ഫലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു; വിട്ടുനല്‍കിയ മൃതദേഹങ്ങളില്‍ പീഡനങ്ങളുടെ അടയാളങ്ങള്‍; അഞ്ച് സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി; അന്വേഷണത്തിനിടെ മുഖ്യ നിയമോപദേഷ്ടാവിന്റെ രാജിയും; ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ജറുസലം: ഗാസ യുദ്ധത്തിനിടെ അറസ്റ്റ് ചെയ്ത ഫലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ മര്‍ദ്ദിക്കുന്ന വിഡിയോ ചോര്‍ന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അന്വേഷണം തുടരുന്നതിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവ് അഡ്വക്കറ്റ് ജനറല്‍ യിഫാറ്റ് തോമര്‍ യെരുഷല്‍മി രാജിവച്ചു. വിഡിയോ ചോര്‍ത്തുന്നതിന് 2024 ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നതായി തോമര്‍ യെരുഷല്‍മി പറഞ്ഞു. വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അഞ്ച് സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനിടെയാണ് മുഖ്യ നിയമോപദേഷ്ടാവിന്റെ രാജി.
വിഡിയോ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും തോമര്‍ യെരുഷല്‍മിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. നിയമ വകുപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടതെന്ന് തോമര്‍ യെരുഷല്‍മി ന്യായീകരിച്ചു. സൈനികരുടെ തെറ്റായ നടപടികളുടെ പേരില്‍ തന്റെ വകുപ്പ് അപവാദ പ്രചാരണങ്ങള്‍ക്ക് വിധേയമായെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികള്‍ യെരുഷല്‍മിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ കുറ്റങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആരും സൈന്യത്തിന്റെ ഭാഗമാകാന്‍ യോഗ്യരല്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
2023 ഒക്ടോബര്‍ 7നാണ് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന്, ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 65,000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി 1,700 പാലസ്തീന്‍ തടവുകാരെ വിട്ടയച്ചിരുന്നു. ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നതായി ഇവരില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം കൊല്ലപ്പെട്ട 30 ഫലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ ഗസ്സയ്ക്ക് കൈമാറി. പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളിലുള്ളതായാണ് സൂചന. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങളില്‍ പലതിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലേറ്റതിന്റെ അടയാളങ്ങളും വധശിക്ഷ നടപ്പിലാക്കിയതിന്റെ ലക്ഷണങ്ങളും കാണാമെന്ന് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേയും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. പലരുടേയും മൃതദേഹങ്ങള്‍ വികൃതമാക്കിയതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് പിന്നാലെ പിടികൂടിയവരുടെ മൃതദേഹങ്ങളാണ് കൈമാറിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 225 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രയേല്‍ ഇതുവരെ ഗസ്സയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായി നാലാം ദിവസവും ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം നടക്കുകയാണെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലും വടക്കന്‍ ഗസ്സയുടെ പരിസരങ്ങളിലും ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പ്പും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗസ്സയിലെ ഷുജയയിലും ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തില്‍ മൂന്നു ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ രണ്ടു ദിവസം മുമ്പ് പുനരാരംഭിച്ചുവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 52 കുട്ടികളടക്കം 111 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.
