അടിച്ചാല്‍ തിരിച്ചടിക്കും! ട്രംപിന്റെ വിലക്കിന് അതേ നാണയത്തില്‍ മറുപടി നല്‍കി ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും ബുര്‍ക്കിന ഫാസോയും; യുഎസ് പൗരന്മാര്‍ക്ക് പ്രവേശനമില്ല; വൈറ്റ് ഹൗസിനെ ഞെട്ടിച്ച് 'സഹേല്‍' സഖ്യത്തിന്റെ നീക്കം

ട്രംപിന്റെ വിലക്കിന് അതേ നാണയത്തില്‍ മറുപടി നല്‍കി ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും ബുര്‍ക്കിന ഫാസോയും

Update: 2026-01-01 15:54 GMT

വാഷിങ്ടണ്‍: യുഎസ് പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും ബുര്‍ക്കിന ഫാസോയും. തങ്ങളുടെ പൗരന്മാര്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് മറുപടിയായാണ് ഈ രാജ്യങ്ങളുടെ നടപടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്ക് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ഈ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

നേരത്തെ, മാലി, ബുര്‍ക്കിന ഫാസോ കൂടാതെ ദക്ഷിണ സുഡാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഫലസ്തീന്‍ അതോറിറ്റി പാസ്പോര്‍ട്ട് ഉടമകള്‍ക്കും യുഎസ് പൂര്‍ണ്ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യുഎസിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും, സുരക്ഷാ വിലയിരുത്തലുകളില്‍ നിരന്തരവും ഗുരുതരവുമായ പോരായ്മകള്‍ കണ്ടെത്തിയതിനാലാണ് നിയന്ത്രണങ്ങളെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാല്‍, തങ്ങളുമായി മുന്‍കൂര്‍ കൂടിയാലോചനകള്‍ നടത്താതെയാണ് യുഎസ് ഇങ്ങനെയൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് മാലി ഖേദം പ്രകടിപ്പിച്ചു.

മാലിയും ബുര്‍ക്കിന ഫാസോയും വെവ്വേറെ പ്രസ്താവനകളിലൂടെയാണ് തങ്ങളുടെ തീരുമാനം അറിയിച്ചത്. പരസ്പര പ്രതികരണ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നടപടിയെന്ന് ബുര്‍ക്കിന ഫാസോ വിദേശകാര്യ മന്ത്രി കറമോക്കോ ജീന്‍-മാരി ട്രോറേ പറഞ്ഞു. പരസ്പര ബഹുമാനവും പരമാധികാര സമത്വവും പാലിക്കണമെന്ന് മാലി വിദേശകാര്യ മന്ത്രാലയം ബിബിസി ന്യൂസിനോട് പ്രതികരിച്ചു.

ഇതേസമയം, പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറും യുഎസ് പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, നൈജര്‍ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. മാലി, ബുര്‍ക്കിന ഫാസോ, നൈജര്‍ എന്നീ രാജ്യങ്ങള്‍ ജിഹാദി ഭീഷണികളെ ചെറുക്കുന്നതിനും പ്രാദേശിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകരിച്ച സൈനിക നേതൃത്വത്തിലുള്ള 'സഹേല്‍ രാജ്യങ്ങളുടെ സഖ്യം' എന്ന പരസ്പര പ്രതിരോധ, സാമ്പത്തിക കൂട്ടായ്മയിലെ അംഗങ്ങളാണ്. ഈ പരസ്പര യാത്രാവിലക്കുകള്‍ യുഎസും സഹേല്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം വ്യക്തമാക്കുന്നു.

Tags:    

Similar News