മറ്റൊരു കണ്‍സര്‍വേറ്റിവ് എംപി കൂടി റിഫോമിലേക്ക് കൂറുമാറി; അറിയപ്പെടുന്ന നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടേക്കും; ടോറികള്‍ക്ക് ബദലായി വളര്‍ന്ന് ഫാരേജിന്റെ പാര്‍ട്ടി; വനിതാ നേതാവിനെ കുറിച്ച് അശ്ലീലം പറഞ്ഞ കേസില്‍ കീര്‍ സ്റ്റാര്‍മാരുടെ ഉപദേശകന്‍ രാജി വച്ചു; ബ്രിട്ടണില്‍ സംഭവിക്കുന്നത്

Update: 2025-09-16 00:18 GMT

ലണ്ടന്‍: ബ്രിട്ടണില്‍ രാഷ്ട്രീയം ചൂടു പിടിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യു കെയിലേക്കുള്ള ഒഴുക്ക് ഒരു തുടര്‍ക്കഥയാകുമ്പോള്‍, ഓരോ ദിവസവും അണികള്‍ കാത്തിരിക്കുന്നത് ഇന്ന് പാര്‍ട്ടി വിടുന്ന പ്രമുഖന്‍ ആരെന്നറിയുവാനാണ്. ഇന്നലെ നാടകീയമായി ഷാഡോ മന്ത്രിയും ഈസ്റ്റ് ഐല്‍റ്റ്ഷയറില്‍ നിന്നുള്ള എം പിയുമായ ഡാനി ക്രുഗര്‍ കൂടി റിഫോം യു കെയില്‍ ചേര്‍ന്നതോട് ഈ ഒഴുക്ക് കൂടുതല്‍ ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. വില്‍റ്റ്ഷയറില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ റിഫോം നേതാവ് നെയ്ജല്‍ ഫരാജ് തന്നെയാണ് എം പിയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പൂര്‍ണ്ണമായും തകര്‍ന്നു എന്നാണ് ഡാനി ക്രുഗര്‍ പറഞ്ഞത്.

ക്രുഗറിന്റെ കൂറുമാറ്റം വലിയ പ്രസക്തിയുള്ള ഒന്നല്ലെന്ന മട്ടില്‍ അവഗണിക്കാനായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്‌ഡോക്ക് തീരുമാനിച്ചത്. എന്നാല്‍, അദ്ദേഹത്തിനുള്ള വിപുലമായ ബന്ധങ്ങള്‍ പരിഗണിക്കുമ്പോള്‍, അദ്ദേഹം പാര്‍ട്ടി വിട്ടത് വലിയൊരു നഷ്ടം തന്നെയാണ് എന്നാണ് മറ്റുപല നേതാക്കളും കരുതുന്നത്. മാത്രമല്ല, അദ്ദേഹത്തിന്റെ പോക്ക് പാര്‍ട്ടി അണികള്‍ക്കിടയിലും റിഫോമിനനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം പരക്കവെ സുവെല്ല ബ്രേവര്‍മാന്‍, ലോര്‍ഡ് ഫ്രോസ്റ്റ്, നേരത്തേ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച റോബര്‍ട്ട് ജെന്റിക് എന്നിവരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

പരസഹായത്തോടെയുള്ള ആത്മഹത്യയെ നിയമവിധേയമാക്കിയ നിയമത്തെ എതിര്‍ത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാരുടെ സംഘത്തിന്റെ നേതാവായിരുന്ന ക്രുഗര്‍ അറിയപ്പെടുന്ന ഒരു വലതുപക്ഷ ആശയക്കാരനാണ്. നേരത്തെ, ഡേവിഡ് കാമറൂണിന്റെ സഹായി ആയിരിക്കെ കുപ്രസിദ്ധമായ 'ഹഗ് എ ഹൂഡി' പ്രസംഗം തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു. റോബര്‍ട്ട് ജെന്റിക്, പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന പ്രചാരകനുമായിരുന്നു ക്രുഗര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തറപറ്റിക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതലയാണ് റിഫോം പാര്‍ട്ടി ക്രുഗറിന് നല്‍കിയിരിക്കുന്നത്.

അടുത്ത പ്രധാനമന്ത്രി നെയ്ജല്‍ ഫരാജ് ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ടുപോകുന്നതില്‍ വ്യക്തിപരമായ വേദനയുണ്ട് എന്ന് പറഞ്ഞ ക്രുഗര്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം പാര്‍ട്ടി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകും എന്ന് പ്രതീക്ഷിച്ചിരുന്നതായും പറഞ്ഞു. പഴയ രീതികള്‍ക്ക് ഇന്ന് സ്ഥാനമില്ല, മദ്ധ്യവര്‍ത്തി നയം ഇനി വിലപ്പോകില്ല. നയങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ ആവശ്യമാണ്, അദ്ദേഹം പറഞ്ഞു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ആ മാറ്റം നറ്റക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കീര്‍ സ്റ്റാര്‍മറുടെ ഉപദേശകന്‍ രാജിവെച്ചു

പ്രതിസന്ധികള്‍ വിടാതെ പിന്തുടരുകയാണ് ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാരിനെ. ഉപപ്രധാനമന്ത്രിക്ക് പോലും രാജിവയ്ക്കേണ്ടിവന്ന കടുത്ത പ്രതിസന്ധിക്ക് പിറകെ ഇപ്പോള്‍ കീര്‍ സ്റ്റാര്‍മറുടെ പ്രധാന ഉപദേഷ്ടാവും രാജിവയ്ക്കുകയാണ്. സ്ട്രാറ്റജി ഡയറക്ടര്‍ ആയിരുന്ന പോള്‍ ഓവെന്‍ഡെന്‍ ഇന്നലെ രാജി വെച്ചത് 2017 ലെ ഒരു വിവാദവുമായി ബന്ധപ്പെട്ടാണ്. ഒരു മുന്‍ പത്രപ്രവര്‍ത്തകനായ ഓവെന്‍ഡെന്‍ 2014 മുതല്‍ ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഒരു മുന്‍ സഹപ്രവര്‍ത്തകനുമായുള്ള ആശയവിനിമയത്തിനിടെ ഒരു വനിത സഹപ്രവര്‍ത്തകയെ കുറിച്ച് അശ്ലീല പദങ്ങള്‍ ഉപയോഗിച്ചു സംസാരിച്ചു എന്നതായിരുന്നു അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

മുന്‍ എം പിയും ജെറെമി കോര്‍ബിന്റെ സംഘത്തിലെ ഷാഡോ ഹോം സെക്രട്ടറിയുമായിരുന്ന ഡയന്‍ അബട്ടിനെ കുറിച്ചായിരുന്നു ഓവെന്‍ഡെന്‍ പരാമര്‍ശിച്ചത്. ഈ വിവാദം വീണ്ടും ചര്‍ച്ചാ വിഷയമായതോടെയാണ് ഓവെന്‍ഡന് രാജി വയ്ക്കേണ്ടതായി വന്നത്. മാത്രമല്ല, കുട്ടി പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പുറത്തായി. എപ്സ്റ്റീനെ പോലൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഓവെന്‍ഡനെ ആ സ്ഥാനത്ത് നിയമിക്കില്ലായിരുന്നു എന്നായിരുന്നു ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്.

Tags:    

Similar News