സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടി പരിശോധിക്കാതെ ഇനി അമേരിക്കന്‍ വിസയില്ല; വിസ എക്‌റ്റെന്‍ഷന്‍ പോലും മാസങ്ങള്‍ നീളുന്നു; അപ്പോയ്ന്റ്‌മെന്റുകള്‍ റദ്ദാക്കുന്നു; വിസ പുതുക്കാതെ നാട്ടിലേക്ക് പോവരുതെന്ന് അമേരിക്കയിലുള്ള ജീവനക്കാരെ ഉപദേശിച്ച് ഗൂഗിളും ആപ്പിളും

Update: 2025-12-21 04:08 GMT

ന്യുയോര്‍ക്ക്: അമേരിക്കന്‍ എംബസികളില്‍ വിസ സ്റ്റാമ്പിംഗിന് 12 മാസം വരെ കാലതാമസം എടുക്കുന്നതിനാല്‍ വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് യു എസ് വര്‍ക്ക് വിസയില്‍ എത്തിയ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഗൂഗിളും ആപ്പിളുമൊക്കെ. വിസ നല്‍കുന്നതിന്, അപേക്ഷകന്റെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കണമെന്ന നിബന്ധന കര്‍ക്കശമാക്കിയതിനാലാണ് ഈ കാലതാമസം വരുന്നതെന്ന് ഈ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിയമ സ്ഥാപനങ്ങള്‍ പറയുന്നു. പലപ്പോഴും അപ്പോയിന്റ്മന്റുകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടായേക്കാം എന്നും ഈ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എച്ച് 1 ബി, എച്ച് 4എഫ്, ജെ, എം വിസകള്‍ ഉള്ളവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്. ചില രാജ്യങ്ങളിലെ യു എസ് എംബസികളും കോണ്‍സുലേറ്റുകളും അപ്പോയിന്റ്‌മെന്റുകള്‍ക്ക് ഒരു വര്‍ഷം വരെ സമയമെടുക്കുന്നതായി ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിറ്റേഴ്+സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം നടത്താന്‍ ഗൂഗിളോ ആപ്പിളോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന തൊഴില്‍ നൈപുണിയുള്ളവര്‍ക്കുള്ള എച്ച് 1 ബി വിസയില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് അപേക്ഷകരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ കൂലങ്കുഷമായി പരിശോധിക്കുന്നത്. അമേരിക്കയിലെ സാങ്കേതിക വിദ്യ രംഗത്തുള്ള കമ്പനികള്‍ പലതും, ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും സാങ്കേതിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താന്‍ എച്ച് 1 ബി വിസയാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം മുതല്‍ എച്ച് 1 ബി വിസയ്ക്ക് പുതിയതായി അപേക്ഷിക്കുമ്പോഴുള്ള ഫീസ് ട്രംപ് ഭരണകൂടം ഒരു പക്ഷം ഡോളറായി ഉയര്‍ത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ്,അവരുടെ ജീവനക്കാരോട് നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ആവശ്യട്ടത്. എച്ച് 1 ബി വിസ ഉള്ളവരോട് അമേരിക്കയില്‍ തന്നെ തുടരാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമ ഇടപെടലുകള്‍ വിശദമായി തന്നെ പരിശോധിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആവേശം മൂത്ത് പോസ്റ്റ് ഇടുന്നവരൊക്ക് ഒന്ന് കരുതലെടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഒരുപക്ഷെ അമേരിക്കയിലെ ജോലിയോ വിദ്യാഭ്യാസമോ ഒക്കെ വെറും സ്വപ്നമായി അവശേഷിച്ചേക്കാം.

Similar News