പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായി; ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിളരുന്ന സാഹചര്യം; പാര്‍ട്ടി കൈവിട്ടതോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു; അപ്രതീക്ഷിത രാജി 2027 സെപ്തംബര്‍ വരെ കാലാവധി നിലനില്‍ക്കെ

അപ്രതീക്ഷിതമായി രാജി വച്ച് ജപ്പാന്‍ പ്രധാനമന്ത്രി

Update: 2025-09-07 13:05 GMT

ടോക്കിയോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. 68കാരനായ ഷിഗെരു ഇഷിബ ഞായറാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കനത്ത പരാജയം നേരിട്ടിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാകുന്നത് ലക്ഷ്യമിട്ടാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കും വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഷിഗെരു ഇഷിബ ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ രാജിവെക്കണമെന്ന ആവശ്യം ഷിഗെരു ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നാണ് ഉയര്‍ന്നത്. ഞായറാഴ്ച വരെ രാജി വയ്ക്കുമെന്ന നിലപാടില്‍ നിന്നിരുന്ന ഷിഗെരു ഇഷിബ അപ്രതീക്ഷിതമായാണ് രാജി പ്രഖ്യാപിക്കുന്നത്.

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. 248 അംഗ സഭയില്‍ 141 സീറ്റുകള്‍ ഉണ്ടായിരുന്നത് 122 ആയി കുറഞ്ഞിരുന്നു. ഇതോടെ മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാതായി മാറുന്ന സാഹചര്യവുമുണ്ടായിരുന്നു. ജപ്പാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എല്‍ഡിപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണമായ വലിയ തിരിച്ചടി ഉണ്ടായിട്ടും ഇഷിബ ഷിഗെരു രാജിവെക്കാന്‍ തയാറായിരുന്നില്ല. അധികാരത്തില്‍ തുടരുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

ഇഷിബയെ തഴഞ്ഞ് പുതിയ നേതാവിനെ കണ്ടെത്താനായി നേതൃ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണോയെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച തീരുമാനിക്കാനിരിക്കെയാണ് രാജി. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് ഇഷിബയ്‌ക്കെതിരായ അവിശ്വാസ പ്രമേയമായി മാറുമായിരുന്നു. പാര്‍ട്ടിയില്‍ സമ്പൂര്‍ണ നവീകരണം ആവശ്യമാണെന്നാണ് ഇതിന് പിന്നാലെ ഉയര്‍ന്ന ആവശ്യം. പാര്‍ട്ടി നേതാവെന്ന നിലയില്‍ 2027 സെപ്തംബര്‍ വരെ ഇഷിബയ്ക്ക് കാലാവധിയുണ്ടായിരുന്നു. പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും.

രാജിക്കായുള്ള ആവശ്യം ശക്തമായ സാഹചര്യത്തില്‍ കൃഷി മന്ത്രി ഷിന്‍ജീരോ കൊയ്‌സുമി, മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സൂഗ എന്നിവരുമായി ഇഷിബ കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ചത്തെ പാര്‍ട്ടി തീരുമാനത്തിനു മുന്‍പേ രാജിവെക്കാന്‍ ഇവരാണ് പ്രധാനമന്ത്രിയെ ഉപദേശിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഷിഗേരു ഇഷിബ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഇഷിബയുടെ പ്രധാന എതിരാളിയായ സനേ ടക്കായിച്ചി, കൃഷി മന്ത്രി ഷിന്‍ജീരോ കൊയ്‌സുമി എന്നിവര്‍ പാര്‍ട്ടി നേതൃത്വ സ്ഥാനത്തേക്കു മത്സരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News