കള്ള ബോട്ട് കയറി എത്തുന്നവര്‍ക്ക് അഭയം നല്‍കുന്നത് താല്‍ക്കാലികമായി; അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ പിആര്‍ ഇല്ല; മാതൃ രാജ്യത്തെ പ്രശ്‌നം തീരുമ്പോള്‍ നാട് കടത്തും; അഭയാര്‍ഥികളുടെ കുടുംബ വിസ ഇല്ലാതാക്കും: ഡെന്മാര്‍ക്കിനെ മാതൃകയാക്കി നിയമം മാറ്റാന്‍ ബ്രിട്ടന്‍
അഭയാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട് വരുത്തുന്ന പ്രധാന പരിഷ്‌കരണങ്ങളുടെ ഭാഗമായി അഭയം നല്‍കുന്നവര്‍ക്ക് ബ്രിട്ടനില്‍ താത്ക്കാലിക താമസത്തിന് മാത്രമായിരിക്കും അവകാശം എന്ന നിയമവും ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനോടുള്ള ആകര്‍ഷണം കുറയ്ക്കുന്നതിനും, എളുപ്പത്തില്‍ നാടുകടത്തല്‍ സാധ്യമാക്കുന്നതിനുമായി ഡെന്മാര്‍ക്കിലെ കുടിയേറ്റ നിയമത്തിന്റെ മാതൃകയിലാണ് പുതിയ നിയമം ചിട്ടപ്പെടുത്തുന്നത്.
ഡെന്മാര്‍ക്കിലെ നിയമമനുസരിച്ച്, അഭയാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷ അംഗീകരിച്ചാല്‍, താത്ക്കാലികമായി മാത്രമെ ഡെന്മാര്‍ക്കില്‍ താമസിക്കാന്‍ കഴിയുകയുള്ളു. അവരുടെ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പായാല്‍ തിരികെ പോകേണ്ടതായി വരും. ഡെന്മാര്‍ക്കില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കണമെങ്കില്‍ അഭയം ലഭിച്ച അഭയാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ സമയ ജോലിയില്‍ ഏര്‍പ്പെടേണ്ടതായി ഉണ്ട്. മാത്രമല്ല, അതിനായി രാജ്യത്ത് താമസിക്കേണ്ട കാല പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കുടുംബത്തെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും കര്‍ശനമാണ് ഡെന്മാര്‍ക്കില്‍. അഭയാര്‍ത്ഥിയായി വന്ന വ്യക്തിക്കും പങ്കാളിക്കും 24 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമെ പങ്കാളികളെ കൂടെ കൊണ്ടുവരാന്‍ കഴിയുമയുള്ളു. മാത്രമല്ല, തൊട്ട് മുന്‍പത്തെ മൂന്ന് വര്‍ഷക്കാലം അപേക്ഷകന്‍ ഒരു ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരിക്കാന്‍ പാടില്ല. രണ്ട് പേരുടെയും ചെലവുകള്‍ക്കായുള്ള സമ്പത്ത് ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം എന്ന് മാത്രമല്ല, അപേക്ഷകനും പങ്കാളിയും ഡാനിഷ് ഭാഷാ പരീക്ഷ പാസ്സായിരിക്കുകയും വേണം.
നിലവിലെ ബ്രിട്ടീഷ് നിയമമനുസരിച്ച്, അഭയം ലഭിക്കുന്ന വ്യക്തി അഞ്ച് വര്‍ഷക്കാലം ബ്രിട്ടനില്‍ തുടരുകയാണെങ്കില്‍ ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്‌നായി (ഐ എല്‍ ആര്‍) അപേക്ഷിക്കാം. അതു ലഭിക്കുന്നത് പൗരത്വത്തിലേക്കുള്ള ആദ്യപടിയാണ്. അതിനു പകരമായി അഭയാര്‍ത്ഥികള്‍ക്ക് താത്ക്കാലിക താമസം മാത്രമെ അനുവദിക്കുകയുള്ളു എന്ന നയമായിരിക്കും ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കൊണ്ടു വരിക. മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ ഇത് പുനഃപരിശോധിക്കുകയും ചെയ്യും. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടാല്‍ ഉടനടി തിരിച്ചയയ്ക്കുകയും ചെയ്യും.
മഹ്‌മൂദ് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന മറ്റ് മാറ്റങ്ങളില്‍ ജുഡീഷറിയുമായി ബന്ധപെട്ട ചില നയങ്ങളും ഉണ്ടാകുമെന്ന് അറിയുന്നു. കുടിയേറ്റക്കാരുടെ കേസുകള്‍ പരിഗണിക്കുമ്പോള്‍ അവരുടെ കുടുംബവുമായി താമസിക്കാനുള്ള അവകാശത്തിനേക്കാള്‍ പ്രാധാന്യം പൊതു സുരക്ഷയ്ക്ക് ജഡ്ജിമാര്‍ നല്‍കണം എന്നതാണ് അതിലൊന്ന്. സ്വന്തം നാടുകളില്‍ അവര്‍ പീഢനം അനുഭവിക്കേണ്ടി വരും എന്നതിനേക്കാളേറെ ബ്രിട്ടന്റെ രാജ്യ സുരക്ഷയ്ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.
