ബിബിസിക്കെതിരേ 44,344 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കും; ബിബിസിയുടെ വാര്‍ഷിവരുമാനത്തിന്റെ 13 ശതമാനം വരും തുക; ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി സംസാരിക്കാനും അമേരിക്കന്‍ പ്രസിഡന്റ്; മാപ്പു പറഞ്ഞത് വിനായാകുമോ? പ്രസംഗ എഡിറ്റിംഗ് നിയമ നടപടിയിലേക്ക്; ട്രംപ് രണ്ടും കല്‍പ്പിച്ച്

Update: 2025-11-16 00:21 GMT

വാഷിങ്ടണ്‍: ബിബിസിക്കെതിരേ 500 കോടിവരെ ഡോളര്‍ (44,344 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെറ്റിദ്ധാരണയുണ്ടാക്കുംവിധം തന്റെ പ്രസംഗം എഡിറ്റുചെയ്ത് 'പനോരമ' എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമാകുന്നത്. പ്രസംഗം എഡിറ്റുചെയ്തതിന് മാപ്പുപറഞ്ഞെങ്കിലും നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.

2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ കാലാപത്തിനുമുന്‍പ് ട്രംപ് നടത്തിയ പ്രസംഗമാണ് 2024-ല്‍ സംപ്രേഷണം ചെയ്ത 'പനോരമ' പരിപാടിയില്‍ ബിബിസി എഡിറ്റുചെയ്തുചേര്‍ത്തത്. ട്രംപ് നേരിട്ട് കലാപത്തിന് അഹ്വാനം ചെയ്തു എന്ന തെറ്റിദ്ധാരണപരത്തുന്ന രീതിയിലായിരുന്നു എഡിറ്റിങ്. വിവാദം തലപൊക്കിയതോടെ ബിബിസി ഡയറക്ടര്‍ ജനറലും ന്യൂസ് സിഇഒയും രാജിവെച്ചിരുന്നു.

ഇതാണ് ട്രംപ് വീണ്ടും ചര്‍ച്ചയാക്കുന്നത്. ''100 കോടി ഡോളറിനും 500 കോടി ഡോളറിനുമിടയിലുള്ള തുക ആവശ്യപ്പെട്ട് ഞങ്ങള്‍ കേസുകൊടുക്കും, മിക്കവാറും അടുത്തയാഴ്ച. അതു ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. വഞ്ചിച്ചെന്ന് അവര്‍ സമ്മതിക്കുക തന്നെ ചെയ്തു'' -ട്രംപ് പറഞ്ഞു. 100 കോടി ഡോളര്‍ (8,868 കോടി രൂപ) ആവശ്യപ്പെട്ട് ബിബിസിയുടെ പേരില്‍ കേസുകൊടുക്കും. ബിബിസിയുടെ വാര്‍ഷിവരുമാനത്തിന്റെ 13 ശതമാനം വരും ഈ തുക.

ബ്രിട്ടീഷുകാരില്‍നിന്ന് ലൈസന്‍സ് ഫീസായി വാങ്ങുന്ന തുകയാണ് ബിബിസിയുടെ പ്രധാന ധനസ്രോതസ്സ്. ബിബിസി ഉള്‍പ്പെട്ട പ്രശ്നം യുഎസും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിനു പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാമറോട് സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. ''ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ പോകുകയാണ്. അദ്ദേഹം എന്നെയാണ് വിളിക്കേണ്ടത്. പക്ഷേ, അദ്ദേഹത്തിന് വളരെ നാണക്കേടുണ്ട്'' -ട്രംപ് പറഞ്ഞു. ബിബിസിയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും ട്രംപിനെതിരേ നിലപാടെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല സ്റ്റാമര്‍.

ട്രംപ് 2021 ജനുവരി 6നു നടത്തിയ 2 പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുംവിധം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി ബിബിസി കത്തയച്ചിരുന്നു. എന്നാല്‍, ഇതിന് മാനനഷ്ടത്തിനു 100 കോടി ഡോളര്‍ നല്‍കണമെന്ന ട്രംപിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്നും ബിബിസി അധ്യക്ഷന്‍ സമീര്‍ ഷാ വ്യക്തിപരമായി അയച്ച കത്തില്‍ പറയുന്നു.

2020 ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളായിരുന്നു ഇവ. 2024 ല്‍ ട്രംപ് വീണ്ടും മത്സരിച്ചപ്പോഴാണ് ഈ പ്രസംഗഭാഗങ്ങള്‍ ഉപയോഗിക്കുന്ന 'ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ്' എന്ന ഡോക്യുമെന്ററി ബിബിസി പനോരമ വിഭാഗത്തില്‍ സംപ്രേഷണം ചെയ്തത്.

നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ട്രംപ് അറിയിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച അശ്രദ്ധയില്‍ ഖേദിക്കുന്നുവെന്നും വീഡിയോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുകയില്ലെന്നും ട്രംപിന് അയച്ച ക്ഷമാപണ കത്തില്‍ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വീഡിയോയിലെ വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് ഒന്നാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ട്രംപിന്റെ പരാതി.

Tags:    

Similar News