'ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലമെന്ന് ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു; യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നു'; പലസ്തീനെ ബ്രിട്ടന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിനെ വിമര്‍ശിച്ച് ഇസ്രയേല്‍; പരിഹാരം രണ്ട് രാഷ്ട്രമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍; യോജിക്കുന്നില്ലെന്ന് ട്രംപ്
ടെല്‍ അവീവ്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ബ്രിട്ടന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രയേല്‍. ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 'ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു: ഈ അംഗീകാരം ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലം ആണെന്ന്.' വിദേശകാര്യ മന്ത്രാലയം എക്സ് പോസ്റ്റില്‍ പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് കെയര്‍ സ്റ്റാര്‍മര്‍ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഹമാസിനെ ഒറ്റപ്പെടുത്തണമെങ്കില്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ജപ്പാനും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം പലസ്തീനെ അംഗീകരിച്ച രാഷ്ട്രമാണ് യുകെ. ഫ്രാന്‍സും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
ഗാസയില്‍ തുടരുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുക, വെടിനിര്‍ത്തലിന് സമ്മതിക്കുക, വെസ്റ്റ് ബാങ്കില്‍ അധിനിവേശമുണ്ടാകില്ലെന്ന് വ്യക്തമാക്കുക, ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കുന്ന ദീര്‍ഘകാല സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധരാവുക എന്നിവയാണ് ബ്രിട്ടന്‍ ഇസ്രയേലിന് മുന്‍പില്‍ ഉയര്‍ത്തിയ ആവശ്യം. ഇവ ഇസ്രയേല്‍ അംഗീകരിക്കാത്ത പക്ഷം പലസ്തീന്‍ രാഷ്ട്രപദവിയെ പിന്തുണയ്ക്കുമെന്നാണ് സ്റ്റാര്‍മര്‍ അന്ന് മന്ത്രിമാരെ അറിയിച്ചത്.
ഓസ്‌ട്രേലിയക്കും കാനഡയ്ക്കും പിന്നാലെയാണ് പലസ്തീനെ അംഗീകരിച്ചു കൊണ്ട് ബ്രിട്ടന്‍ രംഗത്തെത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ആന്തണി ആല്‍ബനീസും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറും പറഞ്ഞു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ പലസ്തീനെ അംഗീകരിക്കാനിരിക്കെയാണ് പ്രഖ്യാപനവുമായി ബ്രിട്ടനും കാനഡയും ഓസ്‌ട്രേലിയയും എത്തുന്നത്.
''ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രതീക്ഷ മങ്ങുകയാണ്, പക്ഷേ നമുക്ക് ആ വെളിച്ചം കെടുത്താന്‍ കഴിയില്ല... ഇന്ന്, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍, യുകെ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നു'' യുകെ പ്രധാനമന്ത്രി പറഞ്ഞു.
''സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും സാധ്യത നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതായത് സുരക്ഷിതവും ഭദ്രവുമായ ഒരു ഇസ്രായേല്‍, പ്രായോഗികമായ ഒരു പലസ്തീന്‍ രാഷ്ട്രം. ഇപ്പോള്‍ നമുക്ക് രണ്ടും ഇല്ല'' എന്ന് കെ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേലിന്റെയും അമേരിക്കയുടെയും എതിര്‍പ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറിന്റെ പ്രഖ്യാപനം.
തീരുമാനം അംഗീകാരം ഹമാസിനുള്ള പ്രതിഫലമല്ലെന്നും വരും ആഴ്ചകളില്‍ ഹമാസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യുകെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. ''തുറന്നു പറയട്ടെ, ഹമാസ് ഒരു ക്രൂരമായ ഭീകര സംഘടനയാണ്. യഥാര്‍ത്ഥ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഞങ്ങളുടെ ആഹ്വാനം അവരുടെ വിദ്വേഷകരമായ ദര്‍ശനത്തിന് നേര്‍ വിപരീതമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് വ്യക്തമാണ്, ഈ പരിഹാരം ഹമാസിനുള്ള പ്രതിഫലമല്ല, കാരണം അതിനര്‍ത്ഥം ഹമാസിന് ഭാവിയില്ല, സര്‍ക്കാരില്‍ ഒരു പങ്കുമില്ല, സുരക്ഷയില്‍ ഒരു പങ്കുമില്ല എന്നാണ്'' കെയിര്‍ സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.