ജീവിത ചെലവ് താങ്ങാനാവുന്നില്ല; സുരക്ഷാ പേരിന് പോലുമില്ല; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു; പോയ വര്‍ഷം ലണ്ടനില്‍ നിന്ന് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയത് നാല് ലക്ഷത്തില്‍ അധികം പേര്; പകരം എത്തുന്നത് വിദേശികള്‍; ആശങ്കയോടെ ബ്രിട്ടന്‍
ലണ്ടന്‍: ഒരുകാലത്ത് ലോകമാകമാനമുള്ള ആളുകളുടെ സ്വപ്ന നഗരിയായിരുന്നു ബ്രിട്ടീഷ് തലസ്ഥാനം ഇന്ന്, സാവധാനം, ആര്‍ക്കുമാര്‍ക്കും വേണ്ടാതാവുകയാണോ ? ഒരോ 75 സെക്കന്‍ഡിലും ഒരാള്‍ വീതം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്നു എന്നാണ് ഡെയിലി മെയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 -ല്‍ 4,15,000 പേരാണ് തലസ്ഥാന നഗരം വിട്ട് മറ്റ് കൗണ്ടികളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഒക്കെ കുടിയേറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ലണ്ടനിലേക്ക് പുതിയതായി കടന്നുവന്ന 2,87,000 പേരില്‍ 1,28,000 പേര്‍ കുടിയേറ്റക്കാരായിരുന്നു. ചരിത്രത്തിലെ തന്നെ ഒരു റെക്കോര്‍ഡാണിത്.
വീടുകളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിച്ചതോടെ യുവാക്കളാണ് കൂടുതലും കുടുംബവുമായി ലണ്ടന്‍ വിട്ട് പോകുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. അതോടൊപ്പം, കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകളും ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ അനുവദിച്ചത് മേയര്‍ സാദിഖ് ഖാനാണെന്ന്, റിഫോം യു കെയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ലൈല കണ്ണിംഗ്ഹാം ആരോപിക്കുന്നു. ക്രിമിനലുകളുടെ പിടിയില്‍ നിന്നും നഗരം തിരിച്ചു പിടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.
ലണ്ടന്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍, യുവാക്കള്‍ കൂട്ടമായി നഗരം വിടുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ മേയറായാല്‍, മെറ്റ് പോലീസ് കൈകാര്യം ചെയ്യുക ഗ്രൂമിംഗ് ഗ്യാംഗുകളെയും യഥാര്‍ത്ഥ ക്രിമിനലുകളെയും ആയിരിക്കുമെന്നും, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യുന്നവരെയായിരിക്കില്ലെന്നും ലൈല കണ്ണിംഗ്ഹാം വ്യക്തമാക്കുന്നു. ഫോട്ടോ എടുക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ മാത്രമായി നടക്കുന്ന ഒരു മേയര്‍ ദീര്‍ഘകാലം ഭരിച്ചതാണ് നഗരം തകരാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഒഴിച്ച്, ഇംഗ്ലണ്ടിലെ മറ്റ് മേഖലകളിലെല്ലാം തന്നെ ആഭ്യന്തര കുടിയേറ്റകാര്യത്തില്‍ വര്‍ദ്ധനവാണ് 2024 ല്‍ രേഖപ്പെടുത്തിയത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നിന്ന്, അവിടേക്ക് വന്നവരേക്കാള്‍ 2100 പേര്‍ ആധികമായി അവിടം വിട്ടുപോയി. അതേസമയം, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലേക്ക് 28,600 പേരാണ് ഇവിടം വിട്ടുപോയവരെക്കാള്‍ അധികമായി വന്നത്. ലണ്ടനിലെ 32 ബറോകളില്‍ മാത്രമാണ് ആഭ്യന്തര കുടിയേറ്റം പോസിറ്റിവ് കാണിച്ചത്. ഹാവേറിംഗില്‍, അവിടെനിന്നും പോയവരെക്കാള്‍ 2100 പേര്‍ കൂടുതലായി വന്നപ്പോള്‍, ബെക്‌സിലിയില്‍ 600 പേര്‍ അധികമായി വന്നു.
ഏറ്റവും അധികം ആളുകള്‍ വിട്ടുപോയത് ന്യൂഹാമില്‍ നിന്നാണ്. ഇവിടേക്ക് വന്നവരേക്കാള്‍, 15,000 പേരാണ് അധികമായി ഇവിടം വിട്ടുപോയത്. ലണ്ടന്‍ മൊത്തമായി പരിഗണിച്ചാല്‍ ഇവിടേക്ക് വന്നവരേക്കാള്‍ 1,28,200 പേരാണ് ഇവിടം വിട്ടു പോയത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഈ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം 2023 ലും 2021 ലും മാത്രമാണ് ഇതിനേക്കാള്‍ അധികം പേര്‍ നഗരം വിട്ട് പോയിട്ടുള്ളത്. ബിര്‍മ്മിംഗ്ഹാം, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളുടെ വളര്‍ച്ചയും ഇക്കാര്യത്തില്‍ ലണ്ടന് ഒരു പ്രതികൂല ഘടകമായിട്ടുണ്ട് എന്നതും ഒരു വസ്തുത തന്നെയാണ്.
