'ഇങ്ങനെ കണ്ണീരൊഴുക്കാതെ അരിയാന'; ജോ ബൈഡന്‍ വരുത്തിവെച്ച പണപ്പെരുപ്പം ട്രംപ് അവസാനിപ്പിച്ചു; അമേരിക്കയില്‍ വന്‍കിട നിക്ഷേപങ്ങള്‍ കൊണ്ടുവന്നു; പോപ് താരത്തിന്റെ ട്രംപ് വിമര്‍ശനത്തിന് മറുപടി നല്‍കി വൈറ്റ്ഹൗസ്

Update: 2025-09-30 14:28 GMT

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുള്ള പ്രമുഖ മേക്കപ് ആര്‍ട്ടിസ്റ്റ് മാറ്റ് ബേണ്‍സ്റ്റീന്റെ കുറിപ്പ് പങ്കുവെച്ച അമേരിക്കന്‍ പോപ് താരം അരിയാനയ്ക്ക് നേരിട്ട് മറുപടി നല്‍കി വൈറ്റ് ഹൗസ്. 'ഇങ്ങനെ കണ്ണീരൊഴുക്കാതെ അരിയാന' എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയുടെ മറുപടി. പ്രസിഡന്റ് ജോ ബൈഡന്‍ വരുത്തിവെച്ച പണപ്പെരുപ്പം ട്രംപ് അവസാനിപ്പിച്ചുവെന്നും അമേരിക്കയില്‍ വന്‍കിട നിക്ഷേപങ്ങള്‍ കൊണ്ടുവന്നെന്നും മറുപടിയില്‍ പറയുന്നു.

ആഗോളതലത്തില്‍ ആരാധകരുള്ള പോക് ഗായികയാണ് അരിയാന. കഴിഞ്ഞ ദിവസമാണ് അവര്‍ സമൂഹമാധ്യമത്തില്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമുഖ മേക്കപ് ആര്‍ട്ടിസ്റ്റ് മാറ്റ് ബേണ്‍സ്റ്റീന്റെ കുറിപ്പ് പങ്കുവെച്ചത്. ട്രംപിന്റെ നയങ്ങളുടെ പ്രായോഗികത ചോദ്യം ചെയ്യുന്നതായിരുന്നു കുറിപ്പ്.

'ട്രംപിന് വോട്ടുചെയ്തവരോട് ഒരുചോദ്യം. അധികാരത്തിലെത്തിയിട്ട് 250 ദിവസം പിന്നിട്ടു. കുടിയേറ്റക്കാര്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും പറിച്ചുമാറ്റപ്പെട്ടു. കൂട്ടായ്മകള്‍ നശിപ്പിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ സര്‍വ രംഗത്തും പഴിചാരുന്നു. അവര്‍ ഭീതിയിലാണ് കഴിയുന്നത്. അഭിപ്രായ സ്വാതന്ത്രം തകര്‍ച്ചയുടെ വക്കിലാണ്. നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ പലചരക്ക് സാധനങ്ങളുടെ വില കുറഞ്ഞോ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞോ തൊഴില്‍,ജീവിത സാഹചര്യങ്ങളില്‍ മാറ്റം വന്നോ നിങ്ങള്‍ക്ക് അവധിയെടുക്കാനാവുന്നുണ്ടോ നിങ്ങള്‍ സന്തുഷ്ടരാണോ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതുപോലെ നിങ്ങള്‍ അഭിമുഖീകരിച്ച സഹനങ്ങളുടെ ഗുണഫലങ്ങള്‍ ലഭിച്ചുതുടങ്ങിയോ അതോ ഇപ്പോഴും കാത്തിരിക്കുകയാണോ'-കുറിപ്പില്‍ ചോദിക്കുന്നു.

പ്രസിഡന്റ് ട്രംപിന്റെ നടപടികള്‍ ജോ ബൈഡന്‍ വരുത്തിവെച്ച പണപ്പെരുപ്പ പ്രതിസന്ധി പരിഹരിച്ചു. ആ നടപടികള്‍ ട്രില്യണ്‍ കണക്കിന് പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നുവെന്നും ദേശായ് മറുപടിയില്‍ പറയുന്നു.

അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടികളില്‍ പ്രേക്ഷകരെ വലച്ച് തെറ്റായ ടിക്കറ്റിങ് രീതികള്‍ പിന്തുടര്‍ന്ന ടിക്കറ്റ് മാസ്റ്റര്‍ പ്‌ളാറ്റ്‌ഫോമിനെതിരെയടക്കം നടപടികള്‍ക്ക് ഫെഡറല്‍ ട്രേഡ് കമീഷനെ (എഫ്.ടി.സി) അധികാരപ്പെടുത്തി ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടിവ് ഉത്തരവും ദേശായ് ഓര്‍മിപ്പിച്ചു. നേരത്തെ, അമേരിക്കയില്‍ സ്ത്രീ പുരുഷ ലിംഗങ്ങളെ മാത്രമേ ഔദ്യോഗികമായി അംഗീകരിക്കൂവെന്ന ട്രംപിന്റെ ഉത്തരവിനെതിരെയും അരിയാന രംഗത്തെത്തിയിരുന്നു.

Similar News