ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല; ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല; അഫ്ഗാന്റെ ഒരിഞ്ച് മണ്ണില്‍ പോലും കരാര്‍ സാധ്യമല്ല; ബഗ്രാം വ്യോമതാവളം തിരികെ നല്‍കില്ല'; 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി താലിബാന്‍ ഭരണകൂടം
'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി താലിബാന്‍ ഭരണകൂടം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിനു തിരികെ നല്‍കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാല്‍ ഭരിക്കപ്പെടുന്നുവെന്നും താലിബാന്‍ വ്യക്തമാക്കി. ബഗ്രാം വ്യോമതാവളം തിരികെ നല്‍കാന്‍ വിസമ്മതിച്ചാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സാധ്യമല്ല എന്നാണ് താലിബാന്റെ പ്രതികരണം. ഡോണള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയാണ് താലിബാന്റെ പ്രതികരണം. ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം, 2021ല്‍ അധികാരം തിരിച്ചു പിടിച്ചതിനു ശേഷം താലിബാന്റെ നിയന്ത്രണത്തിലാണ്.
'അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും സ്വതന്ത്രമാണ്. സ്വന്തം ജനങ്ങളാല്‍ ഭരിക്കപ്പെടുന്നു. ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല. അടുത്തിടെ, ചില ആളുകള്‍ ബഗ്രാം എയര്‍ ബേസ് തിരികെ ഏറ്റെടുക്കുന്നതിനായി അഫ്ഗാനിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണില്‍ പോലും ഒരു കരാര്‍ സാധ്യമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'- ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ അഫ്ഗാന്റെ ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീന്‍ ഫിത്രാത്ത് കാബൂളില്‍ പറഞ്ഞു.
ബഗ്രാം വ്യോമതാവളം തിരികെ നല്‍കാന്‍ വിസമ്മതിച്ചാല്‍ 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് ഏകദേശം 64 കിലോമീറ്റര്‍ അകലെയാണ് ബഗ്രാം.
യുഎസിലെ 9/11 ആക്രമണങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ബഗ്രാം എയര്‍ ബേസ്. ആയിരക്കണക്കിന് ആളുകളെ യുഎസ് സേന വര്‍ഷങ്ങളോളം ഇവിടെ വിചാരണ കൂടാതെ തടവിലാക്കിയിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത് യുഎസ് സൈനികര്‍ക്കായി ബര്‍ഗര്‍ കിംഗ്, പിസ്സ ഹട്ട് പോലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളും, ഇലക്ട്രോണിക്‌സ് മുതല്‍ അഫ്ഗാന്‍ പരവതാനികള്‍ വരെ വില്‍ക്കുന്ന കടകളും ഈ താവളത്തില്‍ ഉണ്ടായിരുന്നു എന്നാണ്. ബഗ്രാമില്‍ ഒരു വലിയ ജയിലും ഉണ്ടായിരുന്നു. 2021 ജൂലൈയില്‍ യുഎസ്, നാറ്റോ സൈനികര്‍ ബഗ്രാം വ്യോമതാവളത്തില്‍ നിന്ന് പിന്‍വാങ്ങി. ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്തുണ്ടാക്കിയ കരാര്‍ ബൈഡന്‍ ഭരണ കാലത്താണ് പ്രാബല്യത്തില്‍ വന്നത്.
ബഗ്രാം വ്യോമതാവളത്തിന്റെ തന്തപ്രധാന സ്ഥാനമാണ് അമേരിക്കയെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷകമായിട്ടുള്ളത്. ഇറാന്‍, പാകിസ്ഥാന്‍, ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവിടങ്ങളില്‍ സ്വാധീനം ചെലുത്താനും നിരീക്ഷണം ശക്തമാക്കാനും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ യുകെ സന്ദര്‍ശനത്തിനിടെയാണ് ഈ തന്ത്രപ്രധാനമായ താവളത്തിന്റെ നിയന്ത്രണം തിരികെ നേടാന്‍ യുഎസ് ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്.