ഇരകളെ ബോംബെറിഞ്ഞോ തലയറുത്തോ കല്ലെറിഞ്ഞോ അല്ലെങ്കില്‍ വാളുകൊണ്ട് വെട്ടിയോകൊന്നു തള്ളുന്നു; പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ക്രൂരമായ ബലാത്സംഗങ്ങളും പരസ്യ വധശിക്ഷകളും നിര്‍ബന്ധിത വിവാഹങ്ങളും; ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ സ്വാധീനിക്കുന്നത് ദാരിദ്ര്യവും സര്‍ക്കാരുകളോടുള്ള അതൃപ്തിയും; അഫ്രിക്ക ആഗോള ജിഹാദിന്റെ പുതിയ കേന്ദ്രം; വേണ്ടത് അതിവേഗ ഇടപെടല്‍
ലണ്ടന്‍: ആഫ്രിക്ക അതിവേഗം ആഗോള ജിഹാദിന്റെ പുതിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് സൂചന. ഐസിസ്, ബൊക്കോ ഹറാം, അല്‍ ഖ്വയ്ദ എന്നീ ഭീകരസംഘടനകളുടെ സെല്ലുകള്‍ ഭൂഖണ്ഡത്തിലുടനീളം ശക്തി പ്രാപിക്കുകയും ആയിരക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരുകാലത്ത് മരുഭൂമികളിലും കാടുകളിലും മാത്രം ഉണ്ടാകുമായിരുന്ന കലാപങ്ങള്‍ ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്. ബൊക്കോ ഹറാം, അല്‍-ഷബാബ്, ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വാള്‍-മുസ്ലിമിന്‍ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ വന്‍ തോതിലുള്ള അക്രമങ്ങളാണ് ഇവിടെ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരം തീവ്രവാദി ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണങ്ങളില്‍ 18,900 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിവേഗ ഇടപെടലുകള്‍ അന്താരാഷ്ട്ര സമൂഹം നടത്തിയില്ലെങ്കില്‍ ആഗോള ഭീകരവാദം വീണ്ടും അതിശക്തമാകും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, വാര്‍ഷിക മരണസംഖ്യ 2019 നും 2021 നും ഇടയിലുള്ളതിനേക്കാള്‍ ശരാശരി മൂന്നിലൊന്നില്‍ കൂടുതലാണ്. നിരവധി ഇരകളെ ബോംബെറിഞ്ഞോ, തലയറുത്തോ, കല്ലെറിഞ്ഞോ, അല്ലെങ്കില്‍ വാളുകൊണ്ട് വെട്ടിയോ ആണ് ഇവര്‍ കൊന്നു തള്ളുന്നത്. വിവിധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ക്രൂരമായ ബലാത്സംഗങ്ങള്‍, പരസ്യ വധശിക്ഷകള്‍, നിര്‍ബന്ധിത വിവാഹങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. സൈന്യത്തെ സഹായിച്ചുവെന്ന് ആരോപിച്ച് മാലിയില്‍ ജിഹാദികള്‍ ടിക് ടോക്കര്‍ മറിയം സിസ്സെയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്നത് കഴിഞ്ഞയാഴ്ചയാണ്.
ആഫ്രിക്കയിലെ ജിഹാദിസ്റ്റുകളുടെ ശ്രദ്ധ മൂന്ന് പ്രധാന മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് - സഹേല്‍, സൊമാലിയ, ലേക്ക് ചാഡ് ബേസിന്‍ . ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സഹേലിലാണ് ഇവയില്‍ പകുതിയിലധികം കൊലപാതകങ്ങള്‍ നടന്നിരുന്നത്. അല്‍ ഖ്വയ്ദയുടെ പ്രധാന ആഫ്രിക്കന്‍ ശൃംഖലകള്‍ സൊമാലിയയിലെ അല്‍ ഷബാബും സഹേലില്‍ ജെഎന്‍ഐഎം എന്നറിയപ്പെടുന്ന ജമാഅത്ത് നുസ്രത്ത് അല്‍ ഇസ്ലാം വാള്‍ മുസ്ലിമുമാണ്. പശ്ചിമാഫ്രിക്കയിലെ പ്രവിശ്യകളുടെ ഒരു ശൃംഖലയിലൂടെയാണ് ഐസിസ് പ്രവര്‍ത്തിക്കുന്നത്. സഹേല്‍, മൊസാംബിക്, സൊമാലിയ, ലിബിയ എന്നിവിടങ്ങളിലാണിത്. നൈജീരിയയില്‍, യഥാര്‍ത്ഥ ബൊക്കോ ഹറാം പ്രസ്ഥാനം ഇപ്പോള്‍ സര്‍ക്കാരുകളോടും പരസ്പരം പോരടിക്കുന്ന രണ്ട് വിഭാഗങ്ങളായി മാറിയിരിക്കുന്നു.
2017 ല്‍ രൂപീകരിച്ച അല്‍ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജെഎന്‍ഐഎം, പശ്ചിമാഫ്രിക്കയിലെ ഏറ്റവും അപകടകാരിയായ വിമത ശക്തിയായി വളര്‍ന്നു. ഒരിക്കല്‍ മാലിയിലും അയല്‍ സംസ്ഥാനങ്ങളിലും വെവ്വേറെ പ്രവര്‍ത്തിച്ചിരുന്ന പഴയ ജിഹാദി സംഘടനകളെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. ജെഎന്‍ഐഎമ്മിന് മാലി, ബുര്‍ക്കിന ഫാസോ, നൈജര്‍, ബെനിന്‍, ടോഗോ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലായി ഏകദേശം ആറായിരം അണികളാണ് ഇവര്‍ക്കുള്ളത്. വന്‍ റാക്കറ്റായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.. വിദേശ സൈനികരെ തുരത്തുക, സഹേലിയന്‍ സര്‍ക്കാരുകളെ അട്ടിമറിക്കുക, സഹാറ മുതല്‍ അറ്റ്ലാന്റിക് തീരം വരെ ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനത്താല്‍ ഭരിക്കപ്പെടുന്ന ഒരു പ്രദേശം നിര്‍മ്മിക്കുക എന്നിവയാണ് ജെഎന്‍ഐഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇവര്‍ സൈനികരെ പതിയിരുന്ന് ആക്രമിക്കുകയും ചെറിയ പട്ടണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു.
ചിലപ്പോള്‍ പ്രാദേശിക നേതാക്കളുമായുള്ള കരാറുകള്‍ വിച്ഛേദിക്കുകയും ചിലപ്പോള്‍ എതിര്‍ക്കുന്ന മുഴുവന്‍ ഗ്രാമങ്ങളെയും തുടച്ചുനീക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ജൂണില്‍, മാലിയിലെ ബൗള്‍കെസിയിലെ ഒരു സൈനിക താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെഎന്‍ഐഎം ഏറ്റെടുത്തിരുന്നു. നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. ഇവര്‍ സാധാരണക്കാരെയും നിരന്തരമായി കൊലപ്പെടുത്തുന്നതും പതിവാണ്. ബുര്‍ക്കിന ഫാസോയില്‍, 2024-ല്‍ ഇസ്ലാമിക അക്രമത്തില്‍ ആറായിരത്തി മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സഹേലില്‍ ആകെയുള്ളതിന്റെ അഞ്ചില്‍ മൂന്ന് ഭാഗമാണ്. തീവ്രവാദികള്‍ വീടുകള്‍ തോറും പോയി പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊല്ലുകയും വീടുകള്‍ കത്തിക്കുകയും ചെയ്തതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവര്‍ മുഴുവന്‍ ഗ്രാമങ്ങളും കത്തിക്കുകയും ഇരകളെ വെടിവയ്ക്കുകയോ കഴുത്തറുക്കുകയോ ചെയ്യും. നിലവില്‍ ഏറ്റവും വലുതും സമ്പന്നവും മാരകവുമായ അല്‍ ഖ്വയ്ദ അനുബന്ധ സംഘടനയാണ് അല്‍ ഷബാബ്.
2017-ല്‍ മൊഗാദിഷുവില്‍ ഇവര്‍ നടത്തിയ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 600 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013-ല്‍, കെനിയയിലെ വെസ്റ്റ്ഗേറ്റ് മാളില്‍ സംഘം നടത്തിയ വെടിവെയ്പില്‍ 71 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2015 ഏപ്രിലില്‍, ഇവരുടെ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2022 ല്‍ ഹയാത്ത് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഇവര്‍ ലക്ഷ്യം വെച്ചിരുന്നു. സൊമാലിയയില്‍ ഐസിസ് തീവ്രവാദികളുടെ എണ്ണം താരതമ്യേന കുറവാണ്. ഇവരില്‍ പലരും വിദേശികളുമാണ്. 2014 ല്‍ ബോക്കോഹറാം 276 സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇവരില്‍ പലരേയും ഇസ്ലാമിലേക്ക് നിര്‍ബന്ധിതരായി മതപരിവര്‍ത്തനം ചെയ്തു, ചിലരെ ലൈംഗിക അടിമത്തത്തിനും ശാരീരിക പീഡനത്തിനും വിധേയരാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ആവശ്യങ്ങളെ എതിര്‍ക്കുന്ന ഗ്രാമീണരെ ബൊക്കോ ഹറാം കൂട്ടക്കൊല ചെയ്യുന്നതായിട്ടാണ് പറയപ്പെടുന്നത്.
വടക്കന്‍ മൊസാംബിക്കിലും ലിബിയയിലും അള്‍ജിരിയയിലും എല്ലാം തന്നെ ഈ ഭീകരസംഘടനകള്‍ ശക്തമാണ്. കോംഗോയിലും ഉഗാണ്ടയിലും എല്ലാം ഐസിസ് ഭീകരര്‍ നിരവധി പേരെയാണ് കൂട്ടക്കൊല ചെയ്യുന്നത്. ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളില്‍ ചിലത് ദാരിദ്ര്യവും സര്‍ക്കാരുകളോടുള്ള അതൃപ്തിയും ആണെന്നാണ് പറയപ്പെടുന്നത്.
