ഊര്‍ജ്ജരംഗത്ത് വന്‍ കുതിപ്പിന് ഇന്ത്യയും യു.എ.ഇയും; 3 ബില്യണ്‍ ഡോളറിന്റെ എല്‍.എന്‍.ജി കരാറില്‍ ഒപ്പുവച്ചു; 2032-ഓടെ വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യം
യു.എ.ഇയുമായി 3 ബില്യണ്‍ ഡോളറിന്റെ എല്‍.എന്‍.ജി കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. 2032 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 200 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനാണ് ഇന്ത്യയും യുഎഇയും സമ്മതിച്ചിട്ടുള്ളത്. പുതിയ കരാര്‍ പ്രകാരം, അബുദാബിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അഡ്നോക്ക് 2028 മുതല്‍ 10 വര്‍ഷത്തേക്ക്, ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന് 3 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള എല്‍.എന്‍.ജി വിതരണം ചെയ്യും. അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ തീരുവ ചുമത്തിയതിനുശേഷം, യു.കെ, ഒമാന്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരബന്ധം വൈവിധ്യവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്.
2032 ഓടെ ഇന്ത്യ അത് 200 ബില്യണ്‍ ഡോളറായി ഉയര്‍ത്തും. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ 10 വര്‍ഷത്തെ എല്‍.എന്‍.ജി വിതരണ കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം, അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, 2028 മുതല്‍ 10 വര്‍ഷത്തേക്ക് 3 ബില്യണ്‍ ഡോളര്‍ വരെ വിലയുള്ള എല്‍എന്‍ജി ഇന്ത്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന് നല്‍കും.
ഈ കരാറോടെ, ഇന്ത്യ ഇപ്പോള്‍ യുഎഇയുടെ എല്‍എന്‍ജിയുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറിയിരിക്കുകയാണ്. 2029 ഓടെ വില്‍പ്പനയുടെ 20% വഹിക്കുമെന്ന് അഡ്‌നോക് അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2022 ല്‍ ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. വാണിജ്യ മന്ത്രാലയത്തിന്റെ പിന്തുണയുള്ള സംരംഭമായ ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 2025 സെപ്റ്റംബര്‍ വരെ ഇന്ത്യ അബുദാബിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു യു.എ.ഇ. 3.5 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വാഷിംഗ്ടണ്‍ 50% തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സമ്മര്‍ദ്ദത്തിലായ സമയത്താണ് യുഎഇയുമായുള്ള വ്യാപാരം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതി. ഈ വര്‍ഷം പകുതിയോടെ ഇന്ത്യ ന്യൂസിലന്‍ഡുമായി കരാറില്‍ ഒപ്പ് വെയ്ക്കും. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടുമായി ചര്‍ച്ച നടത്തിയിരുന്നു.
