പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയിലില്‍ ക്രൂര പീഡനമെന്ന് സഹോദരി; ജയിലിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബാംഗങ്ങളും അനുയായികളും; ആരോപണങ്ങള്‍ തള്ളി പാക്ക് സൈന്യം; ഇമ്രാന്‍ ഖാന് മാനസീക പ്രശ്‌നങ്ങളുണ്ടെന്നും പ്രതികരണം

Update: 2025-12-10 05:26 GMT

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ പീഡിപ്പിക്കുകയാണെന്ന് സഹോദരി അലീമ. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അലീമ ആരോപിച്ചു. ഇമ്രാന്‍ ഖാന്‍ ജയിലില്‍ ക്രൂരമായ പീഡനം നേരിടുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അനുയായികളും ജയിലിനു പുറത്തു പ്രതിഷേധിച്ചു. ജയിലധികൃതരുടെ ഭാഗത്തുനിന്ന് പകപോക്കല്‍ മനോഭാവവും അവഗണനയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

''കഴിഞ്ഞ എട്ട് മാസമായി ഞങ്ങള്‍ ഇവിടെ വരുന്നു. എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ ഇവിടെ വന്ന് ഇരിക്കുന്നു. ഇമ്രാന്‍ ഖാനെ കാണാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്. നിയമവിരുദ്ധമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇമ്രാന്‍ ഖാനെതിരെയുള്ള ഈ പീഡനം അവസാനിപ്പിക്കണം'' അലീമ പറഞ്ഞു.

കഴിഞ്ഞ എട്ടുമാസമായി ജയിലില്‍ പതിവായി എത്തി ശ്രമിച്ചിട്ടും ഇമ്രാന്‍ ഖാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് അലീമ ആരോപിച്ചു. ജയിലില്‍ ഇമ്രാന്‍ ഖാന്‍ ക്രൂരപീഡനത്തിന് ഇരായാവുകയാണ്. നിയമവിരുദ്ധമായി അദ്ദേഹത്തെ ഏകാന്തതടവിലാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ ചികിത്സയും സന്ദര്‍ശക നിയന്ത്രണവും സംബന്ധിച്ച് കുടുംബം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ജയിലിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കുടുംബാംഗങ്ങള്‍ക്കൊപ്പം നിരവധി പാക്കിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) പ്രവര്‍ത്തകരും ചേര്‍ന്നു. ഇതിന് പിന്നാലെ, ജയിലിന് സുരക്ഷ വര്‍ധിപ്പിച്ച അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും വ്യക്തമാക്കി.

പി.ടി.ഐ സെക്രട്ടറി ജനറല്‍ സല്‍മാന്‍ അക്രം രാജ, ഖൈബര്‍ പഖ്തൂന്‍ഖ പ്രവിശ്യാമേധാവി ജുനൈദ് അക്ബര്‍ ഖാന്‍ എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിനെത്തി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇമ്രാന് സന്ദര്‍ശകരെ അനുവദിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും തുടര്‍ച്ചയായി അനുമതി നിഷേധിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഡിസംബര്‍ രണ്ടിന് സഹോദരിയായ ഉസ്മാ ഖാനുമിന് ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ അദ്ദേഹം മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് ഉസ്മ പറഞ്ഞു. പാക് സംയുക്ത സൈനീക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ തനിക്ക് കടുത്ത മാനസീക പീഡനമേല്‍ക്കേണ്ടി വരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക ഉന്നയിച്ച് നിരവധി അനുയായികളാണ് ജയിലിനു മുന്നിലെത്തിയത്. പിടിഐ സെക്രട്ടറി ജനറല്‍ സല്‍മാന്‍ അക്രം രാജ, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യാ മേധാവി ജുനൈദ് അക്ബര്‍ ഖാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കുചേര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സന്ദര്‍ശനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും, ഇമ്രാന്‍ ഖാനെ കാണാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ ജയില്‍ അധികൃതര്‍ നിരസിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു.

അതേ സമയം, ഇമ്രാന്‍ ഖാന്‍ ജയിലില്‍ മാനസിക പീഡനം നേരിടുന്നുവെന്ന ആരോപണം പാക്കിസ്ഥാന്‍ സൈന്യം തള്ളിക്കളയുകയാണ്. ഇമ്രാന്‍ ഖാന് മാനസീകമായി പ്രശ്‌നങ്ങളുണ്ടെന്നും സൈന്യം ആരോപിച്ചു. ഇതിനിടെ, ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഉസ്മ ഖാനുമിന് ഭാവി സന്ദര്‍ശനത്തില്‍ വിലക്കേര്‍പ്പെടുത്തി അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ജയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള ഇടമല്ലെന്ന് പാക് നിയമകാര്യമന്ത്രി അസം നസീര്‍ തരാര്‍ പറഞ്ഞു. ജയിലില്‍ രാഷ്ട്രീയ ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്നാണ് ഉസ്മ ഖാനെ ഭാവി സന്ദര്‍ശനങ്ങളില്‍ നിന്ന് വിലക്കിയതെന്നും തരാര്‍ വ്യക്തമാക്കി.

Similar News