പോളണ്ടിന് മീതേ..നിങ്ങളുടെ മിസെെലോ വിമാനമോ പോയാൽ പണി തരും; വെടിവെച്ചിട്ടാൽ പരാതിയുമായി വരരുത്..!!; യുഎൻ യോഗത്തിൽ ചിത്രങ്ങൾ സഹിതം കാണിച്ച് തുറന്നടി; വ്യോമപരിധി ലംഘിച്ചാല്‍ ഉറപ്പായും തിരിച്ചടിക്കുമെന്ന് മന്ത്രി; യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പിൽ പുടിൻ പേടിക്കുമോ?
വാർസൗ: റഷ്യൻ വിമാനങ്ങളോ മിസൈലുകളോ അനുമതിയില്ലാതെ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുകയാണെങ്കിൽ അവ വെടിവെച്ചിടുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. അടുത്തിടെ റഷ്യയുടെ ഭാഗത്തുനിന്ന് നിരന്തരമായി വ്യോമാതിർത്തി ലംഘനങ്ങൾ ഉണ്ടാകുന്നതായി നാറ്റോ രാജ്യങ്ങൾ ആരോപിക്കുന്നതിനിടെയാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തിലാണ് റഷ്യക്കെതിരായ ഈ മുന്നറിയിപ്പ് ഉയർന്നുവന്നത്.
"കരുതിക്കൂട്ടിയോ അബദ്ധത്തിലോ അനുമതിയില്ലാതെ ഇനിയൊരാൾ മിസൈലോ വിമാനമോ നമ്മുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കുകയും അത് വെടിവെച്ചു തകർക്കപ്പെട്ട് നാറ്റോയുടെ ഭൂപ്രദേശത്ത് പതിക്കുകയും ചെയ്താൽ, അക്കാര്യം പരാതി പറയാൻ ദയവായി ഇങ്ങോട്ട് വരരുത്," പോളണ്ടിന്റെ വിദേശകാര്യമന്ത്രി റാഡോസ്ലോ സികോർസ്കി പറഞ്ഞു.
നേരത്തെ പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും സമാനമായ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. "ഞങ്ങളുടെ അതിർത്തി ലംഘിച്ച് പോളണ്ടിന് മുകളിലൂടെ പറക്കുന്ന വസ്തുക്കളെ ചർച്ചകൾക്ക് നിൽക്കാതെ വെടിവെച്ചിടാൻ ഞങ്ങൾ തീരുമാനമെടുക്കും," ടസ്ക് വ്യക്തമാക്കി.
ഈ മാസം ആദ്യം റഷ്യയുടെ മൂന്ന് മിഗ് 31 വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി എസ്റ്റോണിയ അറിയിച്ചിരുന്നു. അവ തുരത്തുന്നതിന് മുൻപ് ഏകദേശം 12 മിനിറ്റോളം എസ്റ്റോണിയയുടെ വ്യോമാതിർത്തിയിൽ തുടർന്നതായും റിപ്പോർട്ടുണ്ട്. കൂടാതെ, ഇക്കഴിഞ്ഞ മാസം റഷ്യയുടെ ഇരുപത് ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും നാറ്റോ അവ വെടിവെച്ചിടുകയും ചെയ്തു. റൊമാനിയയുടെ വ്യോമാതിർത്തിയിലും റഷ്യൻ ഡ്രോൺ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്.
എസ്റ്റോണിയയുടെ അഭ്യർത്ഥന പ്രകാരം വിളിച്ചുചേർത്ത യുഎൻ യോഗത്തിൽ, റഷ്യൻ വിമാനങ്ങളുടെ റഡാർ രേഖകളും ചിത്രങ്ങളും ഹാജരാക്കി. യുദ്ധസജ്ജമായി, മിസൈലുകളുമായിരുന്നു അവയെന്നും എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രി മാർഗസ് സഹ്ക്‌ന പറഞ്ഞു. ഡെന്മാർക്കിന്റെ വിദേശകാര്യമന്ത്രിയും റഷ്യയുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിൽ യുക്രെയ്നിലും ബാൾട്ടിക് കടലിലും കരിങ്കടലിലും കിഴക്കൻ യൂറോപ്പിലാകെയും പ്രവർത്തിക്കാമെന്നാണ് റഷ്യ കരുതുന്നതെന്നും, മോസ്കോയുടെ അയൽരാജ്യങ്ങൾ തങ്ങളാകാം അടുത്ത ലക്ഷ്യമെന്ന് ഭയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഭാഗത്തുനിന്നുള്ള ഈ വർധിച്ചുവരുന്ന വ്യോമാതിർത്തി ലംഘനങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം ഈ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.