ജോലി എളുപ്പമാക്കാന്‍ നോക്കി അബദ്ധം പറ്റിയതോ? അമേരിക്കയുടെ സൈബര്‍ രഹസ്യരേഖകള്‍ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്തു; മോണിറ്ററിംഗ് സിസ്റ്റം 'അലര്‍ട്ട്' അടിച്ചതോടെ കള്ളിവെളിച്ചത്തായി! ട്രംപ് ഭരണകൂടത്തെ നടുക്കി വന്‍ സുരക്ഷാ വീഴ്ച; യു എസ് സൈബര്‍ ഏജന്‍സി തലവന്‍ പുറത്തേക്ക്?
വാഷിംഗ്ടണ്‍ ഡിസി: യു എസ് സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകള്‍ അമേരിക്കയുടെ സൈബര്‍ ഏജന്‍സി തലവന്‍ ചാറ്റ് ജിപിടിയുടെ പൊതുവെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തതായി കണ്ടെത്തിയതില്‍ അന്വേഷണം. സുരക്ഷ മുന്‍ കരുതലുകള്‍ പാലിക്കാതെയാണ് അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിവരങ്ങള്‍ ചാറ്റ് ജിപിടിയില്‍ പങ്കുവെച്ചത്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (CISA) ആക്ടിംഗ് ഡയറക്ടര്‍ മധു ഗോട്ടുമുക്കാലയാണ് ജോലി ആവശ്യങ്ങള്‍ക്കായി AI പ്ലാറ്റ്ഫോമില്‍ കോണ്‍ട്രാക്റ്റിംഗ്, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ പങ്കിട്ടതായി കണ്ടെത്തിയത്. യുഎസ് സൈബര്‍ ഏജന്‍സിയുടെ വന്‍ പിഴവെന്നാണ് വിമര്‍ശനം. ഇന്ത്യന്‍ വംശജനായ ഉന്നത ഉദ്യോഗസ്ഥനാണ് സംശയത്തിന്റെ നിഴലിലുള്ളത്.
2025 മെയ് മുതല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമാണ് ഡോ. മധു ഗോട്ടുമുക്കാലയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സെന്‍സിറ്റീവ് വിവരങ്ങള്‍ ഐ.ഐ ടൂളുകളില്‍ അപ്ലോഡ് ചെയ്തുവെന്നാണ് ആരോപണം. സിസയുടെ ഡയറക്ടറായിരിക്കെ നിതിന്‍ ഖന്ന സുപ്രധാന രേഖകള്‍ ചാറ്റ് ജിപിടിയില്‍ നല്‍കിയതായി ഇന്റേണല്‍ ഓഡിറ്റിംഗിലാണ് കണ്ടെത്തിയത്.
രേഖകള്‍ ചുരുക്കാനോ പുനര്‍ക്രമീകരിക്കാനോ വേണ്ടിയാകാം അദ്ദേഹം ഈ സംവിധാനം ഉപയോഗിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍, വ്യക്തിവിവരങ്ങളും സുരക്ഷാ രേഖകളും പൊതുവായ ഐ.ഐ പ്ലാറ്റ്ഫോമുകളില്‍ നല്‍കുന്നത് അമേരിക്കന്‍ സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. സംഭവം പുറത്തായതോടെ ഇദ്ദേഹം സ്ഥാനത്തുനിന്നും നീക്കപ്പെട്ടതായാണ് സൂചന.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള കര്‍ശനമായ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍. ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ക്കും മറ്റു സാങ്കേതിക വിദ്യകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഏജന്‍സിയാണ് സിസ. എന്നാല്‍ ഏജന്‍സിയുടെ തലപ്പത്തുള്ളവര്‍ തന്നെ സുരക്ഷാ വീഴ്ച വരുത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ എഫ്.ബി.ഐ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാറ്റ് ജിപിടിയുടെ പൊതു പതിപ്പിലേക്ക് അപ്ലോഡ് ചെയ്യുന്ന എല്ലാ വിവരങ്ങളും എഐ ടൂള്‍ ഉടമയായ ഓപ്പണ്‍ എഐയുമായി പങ്കിടും, അതായത് ആപ്പിന്റെ മറ്റ് ഉപയോക്താക്കളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇത് ഉപയോഗിക്കാം. ഓപ്പണ്‍ എഐയുടെ ആപ്പിന് ആകെ 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. അതിനാല്‍ അമേരിക്കയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പുറത്താകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വംശജനായ മധു ഗോട്ടുമുക്കാല സിഐഎസ്എയുടെ ആക്ടിംഗ് ഡയറക്ടറാണ്. റഷ്യയുമായും ചൈനയുമായും ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ സൈബര്‍ ഭീഷണികളില്‍ നിന്ന് രാജ്യത്തിന്റെ ഫെഡറല്‍ നെറ്റ്വര്‍ക്കുകളെ സംരക്ഷിക്കുന്നതാണ് പ്രധാന ചുമതല. 2025 മെയ് മുതല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (CISA) ഡെപ്യൂട്ടി ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമാണ് ഡോ. മധു ഗോട്ടുമുക്കാല.
മിക്ക ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) ജീവനക്കാര്‍ക്കും ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ ഏജന്‍സിയില്‍ ചുമതലയേറ്റതിന് പിന്നാലെ പ്രത്യേക അനുമതി വാങ്ങിയാണ് മധു ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഉപയോഗം അതിരുവിട്ടതോടെ സുരക്ഷാ സിസ്റ്റം 'അലര്‍ട്ട്' അടിച്ചു. ഓഗസ്റ്റ് ആദ്യവാരം മാത്രം ഒന്നിലധികം തവണ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ മോണിറ്ററിംഗ് സംവിധാനം കണ്ടെത്തി.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന പബ്ലിക് വേര്‍ഷന്‍ ചാറ്റ് ജിപിടിയിലാണ് മധു രേഖകള്‍ അപ്ലോഡ് ചെയ്തത്. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ ചാറ്റ് ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ (OpenAI) ശേഖരിക്കുകയും മറ്റ് ഉപയോക്താക്കള്‍ക്ക് മറുപടി നല്‍കാന്‍ ഉപയോഗിക്കുകയും ചെയ്‌തേക്കാം. സര്‍ക്കാര്‍ രേഖകള്‍ ഇത്തരത്തില്‍ പൊതു പ്ലാറ്റ്ഫോമില്‍ എത്തുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രേഖകള്‍ ക്ലാസിഫൈഡ് അല്ലെങ്കിലും 'ഔദ്യോഗിക ആവശ്യത്തിന് മാത്രം' (Official Use Only) എന്ന് രേഖപ്പെടുത്തിയവയായിരുന്നു ഇവ.
മധു ഗോട്ടുമുക്കലയുടെ ഭരണകാലം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ആറോളം ജീവനക്കാരെ നിര്‍ബന്ധിത പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയതും വിവാദമായിരുന്നു. ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ റോബര്‍ട്ട് കോസ്റ്റെല്ലോയെ പുറത്താക്കാന്‍ ശ്രമിച്ചതും രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയില്‍ പെരുമാറിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്.
