അനധികൃത കുടിയേറ്റക്കാരെ തപ്പിയെടുത്ത് നാട് കടത്തിയില്ലെങ്കില്‍ ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ല; പട്ടാളത്തെ ഇറക്കി കള്ള ബോട്ടില്‍ എത്തുന്നവരെ തൂത്ത് വാരണം; ലണ്ടന്‍ മേയര്‍ സാദിഖാന്‍ ബ്രിട്ടന്റെ ശാപം: ബ്രിട്ടന്റെ ഇരുണ്ട ഭാവിനെ കുറിച്ച് ആശങ്കപ്പെട്ട ട്രംപ്
ന്യുയോര്‍ക്ക്: അനധികൃത കുടിയേറ്റത്തിനെതിരെ അമേരിക്ക സ്വീകരിച്ചിരിക്കുന്നത് പോലോരു കര്‍ശന സമീപനം ബ്രിട്ടന്‍ സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടന്‍ തന്നെ ബാക്കിയുണ്ടാകില്ല എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറ്റക്കാര്‍ എത്താത്ത സാഹചര്യം സൃഷ്ടിക്കാന്‍ തന്റെ കുടിയേറ്റ നയങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അനധികൃതമായി എത്തിയ കുടിയേറ്റക്കാരെ ബ്രിട്ടന്‍ ഉടനടി തിരിച്ചയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി ബി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചാനല്‍ വഴി അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നത് തടയുവാന്‍ സൈന്യത്തെ വിന്യസിക്കണം എന്നാവശ്യപ്പെട്ട ട്രംപ് ബി ബി സിക്കെതിരെ 5 ബില്യന്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. 2021 ല്‍ ക്യാപിറ്റോള്‍ കലാപത്തിന്റെ അന്ന് ഡൊണാള്‍ഡ് ട്രംപ് നടത്തിയ രണ്ട് പ്രസംഗങ്ങള്‍ തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ബി ബി സി അമേരിക്കന്‍ പ്രസിഡണ്ടിനോട് ക്ഷമാപണം നടത്തിയിരുന്നു. ഒരു പനോരമ ഡോക്യുമെന്ററിയില്‍ വന്ന ഈ പ്രസംഗ ശകലങ്ങള്‍ ഇപ്പോള്‍ ഐ പ്ലെയറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
അത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണെന്ന് സമ്മതിക്കുമ്പോഴും അതിന്റെ പേരില്‍ മാനനഷ്ട കേസ് ഒന്നും തന്നെയില്ലെന്നാണ് ബി ബി സി അധികൃതര്‍ പറയുന്നത്. കുടിയേറ്റത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സംഭാഷണത്തിനിടയില്‍, പണപ്പെരുപ്പത്തേക്കാള്‍ ഗുരുതരമായ വിഷയം കുടിയേറ്റമാണെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് നാടുകടത്തണം, അദ്ദേഹം പറഞ്ഞു. ഒന്നര രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ലക്ഷക്കണക്കിന് ആളുകളായിരുന്നു അമേരിക്കന്‍ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറിയതെന്ന് ഓര്‍മ്മിപ്പിച്ച ട്രംപ് ഇപ്പോള്‍ കഴിഞ്ഞ ആറ് മാസക്കാലമായി ആരും എത്തിയിട്ടില്ലെന്നും പറഞ്ഞു.
ലണ്ടന്‍ മേയര്‍ ബ്രിട്ടന്റെ ശാപം
അഭിമുഖത്തിനിടെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ കുറിച്ചും ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചു. വളരെ മോശപ്പെട്ട മേയറാണ് സാദിഖ് ഖാനെന്നും, അതിലും മോശപ്പെട്ട വ്യക്തിയാണ് അദ്ദേഹം എന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. പോലീസിന് സമീപിക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങള്‍ ലണ്ടന്‍ നഗരത്തിലുണ്ടെന്നും രാജ്യത്തിന്റെ നിയമത്തിനു പകരം ശരിയാ നിയമമാണ് അവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയര്‍ ബ്രിട്ടന് ഒരു ശാപമാണ്, അദ്ദേഹത്തെ ആ സ്ഥാനത്ത് ഇരുത്താതിരുന്നെങ്കില്‍ എന്ന് ആശിക്കുന്നതായും ട്രംപ് പറഞ്ഞു.
നേരത്തെ, ട്രംപിന്റെ കടുത്ത എതിരാളിയായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ സാദിഖ് ഖാന്‍ സ്വാഗതം ചെയ്തിരുന്നു. ട്രംപിന്റെ കടുത്ത വിമര്‍ശകനായ മംദാനിയുടെ വിജയം ട്രംപിനേറ്റ വലിയൊരു തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ട്രംപിന്റെ വിഷലിപ്തമായ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണെന്നാണ് മംദാനിയുടെ വിജയം സൂചിപ്പിക്കുന്നത് എന്നായിരുന്നു സാദിഖ് ഖാന്‍ പറഞ്ഞത്. അതേസമയം, ട്രംപിന്റെ വ്യക്തിഗത പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മേയറുമായി അടുത്ത വൃത്തങ്ങള്‍, പല അമേരിക്കന്‍ നഗരങ്ങളേക്കാള്‍ സുരക്ഷിതമാണ് ലണ്ടന്‍ എന്ന് ചൂണ്ടിക്കാട്ടി.
