ഇറാനിലെ രഹസ്യ ആണവ കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തിയത് അമേരിക്കയോ? പശ്ചിമേഷ്യയില്‍ യുദ്ധഭീതി പരത്തി അമേരിക്കന്‍ നാവികസേനയും എത്തി; കര്‍ശന മുന്നറിയിപ്പുമായി ട്രംപ്; മൂന്നാം ലോക മഹായുദ്ധം പടിവാതിക്കലില്‍ എന്ന് ആശങ്ക; പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാം

Update: 2026-01-28 01:05 GMT

ടെഹ്റാന്‍/വാഷിംഗ്ടണ്‍: ഇറാനില്‍ അമേരിക്ക ആക്രമണം തുടങ്ങിയോ? ഇറാന്റെ അതീവ സുപ്രധാനമായ പാര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ദുരൂഹ സ്‌ഫോടനത്തെത്തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ആണവായുധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ സംശയിക്കുന്ന പാര്‍ച്ചിനിലെ സ്‌ഫോടനത്തിന് പിന്നാലെ, വന്‍ സന്നാഹങ്ങളുമായി അമേരിക്കന്‍ നാവികസേന മേഖലയില്‍ തമ്പടിച്ചത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു.

ചൊവ്വാഴ്ചയാണ് പാര്‍ച്ചിന്‍ സൈനിക കോംപ്ലക്സിനുള്ളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇറാന്‍ അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഉപഗ്രഹ ചിത്രങ്ങള്‍ സ്‌ഫോടനം നടന്നതായി സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന ഈ കേന്ദ്രത്തിലെ പുതിയ സംഭവം അട്ടിമറിയാണോ അതോ അപകടമാണോ എന്നത് വ്യക്തമല്ല. ഈ സംഭവമാണ് അമേരിക്കന്‍ ആ്ക്രമണം ഇറാനില്‍ തുടങ്ങിയോ എന്ന സംശയം ശക്തമാക്കുന്നത്.

അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനി കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കണ്‍' സ്ട്രൈക്ക് ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ നങ്കൂരമിട്ടു. ഇറാന്റെ ഏതു നീക്കത്തെയും നേരിടാന്‍ സജ്ജമായാണ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍ അടക്കമുള്ള സന്നാഹങ്ങളുമായി അമേരിക്കന്‍ സേന എത്തിയിരിക്കുന്നത്.

ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നത് തുടര്‍ന്നാല്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്കും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 6,126 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇതില്‍ 5,777 പ്രതിഷേധക്കാരും 86 കുട്ടികളും ഉള്‍പ്പെടുന്നു. 41,800-ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപരോധവും ഭരണകൂടത്തിന്റെ കെടുകമൃ്യസ്ഥതയും കാരണം ഇറാന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണ്.

വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കെ, പുതിയ സ്‌ഫോടനവും അമേരിക്കന്‍ നീക്കങ്ങളും മേഖലയെ വന്‍യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

Similar News