അഫ്ഗാനിസ്ഥാനില്‍ ഖനനം നടത്താനായി ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ച താലിബാന്‍; താലിബാന്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായി അംഗീകരിച്ച ഒരേയൊരു രാജ്യമായ റഷ്യയില്‍ നിന്ന് ഡല്‍ഹിയില്‍ പറന്നിറങ്ങിയ മുത്താഖി; കാബൂളുമായുള്ള ഇന്ത്യന്‍ സൗഹൃദം ഞെട്ടിപ്പിക്കുന്നത് പാകിസ്ഥാനെ; അഫ്ഗാനില്‍ ഇന്ത്യയുടെ എംബസി വന്നേക്കും; മുത്താഖിയുടെ വരവ് ചര്‍ച്ചകളില്‍

Update: 2025-10-11 04:13 GMT

ഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി മൗലവി അമീര്‍ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനം അന്തര്‍ദേശീയതലത്തില്‍ തന്നെ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ്. 2021 ല്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യയിലേക്ക് താലിബാന്റെ ഏറ്റവും ഉന്നതതലത്തിലുള്ള ഇന്ത്യാ സന്ദര്‍ശനമാണിത്. എട്ട് ദിവസമാണ് മുത്താഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ ഉന്നതതല സംഘങ്ങളുമായി നയതന്ത്ര, വ്യാപാര, സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യയുടെ അഫ്ഗാന്‍ നയത്തിന്റെ ഒരു വ്യാപനമായാണ് ഈ സന്ദര്‍ശനത്തെ നോക്കി കാണുന്നത്.

ഇന്നലെ മുത്താഖി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ സന്ദര്‍ശിച്ച ശേഷം, നാല് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ അടച്ചിട്ടിരുന്ന കാബൂളിലെ എംബസി വീണ്ടും തുറക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. അതേ സമയം താലിബാന്‍ ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്നത് പാക്കിസ്ഥാന്‍ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. യുഎന്‍ ഉപരോധങ്ങളില്‍ നിന്ന് താല്‍ക്കാലിക ഇളവ് ലഭിച്ച മുത്തഖിക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നു. താലിബാന്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായി അംഗീകരിച്ച ഒരേയൊരു രാജ്യമായ റഷ്യയില്‍ നിന്നാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് വന്നത്.

പാകിസ്ഥാനുമായുള്ള താലിബാന്റെ ബന്ധം ഇത്രയും വഷളാകുമെന്നും, കാബൂളിലെ പുതിയ സര്‍ക്കാരുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുമെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. പാശ്ചാത്യ പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരിനെ ഇന്ത്യ പിന്തുണച്ചിരുന്നു. ആ സര്‍ക്കാരിനെ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യയെ 'അടുത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മുത്താഖി, തന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍ പ്രതിനിധി സംഘം ഇന്ത്യയിലെ വ്യവസായ സമൂഹത്തിന്റെ പ്രതിനിധികളെയും കാണും.

അഫ്ഗാനിസ്ഥാനിലെ ഭരണാധികാരികളെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, താലിബാനുമായി നയതന്ത്രപരമോ അനൗപചാരികമോ ആയ ബന്ധം നിലനിര്‍ത്തുന്ന നിരവധി രാജ്യങ്ങളില്‍ ഒന്നാണിത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ വലിയ തോതിലുള്ള മാനുഷിക സഹായമാണ് അയയ്ക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായ ഈ കാലഘട്ടത്തില്‍ അഫ്ഗാനുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാകുകയാണ്. മുത്താഖിയുടെ സന്ദര്‍ശനം പാക്കിസ്ഥാന് വലിയ തിരിച്ചടിയായി മാറുമെന്നാണ് പല നയതന്ത്ര വിദഗ്ധരും കരുതുന്നത്.

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ, ഇന്ത്യ അഫ്ഗാനിസ്ഥാനിലെ എംബസിയും നാല് കോണ്‍സുലേറ്റുകളും അടച്ചുപൂട്ടുകയും വിദ്യാര്‍ത്ഥികള്‍, രോഗികള്‍, വ്യാപാരികള്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള അഫ്ഗാനികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിച്ചു. 2022 ല്‍ മാനുഷിക സഹായ വിതരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു വിദഗ്ധ സംഘത്തേയും അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ നവംബറില്‍, ഡല്‍ഹിയില്‍ ഒരു ദൂതനെ നിയമിക്കാനും ആദ്യം മുംബൈയിലും പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഹൈദരാബാദിലും കോണ്‍സുലേറ്റുകള്‍ തുറക്കാനും ഇന്ത്യ താലിബാനെ അനുവദിച്ചു.

കഴിഞ്ഞ ജനുവരിയില്‍ മുത്താഖിയും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍് ഉറപ്പ് നല്‍കിയതായി മുത്താക്കി വ്യക്തമാക്കി. ചൈനയെയും മേഖലയിലെ പാകിസ്ഥാന്റെ സ്വാധീനത്തെയും ചെറുക്കുന്നതിന് ഇറാനുമായും മധ്യേഷ്യയുമായും ബന്ധം ശക്തിപ്പെടുത്താനുള്ള ഡല്‍ഹിയുടെ നീക്കങ്ങള്‍ക്ക് താലിബാനുമായുള്ള ബന്ധവും പ്രധാനമാണ്. അഫ്ഗാനിസ്ഥാന്‍ ഒരു പരമാധികാര രാജ്യമാണ് എന്നും അത് അങ്ങനെ തന്നെ തുടരുമെന്നും മുത്താഖി പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്താനിലെ കാബൂളിലുള്ള ഇന്ത്യയുടെ ടെക്നിക്കല്‍ മിഷന്‍ എംബസി ആയി ഉയര്‍ത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ ഖനനം നടത്താനായി ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ച താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. കാബൂളിനും ഡല്‍ഹിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളും ധാരണയിലായിട്ടുണ്ട്.

Similar News