‍ത്തി ബോറിസിനെയും സംഘത്തെയും കൂടെ ചേര്‍ത്തേക്കും; ജനപ്രീതിയില്‍ ഉയര്‍ന്ന് നൈജല്‍
ലണ്ടന്‍: ബ്രിട്ടണില്‍ രാഷ്ട്രീയം മാറി മറിയുമോ? അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കുവാന്‍ നെയ്ജല്‍ ഫരാജും ബോറിസ് ജോണ്‍സണും കൈകോര്‍ക്കണമെന്ന ആവശ്യം ഉയരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും കൂറ് മാറി കഴിഞ്ഞയാഴ്ച റിഫോം യു കെയില്‍ ചേര്‍ന്ന നദീന്‍ ഡോറിസ്സാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍ കീര്‍ സ്റ്റാര്‍മറുടെ കഴിവുകെട്ട സര്‍ക്കാരിനെ താഴെ കൊണ്ടുവരാന്‍ ആധുനിക ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായര്‍ ഒന്നിക്കണമെന്നാണ് അവര്‍ പറയുന്നത്. ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കണം എന്നൊരു ആഗ്രഹമുണ്ടെങ്കില്‍ ഇരുവരും ഒന്നിക്കണം എന്നാണ് അവര്‍ പറയുന്നത്. ഇരുവരുടേയും തന്‍പോരിമ മാറ്റിവെച്ച് രാജ്യത്തിന്റെ നന്മക്കായി സഹവര്‍ത്തിത്തത്തിന് ഒരുങ്ങണമെന്നും അവര്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തകരോട്, ഒരു തെരഞ്ഞെടുപ്പിനായി തയ്യാറായിരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നെയ്ജല്‍ ഫരാജ് പാര്‍ട്ടി സമ്മേളനം അവസാനിപ്പിച്ച പശ്ചാത്തലത്തില്‍ മെയിലിന്റെ അലാസ് വൈന്‍ ആന്‍ഡ് ഹിച്ചെന്‍സ് പോഡ്കാസ്റ്റില്‍ പങ്കെടുത്തുകൊണ്ടാണ് അവര്‍ ഇത് പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കണം എന്നും, ജനങ്ങള്‍ക്കായി അച്ചടക്കത്തോടെ തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, നികുഇതി വെട്ടിപ്പ് ആരോപണത്തില്‍, തികച്ചും അപ്രതീക്ഷിതമായി ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജിവച്ചതോടെ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍മര്‍.
അതിനിടെ, നികുതി തട്ടിപ്പില്‍ ഉപപ്രധാനമന്ത്രി രാജി വെച്ച പശ്ചാത്തലത്തില്‍, നവംബറിലെ ബജറ്റില്‍ നികുതി ഉയര്‍ത്താന്‍ സ്റ്റാര്‍മര്‍ക്ക് ധാര്‍മ്മികമായ അവകാശമില്ലെന്ന പ്രസ്താവനയുമായി കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് രംഗത്തെത്തി. മെയിലില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എയ്ഞ്ചല റെയ്നര്‍ ധനകാര്യ വകുപ്പിന് എഴുതിയ കത്ത് ചോര്‍ന്നിരുന്നു., അത് തികഞ്ഞ കാപട്യമാണെന്നാണ് ബെയ്ഡ്‌നോക്ക് ആരോപിക്കുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയ മന്ത്രിസഭാ പുനസംഘടനയും ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.
ആള്‍ക്കൂട്ട പ്രക്ഷോഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പലസ്തീന്‍ അനുകൂലിയാണ് പുതിയ ഹോം സെക്രട്ടറി എന്ന് ജൂത നേതാക്കള്‍ ആരോപണമുന്നയിച്ചതോടെയാണിത്.അതിനു പുറമെ, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇസ്ലാമോഫോബിയ, സെനോഫോബിയ തുടങ്ങിയ ആരോപണങ്ങള്‍ പരസ്യമായി ഉയര്‍ത്തിയ യുവറ്റ് കൂപ്പര്‍ വിദേശകാര്യ സെക്രട്ടറി ആകുന്നതിനെതിരെയും വാദങ്ങള്‍ ഉയരുന്നുണ്ട്. അതിനെല്ലാം പുറമെയാണ് എയ്ഞ്ചല റെയ്നര്‍ രാജിവെച്ചതോടെ ഒഴിവ് വന്ന പാര്‍ട്ടി ഉപനേതാവ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. സ്റ്റാര്‍മര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടിയിലെ ഇടതുപക്ഷം ഒരു ഉന്നത നേതാവിനെ തന്നെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ സാധ്യതയുള്ളതായി അറിയുന്നു.
അതിനിടെ, കീര്‍ സ്റ്റാര്‍മര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ട് ആഷ്ടണ്‍ അണ്ടര്‍ ലൈന്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം പി സ്ഥാനം പോലും റെയ്നര്‍ രാജിവച്ചേക്കുമെന്ന് ഇന്നലെ രാത്രി ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍, പാര്‍ട്ടിക്കുള്ളിലെ ഇടതുപക്ഷം ആഗ്രഹിക്കുന്നത് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം തത്സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ്. അതിനിടയിലാണ് വലതുപക്ഷം ഒന്നിക്കണം എന്ന ആവശ്യവുമായി ഡോറിസ് രംഗത്ത് എത്തുന്നത്. ഇല്ലെങ്കില്‍, ജെറെമി കോര്‍ബിന്‍, ഗ്രീന്‍സ് തുടങ്ങിയവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ റെയ്നര്‍ അധികാരത്തിലെത്തുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും അവര്‍ പറഞ്ഞു.
രാജാവിന്റെയും കെയ്റ്റ് രാജകുമാരിയുടെയും കാന്‍സറിന് കാരണം കോവിഡ് വാക്സിനോ?
അതിനിടെ, പാര്‍ട്ടിയെ വെട്ടിലാക്കികൊണ്ട്, പാര്‍ട്ടി സമ്മേളനത്തില്‍, ചാള്‍സ് രാജാവിന്റെയും കെയ്റ്റ് രാജകുമാരിയുടെയും കാന്‍സറിന് കോവിഡ് വാക്സിനുമായി ബന്ധമുണ്ടാകാം എന്ന് പ്രസംഗിച്ച നേതാവിനെ തള്ളിപ്പറഞ്ഞുകൊണ്ട് നെയ്ജല്‍ ഫരാജ് രംഗത്തെത്തി. ബിര്‍മ്മിഗ്ഹാമിലെ പാര്‍ട്ടി സമ്മേളനത്തില്‍ ശനിയാഴ്ച ഫാര്‍മസ്യൂട്ടിക്കള്‍ വ്യവസായം, രാഷ്ട്രീയക്കാര്‍, ലോകാരോഗ്യ സംഘടന എന്നിവയെ കുറിച്ചുള്ള പ്രസംഗത്തിനിടെയാണ് ഡോക്ടര്‍ അസീം മല്‍ഹോത്ര വിവാദ പരാമര്‍ശം നടത്തിയത്.
വാക്സിന്‍ വിരോധിയായ കാര്‍ഡിയോളജിസ്റ്റ്, അമേരിക്കയില്‍ സമാനമായ രീതിയില്‍ വിവാദമുണ്ടാക്കിയ ഹെല്‍ത്ത് സെക്രട്ടറി റോബട്ട് എഫ് കെന്നഡി ജൂനിയറിന്റെ സുഹൃത്താണ് എന്നാണ് അവകാശപ്പെടുന്നത്. മുതിര്‍ന്ന ഓങ്കോളജിസ്റ്റായ ആംഗസ് ദല്‍ജിലേഷുമായി താന്‍ സംസാരിച്ചുവെന്നും, വാക്സിനുകള്‍ ജീനുകളുമായി ചില ഇടപെടലുകള്‍ നടത്തുന്നതായി വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതായും ഡോക്ടര്‍ മല്‍ഹോത്ര പറഞ്ഞു. മാത്രമല്ല, നിരവധി പഠനങ്ങളില്‍ എം ആര്‍ എന്‍ എ വാക്സിനുകളുടെ ദോഷങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഏതെങ്കിലും ഒരു കോവിഡ് വാക്സിന്‍ കാന്‍സറിന് കാരണമാകുമെന്ന വാദത്തെ നേരത്തേ തന്നെ കാന്‍സര്‍ റിസര്‍ച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്.