പരീക്ഷാ തിരക്കുകള്‍ക്കിടയിലാണ് ഒരു വിദ്യാര്‍ത്ഥി മറ്റ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ബ്രൗണ്‍ സര്‍വ്വകലാശാലയില്‍ കൂട്ട വെടിവെപ്പ്: രണ്ട് മരണം; എട്ട് പേര്‍ക്ക് ഗുരുതരം; കറുത്ത വേഷമിട്ട കൊലയാളിയുടെ ലക്ഷ്യം അവ്യക്തം; ലോകോത്തര ക്യാമ്പസിലെ ആക്രമണത്തില്‍ ഞെട്ടി അമേരിക്ക; മരണ സംഖ്യ ഉയരാന്‍ സാധ്യത
ന്യുയോര്‍ക്ക്: അമേരിക്കയിലെ അതിപ്രശസ്തമായ ഐവി ലീഗ് സര്‍വ്വകലാശാലകളിലൊന്നായ ബ്രൗണ്‍ സര്‍വ്വകലാശാലയില്‍ നടന്ന കൂട്ട വെടിവെപ്പ് ഞെട്ടലാകുന്നു. ഉച്ചയ്ക്ക് ശേഷം ബാറസ് ആന്‍ഡ് ഹോളി എഞ്ചിനീയറിങ് കെട്ടിടത്തില്‍ ഫൈനല്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു എന്നാണ് സൂചന. വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
രണ്ട് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കറുത്ത വേഷമിട്ട ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക സൂചന. സംഭവത്തിന് പിന്നാലെ ക്യാമ്പസ് അടച്ചിട്ട് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. പ്രതിയെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ആദ്യ സൂചനകള്‍.
ലോകോത്തര നിലവാരമുള്ള ക്യാമ്പസുകളില്‍ പോലും സ്വന്തം ജീവന് യാതൊരു സുരക്ഷയുമില്ലാതെ കുട്ടികള്‍ക്ക് കഴിയേണ്ടിവരുന്ന അവസ്ഥയിലേക്ക് അമേരിക്ക വഴിമാറിയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഇപ്പോഴും ഭീതിയിലാണ്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊലീസ് അന്വേഷണമോ മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പരീക്ഷാ തിരക്കുകള്‍ക്കിടയിലാണ് ഒരു വിദ്യാര്‍ത്ഥി മറ്റ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉച്ചയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ കാമ്പസ് യുദ്ധക്കളമായി മാറി. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ട്രോമ സെന്ററുകളിലേക്ക് മാറ്റി. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രസിഡന്റ് ട്രംപ് നേരിട്ട് പ്രതികരിച്ചു എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വെടിവെപ്പ് നടത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം തേടി അമേരിക്കയിലേക്ക് പോകുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത വലിയ ആശങ്കയാണ് നല്‍കുന്നത്.
വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും, തീവ്രവാദ ബന്ധങ്ങള്‍ അടക്കം എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
