തീരുവ വിരുദ്ധ പരസ്യത്തില്‍ കളിയാക്കിയതില്‍ ട്രംപിന് കടുത്ത അനിഷ്ടം; ഒടുവില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; കാര്‍ണിയുടെ മാപ്പ് സ്വീകരിച്ചെങ്കിലും വ്യാപാര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന ഉടക്കില്‍ യുഎസ് പ്രസിഡന്റ്; തന്റെ ഇഷ്ടനേതാവായ റെണാള്‍ഡ് റീഗന്റെ വാക്കുകളെ വളച്ചൊടിച്ചതിലെ ദേഷ്യം തീരുന്നില്ല

ഒടുവില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

Update: 2025-11-01 15:59 GMT

ഒട്ടാവ: തീരുവ വിരുദ്ധ പരസ്യത്തിന്റെ പേരില്‍ ഉടക്കിട്ട യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാപ്പ് പറഞ്ഞു. ദക്ഷിണ-കൊറിയയിലെ എഷ്യ-പസഫിക്ക് ഉച്ചകോടിയിലെ വിരുന്നിനിടയാണ് ട്രംപിനോട് കാര്‍ണി സ്വകാര്യമായി ഖേദം പ്രകടിപ്പിച്ചത്. ഇക്കാര്യം കാര്‍ണി ഇന്നുശരിവച്ചു. താന്‍ കാര്‍ണിയുടെ മാപ്പ് സ്വീകരിച്ചെങ്കിലും നിര്‍ത്തി വച്ച വ്യാപാര ചര്‍ച്ച ഉടന്‍ പുനരാരംഭിക്കില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

' എനിക്ക് കാര്‍ണിയെ വളരെ ഇഷ്ടമാണ്. പക്ഷേ അവര്‍ ചെയ്തത് തെറ്റാണ്. അത് വ്യാജ പരസ്യമായത് കൊണ്ട് അദ്ദേഹം എന്നോട് മാപ്പുപറഞ്ഞു'- ട്രംപ് പറഞ്ഞു.

ലോക രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി സമ്മര്‍ദ്ദം ചെലുത്തുന്ന യുഎസ് നടപടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ട്രംപ് കാനഡയോട് നിലപാട് കടുപ്പിച്ചത്. കനേഡിയന്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത, തീരുവ വര്‍ധനയെ വിമര്‍ശിക്കുന്ന ഒരു പരസ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

തീരുവ നിരക്ക് ഉയര്‍ത്തിയതിനെ വിമര്‍ശിക്കുന്ന ടെലിവിഷന്‍ പരസ്യത്തെ 'അങ്ങേയറ്റം മോശമായ നടപടി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിയമനടപടികളില്‍ കോടതികളെ സ്വാധീനിക്കുന്ന രീതിയിലുള്ളതാണ് ഈ പരസ്യങ്ങള്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം. ട്രംപിന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാനഡയ്ക്ക് എതിരായ നീക്കം അദ്ദേഹം പ്രഖ്യാപിച്ചത്.

യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പ്രസംഗം ഉദ്ധരിച്ചാണ് കനേഡിയന്‍ ടെലിവിഷന്‍ പരസ്യം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, 1987 ഏപ്രില്‍ 25-ന് റൊണാള്‍ഡ് റീഗന്‍ റേഡിയോയിലൂടെ നടത്തിയ അഭിസംബോധനയെ പരസ്യം തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റ് ഫൗണ്ടേഷനും രംഗത്തെത്തിയിരുന്നു. ഈ പ്രതികരണമാണ് ട്രംപ് കാനഡയ്‌ക്കെതിരായ നീക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്

യുഎസ് തീരുവകള്‍ക്കെതിരെ കാനഡയിലെ ഒന്റാരിയോ സര്‍ക്കാരാണ് ടിവി പരസ്യം സംപ്രേഷണം ചെയ്തത്. ബേസ്‌ബോള്‍ വേള്‍ഡ് സീരീസിനിടെയാണ് ഇത് യുഎസില്‍ സംപ്രേക്ഷണം ചെയ്തത്. റിപ്പബ്ലിക്കന്‍ നേതാവും മുന്‍ യുഎസ് പ്രസിഡന്റുമായ റൊണാള്‍ഡ് റീഗന്‍ 1987-ല്‍ നടത്തിയ ഒരു റേഡിയോ പ്രസംഗത്തിലെ പ്രസ്താവനകളാണ് പരസ്യത്തില്‍ ഉപയോഗിച്ചത്. തീരുവകള്‍ വ്യാപാര യുദ്ധങ്ങള്‍ക്കും (Trade Wars) സാമ്പത്തിക ദുരന്തത്തിനും കാരണമാകുമെന്നായിരുന്നു റീഗന്റെ വാക്കുകള്‍. ഒന്റാരിയോ പ്രധാനമന്ത്രി ഡഗ് ഫോര്‍ഡ് കമ്മീഷന്‍ ചെയ്ത ഈ പരസ്യത്തിന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ കൂടിയായ പ്രധാനമന്ത്രി കാര്‍ണി അനുമതി നല്‍കിയിരുന്നു.

ഇതിനുള്ള പ്രതികരണമായി ട്രംപ് കാനഡയുടെ നിലവിലെ തീരുവകള്‍ക്ക് പുറമേ 10% അധിക തീരുവ വര്‍ദ്ധിപ്പിക്കുകയും യുഎസ്-കാനഡ വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

വര്‍ദ്ധിച്ച തീരുവകളുടെ പശ്ചാത്തലത്തില്‍, യുഎസുമായി വ്യാപാര കരാറിലെത്താത്ത ഏക ജി 7 (G7) രാജ്യമാണ് കാനഡ. ട്രംപിന്റെ പ്രതികരണത്തെത്തുടര്‍ന്ന് പരസ്യം പിന്‍വലിച്ചു. ഒന്റാരിയോയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്കും സ്റ്റീല്‍ വ്യവസായത്തിനും യുഎസ് തീരുവകള്‍ ദോഷകരമാണെന്ന് ഡഗ് ഫോര്‍ഡ് നേരത്തെ വിമര്‍ശിച്ചിരുന്നു. അതേസമയം, ട്രംപ് അസ്വസ്ഥനായത് കൊണ്ട് തന്നെ പരസ്യം വളരെ വിജയം ആയിരുന്നുവെന്നാണ് ഡഗ് ഫോര്‍ഡിന്റെ അവകാശവാദം.

Tags:    

Similar News