ഹൈദരാബാദില്‍ ബികോം പൂര്‍ത്തിയാക്കി 1998 നവംബറില്‍ ജോലിക്കായി ഓസ്ട്രേലിയയിലേക്ക് പോയി; തീവ്രവാദികളെ കാണാന്‍ ഫിലിപ്പൈന്‍സില്‍ പോയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍; ജൂതകൂട്ടക്കൊലയ്ക്ക് ഇറങ്ങിയ അച്ഛന്‍ ഹൈദരാബാദുകാരന്‍; മകന് ഓസീസ് പൗരത്വം; ഇരുവര്‍ക്കും ഇന്ത്യയുമായി ബന്ധമില്ലെന്ന് തെലങ്കാന പോലീസ്; ബോണ്ടി ബീച്ചിലെ ദുഷ്ടര്‍ക്ക് ഇന്ത്യന്‍ പശ്ചാത്തലം
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട പ്രതികളിലൊരാളായ സാജിദ് അക്രമിന്റെ സ്വദേശം ഹൈദരാബാദാണെന്ന് സൂചന. 27 വര്‍ഷം മുന്‍പ് ഇയാള്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറിയതാണെന്നും, ഹൈദരാബാദിലെ കുടുംബവുമായി ഇദ്ദേഹത്തിന് പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തെലങ്കാന ഡിജിപി ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സാജിദ് അക്രമിന്റെ തീവ്രവാദവല്‍ക്കരണത്തിന് പിന്നിലെ കാരണങ്ങള്‍ക്കോ അതില്‍ പങ്കുണ്ടെന്ന് കരുതുന്ന മകന്‍ നവീദ് അക്രമിന്റെ ചെയ്തികള്‍ക്കോ ഇന്ത്യയുമായോ തെലങ്കാനയിലെ പ്രാദേശിക സ്വാധീനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു. സാജിദ് അക്രം ഹൈദരാബാദില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കിയ ശേഷം 1998 നവംബറിലാണ് ജോലിക്കായി ഓസ്ട്രേലിയയിലേക്ക് പോയത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചില്‍ ഡിസംബര്‍ 14ന് നടന്ന ഹനുക്ക എന്ന ജൂത മത ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ പ്രതിയായ സാജിദ് അക്രം ഇന്ത്യന്‍ വംശജനാണെന്ന് നേരത്തെ ഫിലിപ്പീന്‍സ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യന്‍ പാസ്‌പോര്‍ട് ഉപയോഗിച്ച് ഇവര്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കി. സാജിദ് അക്രം ഇന്ത്യന്‍ വംശജനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. സാജിദ് അക്രം സ്റ്റുഡന്റ് വിസയില്‍ 1998ലാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്തെന്നും മകന്‍ നവീദ് അക്രം ഓസ്‌ട്രേലിയയില്‍ തന്നെ ജനിച്ച പൗരനാണെന്നും ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബുര്‍ക്കെ പറഞ്ഞു.
സാജിദ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും നവീദ് അക്രം പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ 15 പേര്‍ മരിക്കുകയും 42 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതു. അക്രമികള്‍ ഐഎസ് പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെട്ടിരിക്കാമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രതികരിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ജൂതന്മാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നാണ് വിലയിരുത്തല്‍.
'വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കാരണം ഈ അച്ഛനും മകനും ഭീകരവാദികളായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ബോണ്ടി ബീച്ചിലുണ്ടായ ദുരന്തം. ഇഷ്ടികപ്പണിക്കാരനായിരുന്ന നവീദ് അക്രം 2019 ല്‍ ഓസ്ട്രേലിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് ഇയാള്‍ ഒരു ഭീഷണിയായിരുന്നില്ല. വെടിവയ്പ്പിന് മുമ്പുള്ള ഇരുവരുടെയും നീക്കങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്,' ആന്റണി ആല്‍ബനീസ് കൂട്ടിച്ചേര്‍ത്തു.
2025 നവംബറില്‍ ഫിലിപ്പീന്‍സിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ഭീകരവാദികളുമായി കൂടിക്കാഴ്ച നടത്തിയോ എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. മീന്‍ പിടിക്കാന്‍ നഗരത്തിന് പുറത്തേക്ക് പോകുകയാണെന്ന് ആക്രമണം നടന്ന ദിവസം നവീദ് അക്രം അമ്മയോട് പറഞ്ഞതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ വാടക കെട്ടിടത്തില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്ന അച്ഛനോടൊപ്പം നവീദും പിന്നീട് ബീച്ചിലേയ്ക്ക് എത്തി ആക്രമണത്തില്‍ പങ്കാളിയാകുകയായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.
