ആസന്നമായ ആക്രമണത്തെ കുറിച്ച് ഖത്തര്‍ ഭരണാധികാരികളെ അറിയിക്കാന്‍ താന്‍ പ്രത്യേക ദൂതന് നിര്‍ദ്ദേശം നല്‍കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ തടയാന്‍ കഴിയാത്തവിധം വൈകിപ്പോയി; അമേരിക്കയ്ക്കും ഖത്തര്‍ അടുത്ത സുഹൃത്ത്; പശ്ചിമേഷ്യയില്‍ സമാധാനം വൈകുമെന്ന തിരിച്ചറിവില്‍ ട്രംപും

Update: 2025-09-10 04:18 GMT

ന്യുയോര്‍ക്ക്: ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനായി ഹമാസിന്റെ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ, ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ആക്രമണത്തില്‍ യുഎസ് പ്രസിഡന്റിന് വിഷമം ഉള്ളതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ഇസ്രായേല്‍ ഖത്തറിനെ ആക്രമിക്കുകയാണെന്ന് അമേരിക്കന്‍ സൈന്യം തന്നെ അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.

ആസന്നമായ ആക്രമണത്തെ കുറിച്ച് ഖത്തര്‍ ഭരണാധികാരികളെ അറിയിക്കാന്‍ താന്‍ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആക്രമണം തടയാന്‍ കഴിയാത്തവിധം വൈകിപ്പോയിരുന്നു. ഖത്തറിനെ ശക്തമായ ഒരു സഖ്യകക്ഷിയും സുഹൃത്തുമായി താന്‍ കാണുന്നതായും ആക്രമണത്തില്‍ തനിക്ക് വളരെ വിഷമമുണ്ടെന്നും എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളെയും വിട്ടു നല്‍കണം എന്നും ഈ യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കണമെന്നും ആഗ്രഹിക്കുന്നതായി ട്രംപ് വിശദീകരിച്ചു. ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്ന് ് ട്രംപ് ചൂണ്ടിക്കാട്ടി. ആക്രമണം നടത്താനുളള തീരുമാനം തന്റേതായിരുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമം ആയ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഖത്തറിനെ അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായാണ് അമേരിക്ക കാണുന്നത്.

ആക്രമണത്തിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. ഖത്തര്‍ പ്രധാനമന്ത്രിയുമായും താന്‍ സംസാരിച്ചിരുന്നതായും തങ്ങളുടെ രാജ്യത്തോടുള്ള അവരുടെ പിന്തുണയ്ക്കും സൗഹൃദത്തിനും നന്ദി അറിയിച്ചതായും ട്രംപ് പറഞ്ഞു. അവരുടെ മണ്ണില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്ന് താന്‍ ഉറപ്പുനല്‍കിയതായും ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാര്‍ അന്തിമമാക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേ സമയം ഈ സൈനിക നടപടിയെ കുറിച്ച് ഇസ്രയേല്‍ യു.കെയെ അറിയിച്ചിരുന്നില്ല. ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അപലപിച്ചു.

ഇത് ഖത്തറിന്റെ പരമാധികാരത്തെ ലംഘിക്കുന്നുവെന്നും മേഖലയിലുടനീളം സംഘര്‍ഷം രൂക്ഷമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരമായി വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്ക് വന്‍തോതില്‍ സഹായം എത്തിക്കല്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍്പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടിയായി ഹൂത്തികള്‍ ഇസ്രായേലിലേക്ക് ഒരു ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ പ്രതിരോധ സംവിധാനം അതിനെ തടഞ്ഞതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അതിനിടെ ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ജനങ്ങളോട്് ആവശ്യപ്പെട്ടു. തീവ്രവാദ നേതാക്കള്‍ക്ക് ഇനി എവിടെയും പ്രതിരോധശേഷിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേ സമയം ഈജിപ്തിനൊപ്പം വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍, ആക്രമണം ഭീരുത്വവും' നിയമവിരുദ്ധവുമാണെന്ന് പറഞ്ഞു. ഫ്രാന്‍സും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

Tags:    

Similar News