മയക്കുമരുന്ന് വേട്ടയില്‍ വിട്ടുവീഴ്ചയില്ല; 2025-ല്‍ മാത്രം കൊലക്കയറിലേറ്റിയത് 356 പേരെ; സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം സര്‍വകാല റെക്കോഡില്‍; എംബിഎസിന്റെ പരിഷ്‌കരണങ്ങള്‍ക്കിടയിലെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം സര്‍വകാല റെക്കോഡില്‍
റിയാദ്: സൗദി അറേബ്യയില്‍ 2025-ല്‍ 356 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യം നടപ്പാക്കുന്ന ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കാണിത്. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് സൗദി വധശിക്ഷകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ റിയാദ് ആരംഭിച്ച 'മയക്കുമരുന്നിനെതിരായ യുദ്ധം' ആണ് വധശിക്ഷകളുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.
മയക്കുമരുന്ന് വേട്ടയും വധശിക്ഷയും
2025-ല്‍ വധിച്ചവരില്‍ 243 പേരും മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണെന്ന് ഔദ്യോഗിക വിവരങ്ങള്‍ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍ 338 പേരെയാണ് സൗദി അധികൃതര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 അവസാനത്തോടെയാണ് മയക്കുമരുന്ന് കേസുകളിലെ വധശിക്ഷ സൗദി പുനരാരംഭിച്ചത്.
അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ, അനധികൃത ഉത്തേജക മരുന്നായ ക്യാപ്റ്റഗോണിന്റെ പ്രധാന വിപണികളിലൊന്നാണ്. പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകാലത്ത് സിറിയയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായിരുന്നു ക്യാപ്റ്റഗോണ്‍ എന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. 2024 ഡിസംബറിലാണ് അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.
മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ ഭാഗമായി സൗദി ഭരണകൂടം ഹൈവേകളിലും അതിര്‍ത്തി കടന്നുപോകുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുവഴി ദശലക്ഷക്കണക്കിന് മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുക്കുകയും ഡസന്‍ കണക്കിന് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ നടപടികളില്‍ വിദേശികളാണ് കൂടുതലും ശിക്ഷിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആധുനിക പ്രതിച്ഛായയും വിമര്‍ശനങ്ങളും
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (MBS) വിഭാവനം ചെയ്യുന്ന 'വിഷന്‍ 2030' പദ്ധതിയിലൂടെ രാജ്യം ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണ്. 2034-ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദിയാകാനും ടൂറിസം മേഖല ശക്തിപ്പെടുത്താനും കോടിക്കണക്കിന് ഡോളറാണ് രാജ്യം ചെലവാക്കുന്നത്. എന്നാല്‍, വധശിക്ഷകള്‍ വര്‍ദ്ധിക്കുന്നത് സൗദി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന 'ലിബറല്‍' പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.
രാജ്യത്തെ പൊതു ക്രമസമാധാനം നിലനിര്‍ത്താന്‍ വധശിക്ഷ അത്യാവശ്യമാണെന്നും എല്ലാ അപ്പീല്‍ സാധ്യതകളും പരിശോധിച്ച ശേഷമേ ശിക്ഷ നടപ്പിലാക്കാറുള്ളൂ എന്നുമാണ് സൗദി അധികൃതരുടെ ഔദ്യോഗിക നിലപാട്. 1990 മുതല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സൗദിയിലെ വധശിക്ഷകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു മുന്‍പുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, 2023-ല്‍ ചൈനയ്ക്കും ഇറാനും പിന്നില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരെ വധിച്ച മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ.
