റോജാസ് തടവിലായിരുന്നത് താന്‍ കാരണമാണെന്നും അയാള്‍ ഒരു 'യുദ്ധത്തടവുകാരന്‍' ആണെന്നും മഡുറോ; കോടതിയില്‍ പൊട്ടിത്തെറിച്ച് വെനസ്വേലയുടെ 'അധികാരി'; കൈകളില്‍ വിലങ്ങും കാലുകളില്‍ ചങ്ങലയും; ന്യൂയോര്‍ക്ക് കോടതിയില്‍ നാടകീയ രംഗങ്ങള്‍

Update: 2026-01-06 01:47 GMT

ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ കോടതിയില്‍ ആദ്യമായി ഹാജരായപ്പോള്‍ നാടകീയ രംഗങ്ങള്‍. വിചാരണയ്ക്കിടെ താന്‍ മഡുറോയുടെ ഭരണകൂടത്താല്‍ തടവിലാക്കപ്പെട്ട വ്യക്തിയാണെന്ന് അവകാശപ്പെട്ട ഒരാളുമായി മഡുറോ കോടതിയില്‍ വച്ച് നേരിട്ട് വാഗ്വാദത്തിലേര്‍പ്പെട്ടു. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ കടുത്ത ശിക്ഷാ നടപടികള്‍ മഡുറോ നേരിടേണ്ടി വരുമെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രസ്താവിച്ചതിന് പിന്നാലെയായിരുന്നു ഈ സംഭവങ്ങള്‍.

തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയിലാണ് 30 മിനിറ്റ് നീണ്ട പ്രാഥമിക വാദം നടന്നത്. താന്‍ അമേരിക്കന്‍ സൈന്യത്താല്‍ 'തട്ടിക്കൊണ്ടുപോകപ്പെട്ട' പ്രസിഡന്റാണെന്ന് മഡുറോ കോടതിയില്‍ വിളിച്ചുപറഞ്ഞു. ഇതിനിടെ പബ്ലിക് ഗാലറിയില്‍ ഇരുന്ന പെഡ്രോ റോജാസ് എന്നയാള്‍ മഡുറോ തന്റെ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ മഡുറോ തിരിച്ചു ആക്രോശിച്ചു. റോജാസ് തടവിലായിരുന്നത് താന്‍ കാരണമാണെന്നും അയാള്‍ ഒരു 'യുദ്ധത്തടവുകാരന്‍' ആണെന്നും മഡുറോ വിളിച്ചുപറഞ്ഞു. 2019-ല്‍ മഡുറോ ഭരണകൂടം തന്നെ മാസങ്ങളോളം ജയിലിലടച്ചിരുന്നുവെന്ന് പിന്നീട് റോജാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

63 കാരനായ മഡുറോ നീല ടീഷര്‍ട്ടും തടവുകാര്‍ക്കുള്ള പാന്റും ധരിച്ചാണ് കോടതിയിലെത്തിയത്. അദ്ദേഹത്തിന്റെ കൈകളില്‍ വിലങ്ങും കാലുകളില്‍ ചങ്ങലയും ഉണ്ടായിരുന്നു. മഡുറോയുടെ ഭാര്യ 69 കാരിയായ സീലിയ ഫ്‌ലോറസിനെയും സമാനമായ രീതിയില്‍ കോടതിയില്‍ ഹാജരാക്കി. സീലിയയുടെ മുഖത്ത് മര്‍ദ്ദനമേറ്റത് പോലെയുള്ള പാടുകളും പരിക്കുകളും ദൃശ്യമായിരുന്നു. സൈനിക നടപടിക്കിടെ സീലിയയുടെ വാരിയെല്ലുകള്‍ക്ക് ഒടിവോ ഗുരുതരമായ പരിക്കോ പറ്റിയിട്ടുണ്ടാകാമെന്നും അതിനാല്‍ അവര്‍ക്ക് എക്‌സ്-റേ പരിശോധന നടത്തണമെന്നും പ്രതിഭാഗം വക്കീല്‍ ആവശ്യപ്പെട്ടു.

താന്‍ നിരപരാധിയാണെന്നും ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്നും മഡുറോ കോടതിയില്‍ വാദിച്ചു. 'ഞാന്‍ ഒരു മാന്യനാണ്, ഞാന്‍ നിരപരാധിയാണ്,' എന്നാണ് അദ്ദേഹം ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീനോട് പറഞ്ഞത്. എന്നാല്‍, ലഹരിക്കടത്ത്, നാര്‍ക്കോ ടെററിസം തുടങ്ങിയ ഗുരുതരമായ നാല് കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അഭിഭാഷകനായിരുന്ന ബാരി പൊള്ളാക്കാണ് മഡുറോയ്ക്ക് വേണ്ടി ഹാജരായത്.

ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ സൈനികമായി തട്ടിക്കൊണ്ടുപോയത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. കേസ് അടുത്തതായി മാര്‍ച്ച് 17-ലേക്ക് മാറ്റി. ജാമ്യം അനുവദിച്ചില്ലാത്തതിനാല്‍ മഡുറോയും ഭാര്യയും ജയിലില്‍ തന്നെ തുടരും.

Similar News