വണ്ടുകള്‍ കടിച്ചത് കാരണം ശരീരത്തില്‍ ചൊറിച്ചില്‍; ചിത്രങ്ങള്‍ എടുത്ത ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ തുന്‍ബര്‍ഗിനെ ഇസ്രയേല്‍ പതാക പിടിക്കാന്‍ നിര്‍ബന്ധിച്ചു; തനിക്കുണ്ടാകുന്നത് മോശം പെരുമാറ്റം; ആരോപണങ്ങളുമായി ഗ്രേറ്റ തുന്‍ബര്‍ഗ്; നിഷേധിച്ച് ഇസ്രയേലും
ജെറുസലേം: ഇസ്രയേല്‍ അധികൃതര്‍ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ്. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകരുമായി ഗാസയിലേക്കുള്ള യാത്രക്കിടെ അവരെ ഇസ്രയേല്‍ അധികൃതര്‍ പിടികൂടിയിരുന്നു. ധാരാളം വണ്ടുകളുള്ള ഒരു സെല്ലിലാണ് തന്നെ അവര്‍ പാര്‍പ്പിച്ചതെന്നും ഭക്ഷണവും വെള്ളവും ചെറിയ അളവില്‍ മാത്രമാണ് നല്‍കിയതെന്നുമാണ് തുന്‍ബര്‍ഗ് കുറ്റപ്പെടുത്തുന്നത്.
ഇസ്രയേലി പതാക പിടിച്ചു കൊണ്ട് ഫോട്ടോയെടുക്കാന്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതയാക്കിയതായും അവര്‍ ആരോപിക്കുന്നു. നാല്‍പ്പതിലധികം കപ്പലുകള്‍ ഉള്‍പ്പെടുന്ന ഫ്രീഡം ഫ്ലോട്ടില്ലയുടെ ഭാഗമായിട്ടാണ് ഇസ്രായേലിന്റെ 16 വര്‍ഷത്തെ സമുദ്ര ഉപരോധം ലംഘിച്ച് സംഘം പുറപ്പെട്ടത്. യൂറോപ്പില്‍ നിന്ന് പുറപ്പെട്ട 437 ആക്ടിവിസ്റ്റുകളില്‍ പാര്‍ലമെന്റേറിയന്മാരും അഭിഭാഷകരും ഉള്‍പ്പെട്ടിരുന്നു. ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയില്‍, ഇസ്രായേല്‍ നാവികസേന എല്ലാ കപ്പലുകളും തടഞ്ഞുനിര്‍ത്തി അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് കപ്പലിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലെ ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള അന്‍സാര്‍ ത്രീ ജയിലിലാണ് ഇവരില്‍ ഭൂരിഭാഗം പേരെയും തടവിലാക്കിയിരിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആരോപിക്കപ്പെടുന്ന ഫലസ്തീന്‍ സുരക്ഷാ തടവുകാരെ സാധാരണയായി ഇവിടെയാണ് പാര്‍പ്പിക്കുന്നത്. സ്വീഡിഷ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുന്‍ബര്‍ഗുമായി സംസാരിച്ച വേളയിലാണ് തനിക്ക് ഇത്തരത്തില്‍ മോശം പെരുമാറ്റം ഉണ്ടായതായി അവര്‍ വെളിപ്പെടുത്തിയത്. തനിക്ക് ഉണ്ടായതായും ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിച്ചില്ലെന്നും തുന്‍ബര്‍ഗ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
വണ്ടുകള്‍ കടിച്ചത് കാരണം ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി അവര്‍ വ്യക്തമാക്കി. ഇവരുടെ ചിത്രങ്ങള്‍ എടുത്ത ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ തുന്‍ബര്‍ഗിനെ ഇസ്രയേല്‍ പതാക പിടിക്കാന്‍ നിര്‍ബന്ധിച്ചതായി മറ്റൊരു തടവുകാരി വെളിപ്പെടുത്തി. ഈ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. പിടിയിലായ തുര്‍ക്കി ആക്ടിവിസ്റ്റ് എര്‍സിന്‍ സെലിക് പറയുന്നത് ഗ്രേറ്റയെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചു, മര്‍്ദ്ദിക്കുകയും ഇസ്രായേല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ്. അതേ സമയം കടല്‍ വഴി ഗാസയില്‍ എത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളില്‍ പലരും അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങളെ നിന്ദ്യമായ നുണപ്രചരണം എന്ന് പറഞ്ഞാണ് ഇസ്രയേല്‍ തള്ളിക്കളഞ്ഞത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇസ്രായേല്‍ സൈന്യം തുന്‍ബര്‍ഗിനെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചത് എന്നാണ് മറ്റൊരു ആരോപണം. അവരുടെ കൈകള്‍ കെട്ടിയതിന് ശേഷമാണ് ഇരിക്കാന്‍ അനുവദിച്ചതെന്നും കൂടെയുള്ളവര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇസ്രയേല്‍ അധികൃതര്‍ പറയുന്നത് ഗ്രേറ്റ ഇത്തരത്തില്‍ പരസ്യമായി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല എന്നാണ്.