ബംഗ്ലാദേശിയോ? മ്യാന്മാര്‍ കാരനോ? 20 കൊല്ലമായിട്ടും തീരുമാനത്തില്‍ എത്താതെ ബ്രിട്ടീഷ് ഹോം ഓഫീസ്...നാട് കടത്തല്‍ റദ്ദ് ചെയ്തു കോടതി; ഒരു വര്‍ഷത്തില്‍ അധികം തടവ് ശിക്ഷ അനുഭവിക്കേണ്ട വിദേശികളെ നാട് കടത്താന്‍ ഡെന്മാര്‍ക്ക്; വിസയില്ലാതെ ഇനി ബ്രിട്ടീഷുകാര്‍ക്ക് ചൈനയിലേക്ക് യാത്ര

Update: 2026-01-31 01:28 GMT

ലണ്ടന്‍: ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് പ്രവേശിച്ച മനുഷ്യന്‍ ഏത് രാജ്യക്കാരനാണെന്ന് തെളിയിക്കാന്‍ ആകാതെ വലയുകയാണ് ബ്രിട്ടീഷ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ്. എം എസ് എന്ന് മാത്രം രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ മുസ്ലീം മതവിശ്വാസിയായ മനുഷ്യന്‍ നാടുകടത്താനുള്ള വിധിക്കെതിരെ ഒരു ട്രൈബ്യൂണലില്‍ നിന്നും അനുകൂല തീരുമാനം നേടിയെടുത്തിരുന്നു. 2008 ല്‍ വ്യാജ പാസ്സ്‌പോര്‍ട്ടുമായി യു കെയില്‍ എത്തിയ ഇയാള്‍ 2015 ല്‍ ആയിരുന്നു അഭയത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.

മ്യാന്മാറില്‍ നിന്നുള്ള രോഹിംഗ്യ മുസ്ലീം ആണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഹോം ഓഫീസ് ഈ വാദം അംഗീകരിക്കുന്നില്ല. രാജ്യത്ത് എത്തി നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ മ്യാന്മാര്‍ പൗരനാണോ ബംഗ്ലാദേശ് പൗരനാണോ എന്ന് സംശയത്തിനതീതമായി തെളിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത. ഏതായാലും, ഇപ്പോള്‍ അയാള്‍ നാടുകടത്തുന്നതിനെതിരെ ഇമിഗ്രേഷന്‍ കോടതിയില്‍ നിന്നും വിധി സമ്പാദിച്ചിരിക്കുകയാണ്.

രോഹിംഗ്യ മുസ്ലീങ്ങളെ രാജ്യമില്ലാത്തവരായി പരിഗണിക്കപ്പെടുന്നതിനാല്‍ അഭയം ലഭിക്കാന്‍ സാധ്യത കൂടുതലാണ് ഇയാള്‍ കോടതിയില്‍ ഹാജരാക്കിയ റോഹിംഗ്യ റെഫ്യൂജി ഫാമിലി ബുക്ക് ഇയാളുടേതല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇയാള്‍ ബംഗ്ലാദേശില്‍ അഭയാര്‍ത്ഥിയായി റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് ഒരു ഈമെയില്‍ സന്ദേശം ലഭിച്ചിട്ടുമുണ്ട്.

വിദേശ തടവുകാരെ നാട് കടത്താന്‍ ഡെന്മാര്‍ക്ക്

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ അനുഭവിച്ച വിദേശ കുറ്റവാളികളെ നാടുകടത്താന്‍ ഡെന്മാര്‍ക്ക് തീരുമാനിച്ചു. കുടിയേറ്റ നയം കൂടുതല്‍ കര്‍ക്കശമാകുന്നതിന്റെ ഭാഗമായിട്ടാണിത്. ഇമിഗ്രേഷന്‍ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ നിയമമനുസരിച്ച് കുറ്റവാളികളെ അത്രയെളുപ്പം പുറത്താക്കാന്‍ കഴിയില്ല. സ്വകാര്യ ജീവിതത്തിനും കുടുംബ ജീവിതത്തിനും ഉള്ള അവകാശം സംരക്ഷിക്കുന്നതും, മനുഷ്യത്വരഹിതമായ പെരുമാറ്റം വിലക്കുന്നതുമായ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ഭാഗമായ ഡെന്മാര്‍ക്കിന് അവയെല്ലാം അനുസരിക്കാനുള്ള ബാദ്ധ്യതയുണ്ട്.

യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സ് (ഇ സി എച്ച് ആര്‍) പരിഷ്‌കരിക്കണമെന്ന് അടുത്ത കാലത്ത് ബ്രിട്ടനോടൊപ്പം ഡെന്മാര്‍ക്കും ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചിരുന്ന്, തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി ഇത് തിരുത്തിയെഴുതണം എന്നാണ് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സെന്‍ പറഞ്ഞത്. അതല്ലാതെ കുറ്റവാളികളുടെ അവകാശം സംരക്ഷിക്കാനാകരുത് മുന്‍ ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ നിയമങ്ങള്‍ എഴുതിയുണ്ടാക്കുമ്പോള്‍, മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ആരെങ്കിലും ഇത്ര മനോഹരമായ രാജ്യത്തേക്ക് വരുമെന്നോ ഇവിടത്തെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരകള്‍ അക്രമികളാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്ക് വിസയില്ലാതെ ഇനി ചൈനയിലേക്ക് യാത്ര

അടുത്തിടെയാണ് ബ്രിട്ടീഷുകാര്‍ക്ക് വിസയില്ലാതെ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ചൈന അനുമതി നല്‍കിയത്. തന്റെ ബെയ്ജിംഗ് സന്ദര്‍ശനത്തിനിടെ ജനുവരി 29 ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഇക്കാര്യം ഒന്നുകൂടി ഉറപ്പാക്കുകയും ചെയ്തു. 30 ദിവസത്തില്‍ താഴെ സമയത്തേക്ക് ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ഇനി മുതല്‍ വിസ ആവശ്യമില്ല എന്ന് ഡൗണിംഗ് സ്ട്രീറ്റ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികള്‍ക്കും, ഔദ്യോഗികാവശ്യങ്ങള്‍ക്കായി സന്ദര്‍ശനം നടത്തുന്ന ബിസിനിസ്സുകാര്‍ക്കും ഇത് ഒരുപോലെ ബാധകമായിരിക്കും.

എന്നാല്‍, ഇത് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നകാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് വെന്‍ഡി വു ടൂര്‍സ് സ്ഥാപകനായ വെന്‍ഡി വു ഇന്‍ഡിപെന്‍ഡന്റ് പത്രത്തിനോട് പറഞ്ഞത്. വരുന്ന തിങ്കളാഴ്ച്ച മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ക്ക് വിസ ഇല്ലാതെ ചൈന സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെത് ഒരു പ്രവചനം മാത്രമാണെന്നും ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് ചൈനീസ് സര്‍ക്കാര്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പടെ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ വിസയില്ലാതെ ചൈന സന്ദര്‍ശിക്കാം. പുതിയ തീരുമാനം വന്നതോടെ ബ്രിട്ടനും അക്കൂട്ടത്തില്‍ ഉള്‍പ്പെടുകയാണ്. നിലവിലെ നിയമപ്രകാരം ബ്രിട്ടീഷുകാര്‍ക്ക് ചൈന സന്ദര്‍ശിക്കണമെങ്കില്‍ 130 പൗണ്ട് മുടക്കി വിസ എടുക്കണം.

Similar News