വിസ അപേക്ഷകളില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയോ വിവരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്യുന്നത് സ്ഥിരമായ വിസ നിരോധനത്തിന് കാരണമാകും; നിയമം ലംഘിച്ചാല്‍ നടപടി; വിസ വൈകുന്നതിനിടെ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുഎസ് എംബസി പുതുവര്‍ഷത്തിന് മുന്നോടിയായി വിസ അപേക്ഷകര്‍ക്കും യാത്രക്കാര്‍ക്കുമായി കര്‍ശനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിസ അനുവദിക്കുന്നതിലെ കാലതാമസവും അപേക്ഷകരുടെ തിരക്കും തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. യുഎസ് വിസ നിയമങ്ങളോ കുടിയേറ്റ നിയമങ്ങളോ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എംബസി വ്യക്തമാക്കി.
വിസ അപേക്ഷകളില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയോ, വിവരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്യുന്നത് സ്ഥിരമായ വിസ നിരോധനത്തിന് കാരണമായേക്കാം. ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകളുടെ എണ്ണം റെക്കോര്‍ഡ് നിലയിലാണെന്നും ഇത് കൈകാര്യം ചെയ്യാന്‍ എംബസി ശ്രമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. വിസ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. വിസ വേഗത്തില്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇടനിലക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അപേക്ഷകരോട് നിര്‍ദ്ദേശിച്ചു. അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞും യുഎസില്‍ തുടരുന്നത് ഭാവിയില്‍ അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് തടസ്സമാകുമെന്ന് എംബസി ഓര്‍മ്മിപ്പിച്ചു.
യുഎസ് വിസയ്ക്കായുള്ള അമിതമായ തിരക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംബസി ആലോചിക്കുന്നുണ്ടെങ്കിലും, യാത്രക്കാര്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഈ മുന്നറിയിപ്പിന്റെ പ്രധാന ലക്ഷ്യം. യുഎസ് നിയമം ലംഘിച്ചാല്‍, നിങ്ങള്‍ക്ക് കാര്യമായ ക്രിമിനല്‍ ശിക്ഷകള്‍ ലഭിക്കും എന്നും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനും രാജ്യത്തിന്റെ അതിര്‍ത്തികളെയും നമ്മുടെ പൗരന്മാരെയും സംരക്ഷിക്കാനും ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് എന്നും എംബസി
വ്യക്തമാക്കി. അതേ സമയം സോഷ്യല്‍ മീഡിയയില്‍ പലരും അമേരിക്കയുടെ ഈ നിലപാടിനെതിരെ രംഗത്ത് വന്നു. യുഎസ് ഭരണകൂടം നിയമപരമായ വഴികളിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു.
'അവസാന നിമിഷം അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കുകയും 4 മാസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്യുന്നത് ക്രൂരതയാണ്. ഡിസംബര്‍ 15 ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എല്ലാ എച്ച്-വണ്‍ ബി.എച്ച് ഫോര്‍ വിസ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയ പരിശോധന ആരംഭിച്ചു. അപേക്ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിച്ച എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഡി.എസ് 160 ഫോമില്‍ പരാമര്‍ശിക്കേണ്ടതുണ്ട്, കൂടാതെ വിസ ഓഫീസര്‍മാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ കടന്നുപോയതിനുശേഷം അപേക്ഷ അംഗീകരിക്കേണ്ടതുണ്ട്. ഇത് സമയമെടുക്കുന്ന പ്രക്രിയയായി മാറിയതിനാല്‍, എംബസി ദിവസേനയുള്ള അഭിമുഖങ്ങളുടെ എണ്ണം കുറയ്ക്കുകയും അടുത്ത വര്‍ഷത്തേക്ക് നൂറുകണക്കിന് അഭിമുഖങ്ങള്‍ പുനഃക്രമീകരിക്കുകയും ചെയ്തു.
നിരവധി എച്ച്.വണ്‍ ബി വിസ ഉടമകള്‍ ഡിസംബറില്‍ വിസ സ്റ്റാമ്പിംഗ് ലഭിക്കാന്‍ ഇന്ത്യയിലേക്ക് പോയി. എന്നാല്‍ കോണ്‍സുലേറ്റുകള്‍ അവരുടെ അഭിമുഖങ്ങള്‍ കുറഞ്ഞത് ആറ് മാസത്തേക്ക് മാറ്റിവച്ചതായി അവരെ അറിയിച്ചു. ആയിരക്കണക്കിന് എച്ച് വണ്‍ ബി വിസ ഉടമകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. കമ്പനികള്‍ അവരെ ഇന്ത്യയില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പലരുടേയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അമേരിക്കന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
