കോണ്ടത്തിന്റെ വില കുറയ്ക്കണം; ജനസംഖ്യ കുതിച്ചതോടെ ഐഎംഎഫിനോട് കെഞ്ചി പാക്കിസ്ഥാന്‍; പറ്റില്ലെന്ന് ഐഎംഎഫ്; കടമെടുത്ത് നടുവൊടിഞ്ഞ രാജ്യത്തെ കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്; 6200 കോടി ധനസഹായം അനുവദിച്ചു
ഇസ്ലാമാബാദ്: കടമെടുത്ത് നടുവൊടിഞ്ഞ പാക്കിസ്ഥാന് കനത്ത വെല്ലുവിളിയാണ് ജനസംഖ്യ വര്‍ധന. 2.55 ശതമാനമാണ് പാക്കിസ്ഥാന്റെ ജനസംഖ്യാ വളര്‍ച്ച. ജനസംഖ്യയില്‍ ഒരോ വര്‍ഷവും 60 ലക്ഷത്തിന്റെ വര്‍ധനയാണ് പാക്കിസ്ഥാനിലുണ്ടാകുന്നത്. രാജ്യാന്തര നാണയ നിധി(ഐഎംഎഫ്)യുടെ പണത്തില്‍ വിശ്വസിക്കുന്ന പാക്ക് ഭരണകൂടത്തിന് അവരുടെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇതിനിടെ ജനസംഖ്യ നിയന്ത്രണം ശക്തിപ്പെടുത്താന്‍ കോണ്ടത്തിന്റെ വിലയൊന്ന് കുറയ്ക്കാന്‍ അപേക്ഷയുമായി പോയ പാക്കിസ്ഥാനെ തിരിച്ചയച്ചിരിക്കുകയാണ് ഐഎംഎഫ്.
കോണ്ടത്തിന് ചുമത്തിയ ജിഎസ്ടി കുറയ്ക്കാനുള്ള പാക്കിസ്ഥാന്റെ ആവശ്യം ഐഎംഎഫ് തള്ളി. ജനസംഖ്യ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമാക്കാനായിരുന്നു പാക്കിസ്ഥാന്‍ കോണ്ടത്തിന്റെ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ലോകത്ത് വേഗത്തില്‍ ജനസംഖ്യ വളരുന്ന രാജ്യത്ത് ജനനനിയന്ത്രണം ചെലവ് വളരെ ചെലവേറിയതാണ്. 18 ശതമാനമാണ് കോണ്ടത്തിന് പാക്കിസ്ഥാനില്‍ നികുതി.
എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഇടയില്‍ നികുതി കുറയ്ക്കാന്‍ പറ്റില്ലെന്നാണ് ഐഎംഎഫ് നിലപാട്. അടുത്ത ഫെഡറല്‍ ബജറ്റ് സമയത്ത് നികുതി കുറവ് പരിഗണിക്കാം എന്നു പറഞ്ഞാണ് ഐഎംഎഫ് പാക്കിസ്ഥാനില്‍ നിന്നുള്ള അപേക്ഷ തള്ളിയത്. നിലവില്‍ ഐഎംഎഫ് നല്‍കിയ വരുമാന ലക്ഷ്യത്തിലേക്ക് എത്താന്‍ പാക്കിസ്ഥാന്‍ കഷ്ടപ്പെടുകയാണ്. ഈ അവസ്ഥയില്‍ നികുതി ഇളവ് ചെയ്യുന്നത് കള്ളക്കടത്ത് വര്‍ധിക്കുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നല്‍കി.
പാക്കിസ്ഥാന്റെ ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു ആണ് ഐഎംഎഫിനെ ഇമെയില്‍ മുഖേന ബന്ധപ്പെട്ടത്. നികുതി കുറച്ചാല്‍ 400-600 മില്യണ്‍ പാക്ക് രൂപയുടെ വരുമാന ഇടിവാണ് പ്രതീക്ഷിച്ചത്. സാനിറ്ററി പാഡിനും കുട്ടികളുടെ ഡയപ്പറിന്റെയും നികുതി കുറയ്ക്കാനും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഐഎംഎഫിന്റെ ബെയില്‍ ഔട്ട് പദ്ധതിക്ക് കീഴിലുള്ള പാക്കിസ്ഥാന്‍ കര്‍ശനമായ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ഏകദേശം 3.3 ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് വായ്പ പാക്കിസ്ഥാന് ലഭിച്ചിട്ടുണ്ട്. മറ്റൊരു 1.2 ബില്യണ്‍ ഡോളര്‍ വായ്പയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഐഎംഎഫിന്റെ നിര്‍ദ്ദേശപ്രകാരം കടംകയറിയ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ് രാജ്യം.
താങ്ങായി ലോകബാങ്ക്
സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് താങ്ങായി ലോകബാങ്ക് 700 മില്യണ്‍ ഡോളറിന്റെ ധനസഹായത്തിന് അംഗീകാരം നല്‍കി. രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മള്‍ട്ടി-ഇയര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ 'പബ്ലിക് റിസോഴ്സസ് ഫോര്‍ ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ്' എന്ന പദ്ധതിക്ക് കീഴിലാണ് ഈ ഫണ്ട് റിലീസ് ചെയ്യുന്നത്. ആകെ 1.35 ബില്യണ്‍ ഡോളര്‍ വരെ ലഭ്യമാക്കാവുന്ന ഈ ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടമാണിത്.
ഫെഡറല്‍ പ്രോഗ്രാമുകള്‍ക്ക് 600 മില്യണ്‍ ഡോളര്‍, സിന്ധ് പ്രവിശ്യയിലെ വികസനത്തിന് 100 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. നേരത്തെ ഓഗസ്റ്റ് മാസത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായി 47.9 മില്യണ്‍ ഡോളറിന്റെ ഗ്രാന്റും ലോക ബാങ്ക് അനുവദിച്ചിരുന്നു. നിലവില്‍ സങ്കീര്‍ണ്ണമായ നിയന്ത്രണങ്ങളും സുതാര്യമല്ലാത്ത ബജറ്റ് നടപടികളും പാക്കിസ്ഥാന്റെ റെവന്യൂ വരുമാനത്തെയും നിക്ഷേപത്തെയും ബാധിക്കുന്നുണ്ടെന്ന് നവംബറില്‍ പുറത്തു വന്ന ഐഎംഎഫ്-ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകബാങ്കിന്റെ പുതിയ സാമ്പത്തിക സഹായം പാക്കിസ്ഥാന് ലഭിക്കുന്നത്.
പാക്കിസ്ഥാന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ആഭ്യന്തര വിഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് പാക്കിസ്ഥാനിലെ ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ബൊലോര്‍മ അമ്ഗബസാര്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കും ക്ലിനിക്കുകള്‍ക്കും കൃത്യമായ ഫണ്ട് ലഭ്യമാക്കുക, നികുതി സംവിധാനം പരിഷ്‌കരിക്കുക, സാമൂഹിക-കാലാവസ്ഥാ നിക്ഷേപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നത് വഴി രാജ്യത്തെ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കാനും സാധിക്കുമെന്ന് ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് തോബിയാസ് അക്തര്‍ ഹഖ് വ്യക്തമാക്കി. ശരിയായ ബജറ്റ് ആസൂത്രണത്തിലൂടെയും റവന്യൂ അഡ്മിനിസ്ട്രേഷന്‍ പരിഷ്‌കാരങ്ങളിലൂടെയും കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഈ നീക്കം സഹായിക്കും.
