ഭവനരഹിതരുടെ എണ്ണം കൂടുന്നതും ജീവിതച്ചെലവ് വര്‍ദ്ധിച്ചതും കുടിയേറ്റ വിരുദ്ധ മനോഭാവം വളര്‍ത്തി; കാനഡയില്‍ കുടിയേറ്റം കുത്തനെ കുറയുന്നു: ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ജനസംഖ്യാ വളര്‍ച്ചയില്‍ ഇടിവ്; വിസാ നടപടികള്‍ ഇനിയും കടുപ്പിക്കും; കാനഡ മാറി ചിന്തിക്കുമ്പോള്‍
ഒട്ടാവ: കുടിയേറ്റക്കാരുടെ പറുദീസയായി അറിയപ്പെട്ടിരുന്ന കാനഡയില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്ക്. സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക താമസക്കാര്‍ക്കും ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഈ മാറ്റത്തിന് കാരണം. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും തൊഴിലന്വേഷകരെയുമാണ് പുതിയ നയങ്ങള്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. 2025-ന്റെ അവസാന പാദത്തില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനസംഖ്യാ വര്‍ദ്ധനവില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കുടിയേറ്റ അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍ പ്രധാനമന്ത്രി മാറിയപ്പോള്‍ നയവും മാറുന്നു.
ഭവനരഹിതരുടെ എണ്ണം കൂടുന്നതും ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതും കാനഡയിലെ പൊതുസമൂഹത്തിനിടയില്‍ കുടിയേറ്റ വിരുദ്ധ മനോഭാവം വളരാന്‍ കാരണമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്. പഠനത്തിന് ശേഷം ലഭിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളിലും നിയന്ത്രണങ്ങള്‍ വന്നതോടെ, ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ കാനഡ സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളില്‍ ഏകദേശം 40 ശതമാനത്തിലധികം കുറവ് വന്നതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ക്വാട്ടാ സമ്പ്രദായം നിലവില്‍ വന്നതോടെ, കാനഡയിലുള്ളവര്‍ക്ക് പോലും വിസ പുതുക്കുന്നത് പ്രതിസന്ധിയായിരിക്കുകയാണ്. മതിയായ രേഖകളില്ലാത്തവര്‍ രാജ്യം വിടണമെന്ന കര്‍ശന നിര്‍ദ്ദേശം ഭരണകൂടം നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ഭവന പ്രതിസന്ധിയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലെ പരിമിതികളും പരിഹരിക്കാന്‍ കുടിയേറ്റം നിയന്ത്രിക്കാതെ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.
കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയുടെ 90 ശതമാനത്തിലധികവും കുടിയേറ്റത്തെ ആശ്രയിച്ചായിരുന്നു. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ ആളുകളെ കിട്ടാത്ത സാഹചര്യം പല പ്രവിശ്യകളിലും ഉടലെടുത്തിട്ടുണ്ട്. എങ്കിലും, നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ വിസ നടപടികളുമായി മുന്നോട്ട് പോകാനാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനം. ഇത് ലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്ലാനിംഗുകളെ സാരമായി ബാധിച്ചിരിക്കുകയാണ്.
കാനഡയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലേക്ക് താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2025-ല്‍ നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 4,37,000 ആയി കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിവാണിത്. വിസ നിരസിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് കാണുന്നത്; ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ അപേക്ഷകരില്‍ 74 ശതമാനത്തോളം പേരുടെ വിസ നിരസിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കാനഡയിലെ ഈ കടുത്ത നടപടികള്‍ കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് താല്‍പ്പര്യം മാറുന്നതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
